Flash News

6/recent/ticker-posts

ഇന്റര്‍നെറ്റ് ലോകത്ത് നമ്മള്‍ വില്‍ക്കപ്പെടുന്നു; ഭയക്കണം ആപ്പുകളെ.

Views
ഇന്റര്‍നെറ്റ് ലോകത്ത് നമ്മള്‍ വില്‍ക്കപ്പെടുന്നു; ഭയക്കണം ആപ്പുകളെ.

ഇന്റര്‍നെറ്റ് ഒരു തുറന്ന ലോകമാണ്. കാലങ്ങളായി ഈ സാങ്കേതിക ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അത്രയൊന്നും ധാരണകളില്ല. അറിവ് വളരെ പരിമിതം എന്ന് തന്നെ പറയാം. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങളുമായി ബന്ധപ്പെട്ടാണ് സൈബര്‍ ലോകത്ത് വ്യക്തികളുടെ വിവരങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായിത്തുടങ്ങിയത്. വാട്സ്ആപ്പ് മാത്രമല്ല നമ്മള്‍ ദൈന്യംദിനം ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, യൂട്യൂബ് തുടങ്ങിയ എല്ലാ ആപ്പുകളും തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ട്. ഇത്തരം ടെക് കമ്പനികള്‍ക്ക് നമ്മുടെ സൈബര്‍ സ്പേസിലെ ഇടപെടലുകളെ അടിസ്ഥാനമാക്കി കൂടുതല്‍ ഡേറ്റകള്‍ ശേഖരിക്കാന്‍ കഴിയും. 

ഓരോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഉപയോക്താവ് അവരുടെ 'ടേസ് ആന്‍ഡ് കണ്‍ഡിഷന്‍സില്‍' 'ആക്‌സെപ്റ്റ്' എന്നു ക്ലിക്കു ചെയ്യുന്നതു മുതല്‍ ആപ്പുകള്‍ നമ്മുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ പരസ്യം നല്‍കാന്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിശീലനത്തിനു വരെ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റ് സ്പേസ് ഉപയോഗിക്കുന്ന എല്ലാവരും ഇന്റര്‍നെറ്റ് സാക്ഷരരല്ല എന്നുള്ളതിനെയാണ് ടെക് കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. 

ഇന്റര്‍നെറ്റിന്റെ തുടക്ക കാലത്ത് എടുത്തിരുന്ന തീരുമാനം, ആളുകളെ അറിഞ്ഞ് അവരുടെ ഡേറ്റ ശേഖരിക്കരുത് എന്നായിരുന്നു. എന്നാല്‍ ലോകപ്രശസ്തരായ ടെക് ഭീമന്മാര്‍ ഈ തീരുമാനത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ചെറിയൊരു ഉദാഹരണം പരിശോധിച്ചാല്‍, നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, അറിയിപ്പുകള്‍ തുടങ്ങിയവ നമ്മുടെ ഫീഡുകളില്‍ ലഭ്യമായി കൊണ്ടിരിക്കും. ചിലപ്പോള്‍ ടെക്സ്റ്റ് മെസ്സേജുകള്‍ ആയും നമ്മുക്കു ലഭിക്കും. ഇക്കാര്യത്തില്‍ നിന്നും നമ്മുക്ക് മനസ്സിലാക്കാം ഉപയോക്താവിനെ എത്രത്തോളമാണ് ടെക് കമ്പനികള്‍ നിരീക്ഷണത്തില്‍വെക്കുന്നത് എന്ന്. ഇത് ഒരുതരത്തിലുള്ള സര്‍വൈലന്‍സ് ആണ്. 

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരും സദാ നിരീക്ഷണത്തിലാണ്. ശബ്ദവും ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വിരലടയാളവും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുഖത്തിന്റെ ഘടനകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശേഖരിച്ചു വ്യക്തികളുടെ നീക്കങ്ങള്‍ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, കോണ്ടാക്ട്‌സ് വിവരങ്ങള്‍, ലൊക്കേഷന്‍, ഡിവൈസ് ഐഡി, യൂസര്‍ ഐഡി, താമസ സ്ഥലത്തിന്റെ അഡ്രസ്, ഫോട്ടോകളും വിഡിയോകളും, ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍, സേര്‍ച്ച് ഹിസ്റ്ററി, ബ്രൗസിങ് ഹിസ്റ്ററി, ഓണ്‍ലൈനായി നടത്തിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ആരോഗ്യ-പണമടയ്ക്കല്‍ വിവരങ്ങള്‍, രഹസ്യമാക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, തുടങ്ങി എല്ലാം വിവരങ്ങളും ആപ്പുകള്‍ ശേഖരിച്ചു വെക്കുന്നുണ്ട്. ഇത് ആവശ്യാനുസരണം വില്‍പ്പനയും നടത്തുന്നുണ്ട്. 

ആപ്പുകളുടെ ഇത്തരം പരിപാടികള്‍ക്ക് തടയിട്ട് ഉപയോക്താക്കളെ രക്ഷിക്കാനുള്ള, ഗൗരവമുള്ള ആദ്യ നടപടിയെടുത്തത് യൂറോപ്യന്‍ യൂണിയനാണ്. ടെക് കമ്പനികള്‍ തങ്ങളുടെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ വിവരം അറിയും എന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. ഈ പേടിയുള്ളതു കൊണ്ടാണ് വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം യൂറോപ്പ് അംഗീകരിക്കേണ്ടതില്ലാ എന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞത്.

മൂന്നാം ലോക രാജ്യങ്ങളാണ് വാട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള ചാറ്റിംഗ് ആപ്പുകളുടെ പ്രധാന വിപണി. ഈ രാജ്യങ്ങളില്‍ അധികാര്യ കേന്ദ്രങ്ങളോട് ചേര്‍ന്നു നിന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതും. ഇന്ത്യയില്‍ തന്നെ എത്ര കലാപങ്ങളാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് ചാറ്റ് ബോക്സുകളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. 
എന്നിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഇന്ത്യ കൈകൊണ്ടിട്ടില്ല. ഒരു മാസം 460 മില്യണ്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 200 മില്യണ്‍ ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ലോകവിപണിയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 

മ്യാന്മറില്‍ റോഹിന്‍ഗ്യക്കാര്‍ക്കെതിരെ വംശശുദ്ധീകരണം നടത്താനുള്ള ആഹ്വാനം മുഴുവന്‍ നടന്നത് ഫേസ്ബുക്കിലൂടെയായിരുന്നു. 2011 ഓഗസ്റ്റില്‍ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളില്‍ അക്രമികള്‍ തങ്ങള്‍ക്ക് സംഘം ചേരുവാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനുമുള്ള ഉപാധിയായി ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഇങ്ങനെ നിരവധി ആരോപണങ്ങള്‍ സുക്കര്‍ബര്‍ഗിന്റെ സാമ്രാജ്യത്തിനെതിരെയുണ്ട്. എന്നിട്ടും ടെക് വിപണിയില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ളത് ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കാണ്. 

ഡാറ്റ വില്‍പന നടത്താതെ 2014 വരെ പ്രവര്‍ത്തിച്ച വാട്‌സാപ്പിനെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 22 ബില്യണ്‍ ഡോളര്‍ കൊടുത്താണ് വാങ്ങുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത പ്രദര്‍ശിപ്പിക്കില്ല, ഡേറ്റ വില്‍പ്പന നടത്തില്ല എന്ന് അന്ന് സുക്കാര്‍ബര്‍ഗ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ കാറ്റില്‍ പറത്തിയായിരുന്നു വാട്സ് ആപ്പിന്റെ പ്രവര്‍ത്തനം. വ്യക്തികളുടെ ഡാറ്റകള്‍ ഇവര്‍ യഥേഷ്ടം വിറ്റുപോന്നു. ഇതില്‍ പ്രതിഷേധിച്ച് വാട്‌സാപ്പ് സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ഷന്‍ 2017-ല്‍ ഫേസ്ബുക്ക് വിട്ടു 

ഇതിനൊക്കെ ശേഷമാണ് ഔദ്യോഗികമായി നമ്മുടെ വിവരങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി വാട്സ്ആപ്പ് അറിയിക്കുന്നത്. ഇതാണിപ്പോള്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഫെബ്രുവരി എട്ടിനുള്ളില്‍ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കള്‍ പാലിച്ചില്ലെങ്കില്‍ അപ്പില്‍ നിന്നും പുറത്താക്കും എന്നാണ് വാട്സ് ആപ്പ് പറഞ്ഞത്. ഈ പ്രഖ്യാപനം ആഗോളതലത്തില്‍ കമ്പനിക്കു വന്‍ നഷ്ടങ്ങള്‍ ഉണ്ടാക്കി. കോടിക്കണക്കിനു ആളുകള്‍ വാട്സ് ആപ്പ് വിട്ട് സിഗ്നല്‍, ടെലഗ്രാം എന്നീ ആപ്പുകളിലേയ്ക്ക് കൂടുമാറി. ഫേസ്ബുക്ക് വിട്ട ബ്രയാന്‍ ആക്ഷനാണ് സിഗ്‌നല്‍ വികസിപ്പിച്ചെടുത്തത്. ഉപഭോക്താക്കളുടെ സ്വകാര്യത നൂറു ശതമാനം സംരക്ഷിച്ചു കൊണ്ടുള്ള, ഡാറ്റ വില്‍പന നടത്താത്ത ഒരു ആപ്പ് എന്നതാണ് സിഗ്‌നലിനെ കുറിച്ച് ബ്രയാന്‍ പറയുന്നത്. 

വാട്‌സാപ്പിനു പകരം സിഗ്നല്‍ ഉപയോഗിക്കൂ എന്ന ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റോടെയാണ് ജനങ്ങള്‍ പുതിയ ആപ്പിലേക്കു മാറുന്ന കാര്യം പരിഗണിച്ചു തുടങ്ങുന്നത്. ഫോണ്‍ പേയുടെ സഹസ്ഥാപകനായ സമീര്‍ നിഗം, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍, മുന്‍ ഫേസ്ബുക് എക്‌സിക്യൂട്ടീവ് ചാമത് പാലിഹ്പിത്യ, വിസില്‍ ബ്ലോവറായ എഡ്വേഡ് സ്‌നോഡന്‍, ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സെ തുടങ്ങിയവരും സിഗ്നലിലേയ്ക്ക് കൂടുമാറിയത് പരസ്യമായി പ്രഖ്യാപിച്ചു. 

ടെലഗ്രാമിനാവട്ടെ കിട്ടിയത് 50 കോടി ഉപയോക്താക്കളെയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ബ്രസീലിയന്‍ പ്രസിഡന്റ്, മെക്‌സിക്കന്‍ പ്രസിഡന്റ്, സിംഗപ്പൂര്‍ പ്രധാനമന്ത്രി, ഉക്രൈന്‍ പ്രസിഡന്റ്, ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ്, തായ്‌വാന്‍ പ്രസിഡന്റ്, ഏത്തോപ്യന്‍ പ്രധാനമന്ത്രി, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിങ്ങനെ നിരവധി പേരാണ് ടെലഗ്രാമിലേക്ക് എത്തിയ ലോക നേതാക്കള്‍. 

ഇങ്ങനെ തിരിച്ചടികള്‍ നേരിട്ടതോടെ 'വാട്സ്ആപ്' നിങ്ങളുടെ സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു' എന്ന വാചകത്തില്‍ കോടികളുടെ പരസ്യമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ശേഷം വാട്സപ്പ് നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു എന്ന് പറഞ്ഞു നിരന്തരം പ്രസ്താവനകള്‍ ഇറക്കിത്തുടങ്ങി. ഏറ്റവും ഒടുവില്‍ വാട്‌സാപ്പിന്റെ സമീപകാല നയ നിബന്ധനകള്‍ വിശദീകരിക്കുന്ന സ്റ്റാറ്റസും കമ്പനി പുറത്തിറക്കി. ഓരോ ഉപയോക്താവിന്റെയും വാട്സ്ആപ്പ് സ്റ്റാറ്റസ് ബാറിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ സുരക്ഷയില്‍ ഉപയോക്താക്കള്‍ നടത്തുന്ന ചാറ്റുകള്‍ വായിക്കാറില്ല, ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാറില്ല, കോണ്‍ടാക്ട് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കാറില്ല എന്നീ കാര്യങ്ങളാണ് വാട്‌സ്ആപ് സ്റ്റാറ്റസുകളിലൂടെ ഉപയോക്താക്കളെ നേരിട്ട് അറിയിച്ചത്. യഥാര്‍ത്ഥത്തില്‍ ഉപയോക്താക്കളുടെ ഇത്തരം നീക്കങ്ങളെ സുക്കര്‍ബെര്‍ഗ് ഭയപ്പെട്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. 

സാങ്കേതിക ലോകത്തെ അറിവുകള്‍ സ്വായത്തമാക്കി നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിവുള്ളവര്‍ ഇന്ന് ലോകത്ത് തീര്‍ത്തും കുറവാണ്. ഈ അറിവില്ലായ്മയെയാണ് ടെക് കമ്പനികള്‍ മുതലെടുക്കുന്നതും. വ്യക്തികള്‍ക്ക് ഇതിനെതിരെ ചെയ്യാവുന്നത് ഇന്റര്‍നെറ്റിലെ സ്വകാര്യതയെക്കുറിച്ച് പഠിക്കുക, അറിവ് സമ്പാദിക്കുക എന്ന് മാത്രമാണ്. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാഷ്ടത്തിനാണ്.  രാജ്യങ്ങള്‍ ശക്തമായ സൈബര്‍ നിയമങ്ങളുപയോഗിച്ചാണ് ആപ്പുകളെ നിലയ്ക്ക് നിര്‍ത്തേണ്ടത്. ഇത്തരം സൈബര്‍ നിയമങ്ങള്‍ വ്യക്തികളുടെ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനു മുകളിലേയ്ക്കുള്ള കടന്നുകയറ്റങ്ങളും ആവരുത്.


Post a Comment

0 Comments