Flash News

6/recent/ticker-posts

ലഭ്യതയ്ക്കനുസരിച്ച് കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വാക്‌സിന്‍ എത്ര കിട്ടുന്നു എന്നതിനെ ആശ്രയിച്ചാണ് മുന്‍ഗണന.

Views
ലഭ്യതയ്ക്കനുസരിച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും:മന്ത്രി കെ കെ ശൈലജ.

ലഭ്യതയ്ക്കനുസരിച്ച് കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വാക്‌സിന്‍ എത്ര കിട്ടുന്നു എന്നതിനെ ആശ്രയിച്ചാണ് മുന്‍ഗണന നിശ്ചയിക്കുകയെന്നും കൂടുതല്‍ അളവ് ലഭിച്ചാലുടന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് മുന്‍ഗണനയിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കും. വാക്‌സിന്‍ ഒരുമിച്ച് ലഭിക്കുന്നപക്ഷം എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവ ലഭ്യമാക്കും. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ലോകത്തെമ്പാടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന് മുന്‍ഗണന. കൊവിഡ് വാക്‌സിന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ലോകത്തെവിടെയും ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനായത് പ്രതിരോധ കുത്തിവെപ്പിലൂടെയാണ്. വസൂരി, പോളിയോ, ഡിഫ്ത്തീരിയ, തുടങ്ങിയവയെ തടഞ്ഞുനിര്‍ത്തിയത് വലിയ ജനകീയ ക്യാമ്പയിനിലൂടെ മാസ്സ് വാക്‌സിനേഷന്‍ നടത്തിക്കൊണ്ടാണ്. കൊവിഡിനെയും ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ ആരോഗ്യ മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തകരെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. കൂട്ടായ പ്രവര്‍ത്തനമാണുണ്ടായത്. കേവലം ആരോഗ്യ വകുപ്പിന് മാത്രം നിയന്ത്രിക്കാന്‍ പറ്റുന്ന അന്തരീക്ഷമായിരുന്നില്ല. പരിമിതമായ സൗകര്യങ്ങള്‍ വച്ചുകൊണ്ട് കേരളത്തില്‍ രോഗത്തെ നല്ലരീതിയില്‍ പ്രതിരോധിക്കാനും മരണനിരക്ക് 0.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനും സാധിച്ചു. സര്‍ക്കാരിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ജനങ്ങളുടെ സഹകരണം കൊണ്ടുമാണ് അത് സാധ്യമായത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും അവലോകന യോഗം ചേര്‍ന്നു. വാര്‍ത്താസമ്മേളനങ്ങളിലൂടെ ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കാനായി. പിഴവില്ലാത്ത പ്രവര്‍ത്തനമാണ് നടപ്പാക്കിയത്.  ആരോഗ്യവകുപ്പ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. പൊലീസ് സേനയുടെ പ്രവര്‍ത്തനം അങ്ങേയറ്റം ശ്ലാഘനീയമാണ്. തദ്ദേശസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങളും എടുത്തുപറയണം. ജില്ലാ കലക്ടര്‍മാരുടെ ശ്രദ്ധേയമായ ഇടപെടലുകളും സഹായകമായി. ഇത്തരം മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് പതിനായിരങ്ങള്‍ മരിച്ചുപോകുന്ന സ്ഥിതി ഒഴിവാക്കാനായത്. ശരിയായ വിവരങ്ങള്‍ അതത് സമയം ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ക്കായി. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് വലിയ പിന്തുണയാണ് ലഭിച്ചത്. കൃത്യമായി ബോധവല്‍ക്കരണം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു- മന്ത്രി പറഞ്ഞു.
പ്രതിരോധ വാക്‌സിന്‍ കൊണ്ട് മാത്രം പെട്ടെന്ന് അവസാനിക്കുന്ന ഒന്നല്ല വൈറസ്. ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് എടുക്കുക. സാവധാനം മാത്രമേ പ്രതിരോധം ആര്‍ജ്ജിക്കാനാകൂ. കുത്തിവെയ്പ്പ് എടുത്തു എന്നതുകൊണ്ട് ഇപ്പോള്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കരുത്. എല്ലാ ശ്രദ്ധയും തുടര്‍ന്നും വേണം. വൈറസ് പൂര്‍ണമായും ഇല്ലാതാകുന്നത് വരെ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മൂന്ന് ട്രയലും പൂര്‍ത്തിയാക്കിയ കൊവി ഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനത്ത് നല്‍കുന്നത്. ബ്രിട്ടനിലടക്കം നിരവധി ആളുകളില്‍ ഉപയോഗിച്ച് വലിയ പാര്‍ശ്വഫലമില്ല എന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഏത് വൈറസ് വ്യാപനത്തിനും വലിയൊരു ഉയര്‍ച്ചയുണ്ടാകും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് എല്ലാ കാലത്തും ആളുകളെ ഇരുത്തുക സാധ്യമല്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് വരുത്തി ഘട്ടംഘട്ടമായി തുറന്നുവരികയാണ്. ജീവനോടൊപ്പം ജീവനോപാധികള്‍ കൂടി സംരക്ഷിക്കേണ്ടതുണ്ട്. തൊഴിലിടങ്ങള്‍ തുറക്കണം. കേരളത്തിനായി മാത്രം അത്തരം ഇളവുകള്‍ പിടിച്ചുവയ്ക്കാനാകില്ല. വൈറസ് വ്യാപനത്തില്‍ പെട്ടെന്നുള്ള ഉയര്‍ച്ച ഇല്ലാതാക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. വൈറസ് വ്യാപനത്തില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം പതിനായിരങ്ങളാണ് മരിച്ചത്. അത്തരം ഉയര്‍ച്ചയുണ്ടാകുന്നത് വൈകിപ്പിക്കുന്നതില്‍ സംസ്ഥാനത്തിന് വിജയിക്കാനായെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഉയര്‍ന്ന കേസുകള്‍ പ്രതിദിനം 20000 കടക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ആ പോയിന്റില്‍ നാം എത്തിയിട്ടില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് കേസുകളില്‍ ഉയര്‍ച്ച ഉണ്ടായപ്പോഴും 5000- 6000 എന്ന നിലയ്ക്ക് പിടിച്ചുനില്‍ക്കാനായി. സംസ്ഥാനത്തെ ഇപ്പോഴത്തെ കേസുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകളുടെ സമയത്തെ എണ്ണവുമായാണ് താരതമ്യം ചെയ്യേണ്ടതെന്നും ഇപ്പോള്‍ കേരളത്തിലാണ് കേസുകള്‍ കൂടുതലെന്ന് പറയുന്നത് ശാസ്ത്രീയമല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.


Post a Comment

0 Comments