Flash News

6/recent/ticker-posts

യു.കെയില്‍ നിന്ന് ജനിതകമാറ്റം വന്ന കൊവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഇതിലും അപകടകാരിയായ വൈറസ് ദക്ഷിണാഫ്രിക്കയിൽ

Views



ലണ്ടന്‍: യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 

വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയമമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു.

പുതിയ കൊവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ബ്രിട്ടനില്‍ കണ്ടെത്തിയ VOC 202012/01 വകഭേദത്തെപ്പറ്റി 2020 ഡിസംബര്‍ 14-നാണ് ആദ്യം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അത് ഇതിനകം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്പര്‍ക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഡിസംബര്‍ 18-ന് കണ്ടെത്തിയ 501Y.V2 വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനങ്ങളില്‍ പുതിയ വകഭേദം മുമ്പുള്ളതിനെക്കാള്‍ അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ അത് തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന സൂചനകളില്ല. രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ആരോഗ്യ പരിപാലന സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.

അതിനിടെ, ജനുവരി ഒമ്പതിന് ബ്രസീലില്‍നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചു. രണ്ട് മുതിര്‍ന്നവരിലും രണ്ട് കുട്ടികളിലും പുതിയ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.


Post a Comment

0 Comments