Flash News

6/recent/ticker-posts

കൂടുതൽ വിരട്ടിയാൽ സെർച്ച് ഓപ്ഷൻ തന്നെ എടുത്തു കളയുമെന്ന് ​ഗൂ​ഗിൾ, ഫീഡിൽ നിന്ന് വാർത്തയൊഴിവാക്കുമെന്ന് ഫേസ്ബുക്ക്; സംഘട്ടനം പുതിയ തലത്തിലേക്ക്

Views

മെൽബൺ: ​ഗൂ​ഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ​ഗൂ​ഗിളും ഫേസ്ബുക്കും.

പുതിയ നിയമവുമായി ​പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ​ഗൂ​ഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോ​ക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും ഓസ്ട്രേലിയയിൽ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചു.

കമ്പനികൾ തീരുമാനം പ്രാബല്യത്തിൽ വരുത്തിയാൽ ഓസ്ട്രേലിയയിലെ 19 മില്ല്യൺ ജനങ്ങൾക്ക് ​ഗൂ​ഗിളിന്റെ സേവനം നഷ്ടമാകും. ഏകദേശം 17 മില്ല്യൺ ഓസ്ട്രേലിയക്കാർ ഫേസ്ബുക്കും ഉപയോ​ഗിക്കുന്നുണ്ട്.

ഇവർക്ക് ഫേസ്ബുക്കിലൂടെ വാർത്തകൾ അറിയാനുള്ള മാർ​ഗവും ഇല്ലാതാകുന്നതായിരിക്കും പുതിയ തീരുമാനം.

ലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാരെ ബാധിക്കുന്ന തീരുമാനമെടുത്ത് പാർലമെന്റിനെ വിരട്ടി നിയമം നടപ്പിലാക്കാതിരിക്കാനുള്ള ശ്രമമാണ് ​ഗൂ​ഗിളും ഫേസ്ബുക്കും നടത്തുന്നത്. ഓസ്ട്രേലിയയുടെ പാത പിന്തുടർന്ന് മറ്റ് രാജ്യങ്ങളിലും ഇത്തരം നിയമം നടപ്പിലായാൽ വൻ തുക ചെലവു വരുമെന്നാണ് കമ്പനികൾ പറയുന്നത്.

അതേസമയം മണിക്കൂറുകളുടെ അധ്വാനവും നിരവധി പേരെ ജോലിക്കും വെച്ച് സ്വന്തമായി വാർത്തകൾ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ​ഗൂ​ഗിളും ഫേസ്ബുക്കും പണം നൽകണമെന്ന തീരുമാനമാണ് ഓസ്ട്രേലിയൻ പാർലമെന്റ് കൈക്കൊണ്ടിരിക്കുന്നത്.

 പ്രസ്തുത നിയമവുമായി ഓസ്ട്രേലിയ മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ സേവനം അവസാനിപ്പിക്കുക അല്ലാതെ മറ്റ് മാർ​ഗങ്ങൾ ഇല്ല എന്നാണ് കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്. ലിങ്കുകൾക്ക് പൈസ അനുവദിക്കുന്നത് അസാധ്യമാണെന്നും ഇവർ പറയുന്നു.

എന്നാൽ ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ലെന്ന നയമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്വീകരിച്ചിരിക്കുന്നത്.

”ഞാൻ ഒരു കാര്യം വ്യക്തമായി പറയട്ടെ, ഓസ്ട്രേലിയയിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ നിയമം ഉണ്ടാക്കുന്നത്. അത് പാർലമെന്റിൽ ഞങ്ങൾ യാഥാർത്ഥ്യമാക്കുകയും ചെയ്തു.

ഞങ്ങളുടെ സർക്കാരാണ് അത് ചെയ്തത്. ഇങ്ങനെയാണ് ഓസ്ട്രേലിയയിൽ കാര്യങ്ങൾ നടക്കുന്നത്. അത് അനുസരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നവർക്ക് പോകാം,” അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നേരത്തെ കമ്പനികൾ ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കമ്പനികളുടെ വാദത്തിൽ കഴമ്പില്ലെന്ന നയമാണ് കോമ്പറ്റീഷൻ കമ്മീഷൻ സ്വീകരിച്ചത്.

ഗൂഗിളോ, ഫേസ്ബുക്കോ ഇല്ലെങ്കില്‍ വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാര്‍ത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലേക്കു പോകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്.

അതേസമയം, ഇതേ വാര്‍ത്തകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കാണിച്ച് പണമുണ്ടാക്കുന്ന ഗൂഗിളും ഫേസ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നതിൽ തെറ്റ് എന്താണെന്നും കോമ്പറ്റീഷൻ കമ്മീഷൻ ചോദിച്ചിരുന്നു.



Post a Comment

0 Comments