Flash News

6/recent/ticker-posts

ഒരടിപോലും പിന്നോട്ടില്ല, ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും താല്‍പ്പര്യവുമില്ല ;ആളി കത്തി കർഷക പ്രതിഷേധം

Views
ഒരടിപോലും പിന്നോട്ടില്ല, ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും താല്‍പ്പര്യവുമില്ല ;ആളി കത്തി കർഷക പ്രതിഷേധം

 
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ഇന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകരെ അനുരഞ്ജിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ പാളിയിരുന്നു. ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും താല്‍പ്പര്യമില്ലെന്നും സമരവേദി മാറ്റില്ലെന്നും കേന്ദ്രത്തെ അറിയിച്ച കര്‍ഷകര്‍ ഇന്ന് ദില്ലിയിലെ റോഡുകള്‍ ഉപരോധിക്കുമെന്നും ഗതാഗതം സ്തംഭിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗുരുദ്രാം, ഗാസിയാബാദ്, ഫരിദാബാദ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് കര്‍ഷകസംഘടനകളുടെ പദ്ധതി. ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തുമെന്നാണ് വിവരം. ദില്ലിയിലേക്കുള്ള അഞ്ച് പ്രവേശനകവാടങ്ങളും അടച്ചുകൊണ്ടായിരിക്കും കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഇന്ന് പ്രതിരോധം തീര്‍ക്കുക.

പ്രതിഷേധ സമരങ്ങള്‍ ബുറാഡിയിലെ സമരവേദിയിലേക്ക് മാറ്റിയാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ സമരവേദി ഒരു കാരണവശാലും മാറ്റില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കര്‍ഷകസംഘടനകള്‍. സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് അടക്കമുള്ള 7 അംഗ കമ്മിറ്റിയായിരുന്നു തീരുമാനമെടുത്തത്. കര്‍ഷകസമരത്തോട് ആഭ്യന്തരമന്ത്രി അമിത് ഷാ കാണിക്കുന്ന ധാര്‍ഷ്ട്യം ഉപേക്ഷിക്കണമെന്നും കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 
അതിനിടെ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കുപിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന ആക്ഷേപവുമായി ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. സമരങ്ങള്‍ക്കുപിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉത്തരാഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറിയുടെ പരിഹാസം. സമരത്തെ വിവിധ ദേശവിരുദ്ധ ശക്തികള്‍ ഇതിനോടകം തന്നെ ഹൈജാക്ക് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും കര്‍ഷകപ്രതിനിധികളുമായി അടിയന്തിരമായി ചര്‍ച്ച നടത്തണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.


Post a Comment

0 Comments