Flash News

6/recent/ticker-posts

കണ്ണൂരിൽ സിപിഐഎമ്മിന്റെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന

Views


കണ്ണൂർ ജില്ലയിൽ സിപിഐഎമ്മിൻ്റെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന. രണ്ടു തവണ തുടർച്ചയായി വിജയിച്ചവരെയാണ് മാറ്റി നിർത്തുക. ആരോഗ്യമന്ത്രി കെ.കെ ശൈലജ കൂത്തുപറമ്പിൽ നിന്ന് മട്ടന്നൂരിലേക്ക് മാറിയേക്കും.

തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു, കല്യാശേരി എംഎൽഎ ടിവി രാജേഷ്, പയ്യന്നൂർ എംഎൽഎ സി കൃഷ്ണൻ എന്നിവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം സീറ്റ് നൽകിയേക്കില്ല. തുടർച്ചയായി രണ്ട് തവണ വിജയിച്ചവരെ മാറ്റി നിർത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം. കൂത്തുപറമ്പ് സീറ്റ് ഘടക കക്ഷിയായ എൽജെഡിക്ക് നൽകാൻ ഏതാണ്ട് ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ കെ.കെ ശൈലജ മട്ടന്നൂരിലേക്ക് മാറും. ഇ പി ജയരാജൻ സംഘടനാ രംഗത്തേക്ക് വരാനുള്ള സാധ്യതയും ഏറെയാണ്. വീണ്ടും മത്സരിക്കുകയാണെങ്കിൽ കല്യാശേരിയായിരിക്കും മണ്ഡലം.പികെ ശ്രീമതിയെയും കല്യാശേരിയിൽ പരിഗണിക്കുന്നുണ്ട്‌. തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, ബിജു കണ്ടക്കൈ എന്നീ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. പി. ജയരാജൻ, ടി.ഐ മധുസൂദനൻ എന്നിവരെയാണ് പയ്യന്നൂരിലേക്ക് പരിഗണിക്കുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ 9 ഇടത്താണ് നിലവിൽ സിപിഐഎം മത്സരിക്കുന്നത്. എൽജെഡിക്ക് ഒപ്പം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും ജില്ലയിൽ സീറ്റ് നൽകിയേക്കും. സിപിഐഎം മത്സരിക്കുന്ന പേരാവൂരും സിപിഐ മത്സരിക്കുന്ന ഇരിക്കൂറുമാണ് പരിഗണനയിൽ ഉള്ളത്.


Post a Comment

0 Comments