Flash News

6/recent/ticker-posts

ഇനി മാറ്റാനാകില്ല! തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍

Views


തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് രാജ് ആക്റ്റിലെ 57(2) വകുപ്പ് പ്രകാരവും മുന്‍സിപ്പാലിറ്റി ആക്റ്റിലെ 113(2) വകുപ്പ് പ്രകാരവും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവരുടെ പേരുകള്‍ ക്രമീകരിക്കേണ്ടത് മലയാളം അക്ഷരമാല ക്രമത്തിലാണ്. അപ്രകാരം പേരുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരേ പേരുള്ള ആളുകളുടെ പേരുകള്‍ അടുത്തടുത്തു വരുന്നു. എന്നാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 38(2) വകുപ്പ് പ്രകാരം പേര് ക്രമീകരിക്കുന്നത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍, രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍, മറ്റു സ്ഥാനാര്‍ത്ഥികള്‍ എന്ന ക്രമത്തിലാണ്.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെ പേര് ആദ്യം കൊടുക്കുന്നതിനുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പഞ്ചായത്ത് രാജ് ആക്റ്റിലും മുന്‍സിപ്പാലിറ്റി ആക്റ്റിലും ബന്ധപ്പെട്ട ചട്ടങ്ങളിലും ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനും ശേഷം ചേര്‍ക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന് കമ്മീഷണര്‍ അറിയിച്ചു.


Post a Comment

0 Comments