Flash News

6/recent/ticker-posts

രോഷം കത്തുന്ന 12-ാം ദിനം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; ഭാരത് ബന്ദിന് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ

Views


കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം 12-ാം ദിവസത്തിലേക്ക്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് ദില്ലിയിലെ തെരുവുകളില്‍ തുടരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച്ച ആഹ്വാനം ചെയ്ത ഭാരത്ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയും ശിരോമണി അകാലിദളും സമാജ്വാദി പാര്‍ട്ടിയും കൂടി ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിആര്‍എസ് മുതലായ പാര്‍ട്ടികള്‍ മുന്‍പ് തന്നെ കര്‍ഷകരുടെ പ്രതിഷേധത്തിനും ബന്ദിനും പൂര്‍ണ്ണ പിന്തുണനല്‍കി രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും ബന്ദിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചു. ഭാരത് ബന്ദിന്റെ ഭാഗമായി ദില്ലിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.

സമാധാനപരമായായിരിക്കും ബന്ദ് നടത്തുകയെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. ദില്ലിയ്ക്ക് ചുറ്റും പ്രക്ഷോഭം നടത്തുന്ന നാട്ടുകാരെക്കൂടി ബന്ദിന്റെ ഭാഗമായി പ്രതിഷേധത്തില്‍ അണിനിരത്താനാണ് കര്‍ഷകസംഘടനകളുടെ പദ്ധതി. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം ആളിപ്പടര്‍ത്താനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. നിയമത്തില്‍ ഭേദഗതി വരുത്തുകയല്ല, നിയമങ്ങള്‍ ഉപാധികളില്ലാതെ പിന്‍വലിക്കുകയാണ് തങ്ങളുടെ ആവശ്യം എന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയികുന്നു. കഴിഞ്ഞ ദിവസം കര്‍ഷകരും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ഞങ്ങള്‍ വളരെ ഉറച്ച നിലപാടാണ് സമരത്തിന്റെ ആദ്യ ദിവസം മുതല്‍ സ്വീകരിച്ചിരുന്നചത്. ഭേദഗതികളല്ല ഞങ്ങള്‍ക്ക് ആവശ്യമെന്ന് ഞങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് ഡിസംബര്‍ 9ന് നടക്കുന്ന ചര്‍ച്ചയിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ല ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയിലേക്കുള്ള ഏഴ് അതിര്‍ത്തികളും ട്രാഫിക് പൊലീസ് അടച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ജയ്പൂര്‍-ദില്ലി ദേശീയപാതവഴി കര്‍ഷകര്‍ തലസ്ഥാനനഗരിയിലേക്കെത്തുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments