Flash News

6/recent/ticker-posts

ഒരു വിവരവും ആര്‍ക്കും കൈമാറുന്നില്ല, അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല- വിശദീകരണവുമായി വാട്‌സ്ആപ്പ്.

Views
ഒരു വിവരവും ആര്‍ക്കും കൈമാറുന്നില്ല, അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല- വിശദീകരണവുമായി വാട്‌സ്ആപ്പ്.

കാലിഫോര്‍ണിയ: ഉപയോക്താക്കളെ നഷ്ടമായിത്തുടങ്ങിയതോടെ സ്വകാര്യതാ വിവാദത്തില്‍ വീണ്ടും വാട്‌സ്ആപ്പിന്റെ വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വാട്‌സ്ആപ്പ് വ്യക്തമാക്കി. മെയ് 15 വരെ തീരുമാനം നടപ്പാക്കില്ലെന്നും കമ്പനി അറിയിച്ചു.

_ നിങ്ങള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമിടയില്‍ കാര്യങ്ങള്‍ പങ്കിടുക എന്ന ലളിതമായ ആശയത്തിന്മേലാണ് വാട്‌സ്ആപ്പ് നിര്‍മിച്ചിട്ടുള്ളത്. അതിനര്‍ത്ഥം നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എല്ലാം സംരക്ഷിക്കുമെന്നാണ്. വാട്‌സ്ആപ്പോ ഫേസ്ബുക്കോ ഈ സ്വകാര്യ സന്ദേശങ്ങള്‍ കാണില്ല. വിളിക്കുന്നതിന്റെയോ മെസേജ് ചെയ്യുന്നതിന്റെയോ വിവരങ്ങള്‍ ഞങ്ങള്‍ സൂക്ഷിക്കുന്നില്ല. നിങ്ങളുടെ ലൊക്കേഷന്‍ ആരുമായും പങ്കിടുന്നില്ല. കോണ്‍ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നുമില്ല._ 

ഫേസ്ബുക്ക്

പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്. ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഏറെ സുതാര്യമാണ്. വാട്‌സ്ആപ്പ് വഴി കൂടുതല്‍ ആളുകള്‍ ഷോപ്പ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് കുടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. ഈ അപ്‌ഡേറ്റ് ഫേസ്ബുക്കുമായി ഡാറ്റ പങ്കുവയ്ക്കാനുള്ള ശേഷിയെ വിപുലീകരിക്കുന്നില്ല- വാട്‌സ്ആപ്പ് വ്യക്തമാക്കി.

ഫെബ്രുവരി എട്ടിന് ശേഷം ഒരു അക്കൗണ്ടും ഡിലീറ്റ് ആയിപ്പോകുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ഇല്ല. ലോകത്തുടനീളം സന്ദേശങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്‌സ്ആപ്പ് ഉറപ്പു നല്‍കുന്നുണ്ട്. ഇപ്പോഴും ഭാവിയിലും ഈ സുരക്ഷാ സാങ്കേതികയ്ക്ക് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്- പ്രസ്താവനയില്‍ വാട്‌സ്ആപ്പ് വിശദീകരിച്ചു.

വാട്‌സ്ആപ്പ് സന്ദേശം

‘വാട്ട്‌സാപ്പ് അതിന്റെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് കൈമാറും. ഫെബ്രുവരി എട്ടിനു മുമ്പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല…’- എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് നേരത്തെ വാട്‌സ്ആപ്പ് നല്‍കിയിരുന്ന സന്ദേശം.

മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, പ്രൊഫൈല്‍ ഫോട്ടോ, എബൗട്ട് ഇന്‍ഫര്‍മേഷന്‍, ഫോണിലെ കോണ്‍ടാക്ടുകള്‍, പെയ്‌മെന്റ് വിവരങ്ങള്‍, നിങ്ങള്‍ എപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നു എത്രസമയം ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍, പരസ്യ താല്‍പര്യങ്ങള്‍, ലൊക്കേഷന്‍, ഐ.പി അഡ്രസ്, നിങ്ങളുടെ മൊബൈലിന്റെ ഡിവൈസ് ഐ.ഡി, യൂസര്‍ ഐ.ഡി അങ്ങനെ 15-ലേറെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാനാണ് ആലോചിച്ചിരുന്നത്.

അലയടിച്ച പ്രതിഷേധം

സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിലിട്ട യൂസ് സിഗ്നല്‍ എന്ന സന്ദേശമാണ് വാട്‌സാപ്പിനെ തകര്‍ത്തു കളഞ്ഞത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സിഗ്നല്‍ മെസ്സേജിങ് ആപ്ലിക്കേഷന്‍ വേഗത്തില്‍ ഡൗണ്‍ ലോഡ് ചെയ്യപ്പെട്ടു. സേ ഹലോ ടു പ്രൈവസി (സ്വകാര്യതയ്ക്ക് സ്വാഗതം) എന്നതാണ് സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പിക്കേഷന്റെ ടാഗ് ലൈന്‍. സ്വകാര്യതയും സുരക്ഷയുമാണ് സിഗ്‌നലിന്റെ ഏറ്റവും വലിയ സവിശേഷത. ഇതോടെയാണ് വാട്‌സ്ആപ്പ് കളം മാറ്റിച്ചവിട്ടാന്‍ നിര്‍ബന്ധിതരായത്.


Post a Comment

0 Comments