Flash News

6/recent/ticker-posts

പാറമടകളും (ക്വാറി) ജനവാസകേന്ദ്രങ്ങളുമായുള്ള ദുരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാസമിതി. പാറമടപ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി പാറമട ഉടമകളുടെ ചെലവിൽ.

Views
📲ജനവാസമേഖലയിലെ പാറമടകൾ: 200 മീറ്റർ അകലം വേണമെന്ന് നിയമസഭാസമിതി.


തിരുവനന്തപുരം:പാറമടകളും (ക്വാറി) ജനവാസകേന്ദ്രങ്ങളുമായുള്ള ദുരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാസമിതി. പാറമടപ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി പാറമട ഉടമകളുടെ ചെലവിൽ നടത്തണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ പാറമടകളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം 50 മീറ്ററാണ്. ഇത് 300 മീറ്ററായി ഉയർത്തിയാൽപോലും പാറമടയുണ്ടാക്കുന്ന ആഘാതത്തിൽനിന്ന് മുക്തമാകാൻ കഴിയില്ലെന്നാണ് സമിതി നിരീക്ഷണം.

പാറപൊട്ടിക്കാൻ അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നരീതി ഉപേക്ഷിച്ച് ബ്ലേഡ് കട്ടിങ്, ഇലക്‌ട്രിക് ഇതര രീതികൾ സ്വീകരിക്കണം. ഇലക്‌ട്രിക് ഇതര ടെക്‌നോളജി (നോനൽ) ഉപയോഗിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ക്വാറികൾ ഖനനവ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജനപ്രതിനിധികളും പൊതുപ്രവർത്തകരും വകുപ്പുതല ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന നിരീക്ഷണസമിതി രൂപവത്കരിക്കണമെന്നാണ് മറ്റൊരു ശുപാർശ.

🔸പാറയ്ക്ക് വിലനിയന്ത്രണം വേണം; സബ്‌സിഡിയും.

എല്ലാവർക്കും അവകാശപ്പെട്ട പ്രകൃതി വിഭവം എന്നനിലയിൽ പാറയ്ക്കും പാറ ഉത്‌പന്നങ്ങൾക്കും വിലനിയന്ത്രണം വേണമെന്നും സമിതി ആവശ്യപ്പെടുന്നു. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമാണത്തിന് നിശ്ചിത അളവ് പാറ സബ്‌സിഡിനിരക്കിൽ നൽകണം.

ഖനനാന്തരം ഉപേക്ഷിക്കുന്ന പാറമടകൾ വ്യവസ്ഥയനുസരിച്ച് പരിപാലിക്കുന്നില്ലെങ്കിൽ ലൈസൻസിയിൽനിന്ന് പിഴയീടാക്കണം.

🔸മറ്റു ശുപാർശകൾ.

ക്വാറിപ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ടോ എന്ന് വിദഗ്‌ധ സമിതി പഠനം നടത്തണം. പാറമടകളുടെയും ക്രഷറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനും വരുമാനച്ചോർച്ച തടയുന്നതിനും ഡ്രോൺമാപ്പിങ്, വാഹനം നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ്. സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തണം.

പാറമട പ്രവർത്തനം ജലസ്രോതസ്സുകളെ എപ്രകാരം ബാധിക്കുന്നു, മണ്ണിന്റെ ഘടനാപരമായ മറ്റങ്ങൾക്കും സോയിൽ പൈപ്പിങ് പോലെയുള്ള പ്രതിഭാസങ്ങൾക്കും കാരണമാകുന്നുണ്ടോ എന്നറിയാൻ ശാസ്ത്രീയപഠനം വേണം.

നാശനഷ്ടങ്ങൾക്കുള്ള സെക്യൂരിറ്റി തുക ഖനാനുമതി നൽകുമ്പോൾത്തന്നെ ഉടമകളിൽനിന്ന്‌ ഈടാക്കണം. അതിന്‌ നിയമവ്യവസ്ഥ വേണം.


Post a Comment

0 Comments