Flash News

6/recent/ticker-posts

ജാഗ്രത; ഫോണിലും കറന്‍സിയിലും കൊറോണ വൈറസ് 28 ദിവസം നിലനില്‍ക്കുമെന്ന് പുതിയ പഠനം

Views
ലണ്ടന്‍: ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ  എണ്ണം ദിനംപ്രതി  വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളും ശാസ്ത്രലോകത്ത് തുടരുകയാണ്. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് ഫോണിലും, കറന്‍സിയിലും, സ്റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ്. 

ഓസ്ട്രേലിയയിലെ സി.എസ്.ഐ.ആര്‍.ഒയുടെ (കോമണ്‍വെല്‍ത്ത് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പഠനമാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ പ്രകാശമുള്ള സ്ഥലത്തല്ല ഈ പഠനം നടന്നത് എന്നും ഗവേഷകര്‍ പറയുന്നു. 

ഉപരിതലങ്ങളില്‍ വൈറസ് എത്രകാലം നിലനില്‍ക്കുന്നു എന്നതില്‍ സൂചനകള്‍ ലഭിക്കുമ്പോള്‍ വൈറസിന്റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്  കൊറോണ വൈറസ് ഗ്ലാസ്സിലും, കറന്‍സിയിലും, സ്റ്റെയിന്‍ലസ് സ്റ്റീലിലുമൊക്കെ ഇത്രയും ദിവസം സജീവമായി നിലകൊണ്ടത്. കൂടുതല്‍ താപനിലയില്‍  വൈറസിന് അതിജീവിക്കാന്‍ ചിലപ്പോള്‍ സാധിക്കില്ലെന്നും പഠനത്തില്‍ പറയുന്നു.

ലോഹഭാഗങ്ങള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയവയിലൂടെ കൊവിഡ് പകരാം. വായുവിലൂടെയും മലിനജലത്തിലൂടെയും കൊവിഡ് പകരാമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ബാങ്ക് നോട്ടുകളിലും ഗ്ലാസിലും രണ്ട്-മൂന്ന് ദിവസം വരെയൊക്കെ കൊറോണ വൈറസ് നിലനില്‍ക്കുമെന്നായിരുന്നു നേരത്തെ വന്ന കണ്ടെത്തലുകള്‍.

കൈകള്‍ കഴുകുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ പഠനം.



Post a Comment

0 Comments