Flash News

6/recent/ticker-posts

തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതല്‍ 50 വര്‍ഷത്തേക്ക് അദാനിയുടെ കീഴിൽ

Views


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചു. അദാനി ഗ്രൂപ്പുമായുള്ള തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ്-വികസനവുമായി ബന്ധപ്പെട്ട മൂന്ന് കരാറുകള്‍ ഒപ്പുവെച്ചെന്ന് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കരാര്‍ ഒപ്പിടുന്നതിന്റെ ചിത്രങ്ങള്‍ എഎഐ ടീറ്റ് ചെയ്തു. 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലായിരിക്കും.

സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിപക്ഷ കക്ഷികളുടേയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടിയത്. സ്വകാര്യവല്‍കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കരാര്‍ ഒപ്പിടലും കൈമാറലും. എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.

നടത്തിപ്പ് കൈമാറുന്നതിനുള്ള ലേല നടപടികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസര്‍ക്കാരിന്റെ നിയമപോരാട്ടം. കേരള സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, നടത്തിപ്പ് കൈമാറ്റം പൊതുതാല്‍പര്യത്തിനും ഫെഡറല്‍ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്, സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയാണ് എന്നതടക്കുമുള്ള വാദങ്ങളാണ് ഹൈക്കോടതി തള്ളിയത്. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്തതിന് ശേഷം കൈമാറ്റത്തെ ചോദ്യം ചെയ്യുന്നതില്‍ സാധുതയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്. ഹര്‍ജി ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് സുപ്രീം കോടതിയില്‍ പോയാലും അനുകൂല വിധി ഉണ്ടായേക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.


Post a Comment

0 Comments