Flash News

6/recent/ticker-posts

27 രാസകീടനാശിനികളുടെ നിരോധനം കേന്ദ്ര നിര്‍ദേശങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍.

Views

രാജ്യത്ത് ഇപ്പോഴും ലൈസന്‍സ് നല്‍കിവരുന്ന 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതും എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ലൈസന്‍സ് നല്‍കിവരുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ കരട് നിര്‍ദേശങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചത്.

കൃഷിയിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോണ്‍ 2,4 – ഡി എന്നിവയടക്കം 27 കീടനാശിനികളാണ് നിരോധനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതിനോടൊപ്പം ചില നിര്‍ദേശങ്ങള്‍ കൂടി കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ലിസ്റ്റ് ചെയ്തിട്ടുള്ള കീടനാശിനികളുടെ നിരോധനം എത്രയും വേഗം നടപ്പിലാക്കണമെന്നും എന്നാല്‍ ഇവയുടെ നിരോധനം പുതുതലമുറ കീടനീശിനികളുടെ കടന്നു കയറ്റത്തിന് വഴിതെളിക്കരുതെന്നും സംസ്ഥാനം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതുതലമുറ കീടനാശിനികള്‍ വളരെ കുറഞ്ഞ അളവില്‍ തന്നെ പ്രവര്‍ത്തിക്കുന്നവയും വില കൂടിയവയുമാണ്. അതുകൊണ്ടുതന്നെ അവ നിലവിലെ രാസകീടനാശിനികളേക്കാള്‍ അപകടകാരികളുമാണ്. അത്തരം നൂതന രാസകീടനാശിനികള്‍ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കരുത്. അതോടൊപ്പം ജൈവ ശാസ്ത്രീയമായ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ സുലഭമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും അതിന് സാങ്കേതിക സാമ്പത്തിക സഹായവും സംസ്ഥാനത്തിന് നല്‍കണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

രാസകീടനാശിനികളുടെ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ പ്രത്യേക പാക്കേജ് കൂടി കേന്ദ്രം പ്രഖ്യാപിക്കണം. ഓരോ വിളകള്‍ക്കും പ്രത്യേക ജൈവ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് സഹായവും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍, മണ്ണിന്റെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികള്‍, ഇക്കോളജിക്കല്‍ എന്‍ജീനിയറിംഗ് കൃഷിരീതികള്‍, മിത്രകീടങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവ വ്യാപകമായി നടപ്പാക്കണം. എല്ലാ ബ്ലോക്കുകളിലും പാരസൈറ്റ് ബ്രീഡിംഗ് സെന്ററുകള്‍, ജില്ലകളില്‍ ബയോകണ്‍ട്രോള്‍ ലാബ് എന്നിവ സ്ഥാപിക്കണം. പെട്ടെന്നുള്ള കീടനാശിനികളുടെ നിരോധനം പ്രാവര്‍ത്തികമാകുമ്പോള്‍ ഇത്തരം ജൈവ ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ കൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി സൂചിപ്പിച്ചു.

ജൈവ വളത്തിന്റെ ലഭ്യതയ്ക്കായി പച്ചിലവളച്ചെടികള്‍, മണ്ണിന്റെ ജൈവാംശം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എന്നിവ കാമ്പയിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ടി വരും. ഇതിനുള്ള സാങ്കേതിക സാമ്പത്തിക സഹായവും സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അസഫേറ്റ്, അട്രാസിന്‍, ബെന്‍ഫുറോകാര്‍ബ്, ബ്യൂട്ടാക്ലോര്‍, ക്യാപ്റ്റാന്‍, കാര്‍ബോഫുറാന്‍, ക്ലോര്‍പൈറിഫോസ്, പെന്‍ഡിമെതാലിന്‍, ക്വിനാല്‍ഫോസ്, സള്‍ഫോസള്‍ഫുറോണ്‍, തയോഡികാര്‍ബ്, തയോഫാനേറ്റ് ഇമെഥൈല്‍, തൈറാം, 2, 4-ഡി, ഡെല്‍റ്റാമൊതിന്‍, ഡൈക്കോഫോള്‍, ഡൈമെതോയോറ്റ്, ഡിനോകാപ്, മാലത്തിയോണ്‍, മാങ്കോസെബ്, മെതോമിന്‍, മോണോക്രോട്ടോഫോസ്, ഓക്സിഫ്ലൂര്‍ഫെന്‍, സിനെബ്, സിറം എന്നീ 27 കീടനാശിനികളാണ് ഇപ്പോള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനിച്ച് കരട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന കളനാശിനികളും ഉള്‍പ്പെടുന്നുണ്ട്


Post a Comment

0 Comments