Flash News

6/recent/ticker-posts

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ല; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ചരക്ക് വാഹന സംഘടന.

Views
കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ല; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ചരക്ക് വാഹന സംഘടന
 
ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി ചരക്ക് വാഹന സംഘടന. 
ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പണിമുടക്കുമെന്നും എ.ഐ.എം.ടി.സി അറിയിച്ചു.

‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും’, എ.ഐ.എം.ടി.സി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല്‍ പറഞ്ഞു.

കര്‍ഷകര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം.ടി.സി പ്രസ്താവനയില്‍ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എ.ഐ.എം.ടി.സി പറഞ്ഞു.

അതേസമയം കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ അമിത് ഷാമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.

വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു.

നാളെ ഏത് വിധത്തിലുള്ള പ്രശ്നപരിഹാരത്തിനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നതില്‍ വ്യക്തതയില്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു ഉപാധിയും തങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.


Post a Comment

0 Comments