Flash News

6/recent/ticker-posts

കിടപ്പു രോഗികളുടെ സ്വാന്തനത്തിനായി ഒരു ദിനം;ഇന്ന് പാലിയേറ്റീവ് കെയര്‍ ദിനം.

Views
കിടപ്പു രോഗികളുടെ സ്വാന്തനത്തിനായി ഒരു ദിനം;ഇന്ന് പാലിയേറ്റീവ് കെയര്‍ ദിനം.

പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്‌സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.
ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും അക്ഷരാര്‍ഥത്തിലുള്ള രോഗചികില്‍സയ്‌ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. പാലിയേറ്റീവ് കെയര്‍ എന്നാല്‍ വെറും സ്‌നേഹചികില്‍സ മാത്രവുമല്ല. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. ഇതോടെ എല്ലാം തീര്‍ന്നു എന്ന ചിന്ത മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാകും, ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാകാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും.
ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാകല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാകുമെന്നു രോഗി ഭയക്കുന്ന അന്തസ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരികയാണു പാലിയേറ്റീവ് കെയറില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ എന്നു തന്നെയാണ് അര്‍ഥം.
പാലിയേറ്റീവ് കെയര്‍ ആര്‍ക്കൊക്കെ?
എല്ലാം കഴിഞ്ഞുവെന്നതിന്റെ പ്രഖ്യാപനമാണോ പാലിയേറ്റീവ് കെയര്‍? ഒരിക്കലുമല്ല. പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച പ്രധാന തെറ്റിദ്ധാരണയും അതാണ്. ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു പാലിയേറ്റീവ് കെയര്‍ വേണമെന്നുള്ളതു സത്യം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാകുമ്പോള്‍ ഇനി വിധിച്ചതു മരണം മാത്രമാണെന്ന വിശ്വാസം ശരിയല്ല. മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്‌നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.


Post a Comment

1 Comments

  1. സ്വാന്തനം തെറ്റ് . സാന്ത്വനം എന്നാണ് ശരി .

    ReplyDelete