Flash News

6/recent/ticker-posts

സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പേറ്റുന്ന 19 മണ്ഡലം; വില്ലനായി നേരിയ ഭൂരിപക്ഷം

Views

തിരുവനന്തപുരം∙ എൽഡിഎഫും യുഡിഎഫും നിയമസഭയിൽ അധികാരം പിടിക്കാനുള്ള പ്രചാരണം ആരംഭിക്കാനിരിക്കെ, 19 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമായേക്കും. ഭൂരിപക്ഷം 3000 വോട്ടിൽ കുറവായ ഈ നിയമസഭാ മണ്ഡലങ്ങളിൽ 5 വർഷത്തിനുശേഷം ഉയരുന്ന രാഷ്ട്രീയക്കാറ്റ് ആരെ പിന്തുണയ്ക്കുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.

ലൈഫ് മിഷൻ വിവാദത്തിൽ ഉള്‍പ്പെട്ട മണ്ഡലമായ വടക്കാഞ്ചേരിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നൽകിയത്. അനിൽ അക്കര 43 വോട്ടിനു സിപിഎമ്മിലെ മേരി തോമസിനെയാണ് തോൽപിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു കരാർ ലഭിക്കാൻ 4.48 കോടിരൂപ സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ഇതിന്റെ പേരിൽ മണ്ഡലത്തിലുയർന്ന രാഷ്ട്രീയവിവാദങ്ങൾ ആർക്ക് അനുകൂലമാകുമെന്നറിയാൻ മേയ് 2വരെ കാത്തിരിക്കണം.

ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായിരുന്ന പി.ബി.അബ്ദുൽ റസാഖ് ഇപ്പോഴത്തെ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനെ 89 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വിജയം പിന്നീട് കോടതിയിലെത്തി. പി.ബി.അബ്ദുൽ റസാഖിന്റെ നിര്യാണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. കമറുദ്ദീൻ മികച്ച വിജയം നേടിയെങ്കിലും നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായത് തിരിച്ചടിയായി. കമറുദ്ദീന് ഇത്തവണ സീറ്റുണ്ടാകില്ല. മണ്ഡലത്തിൽ ആരു ബിജെപി സ്ഥാനാർഥിയാകുമെന്നതിനെക്കുറിച്ചു ചർച്ചകൾ ആരംഭിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

പീരുമേട്ടിൽ ബിജിമോൾ 314 വോട്ടിനാണ് കോൺഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. മൂന്നു തവണ മത്സരിച്ചതിനാൽ ബിജിമോൾക്ക് ഇത്തവണ സീറ്റുണ്ടാകില്ല. കൊടുവള്ളിയിൽ ഇടതു സ്വതന്ത്രൻ കാരാട്ട് റസാഖ് 573 വോട്ടിനാണ് ലീഗിലെ റസാഖ് മാസ്റ്ററെ തോൽപിച്ചത്. പെരിന്തൽമണ്ണയിൽ 579 വോട്ടുകൾക്കാണ് ലീഗിലെ മഞ്ഞളാംകുഴി അലി സിപിഎമ്മിലെ വി. ശശികുമാറിനെ തോൽപിച്ചത്. അലി മണ്ഡലം മാറുമെന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. കാട്ടാക്കടയിൽ സിപിഎമ്മിലെ ഐ.ബി. സതീഷ് 849 വോട്ടിനാണ് കോൺഗ്രസിലെ എൻ.ശക്തനെ പരാജയപ്പെടുത്തിയത്. സതീഷ് മത്സരിക്കാനാണ് എല്ലാ സാധ്യതയും. ഉടുമ്പന്‍ചോലയിൽ 1109 വോട്ടിന് സേനാപതി വേണുവിനെ പരാജയപ്പെടുത്തിയ മന്ത്രി എം.എം. മണി വീണ്ടും മത്സരിക്കും.

കണ്ണൂരിൽ കോൺഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി 1196 വോട്ടിനാണ് കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കേണ്ടെന്ന നിര്‍ദേശം ഇതുവരെ സിപിഎം നൽകിയിട്ടില്ല. സതീശൻ പാച്ചേനിയും റിജിൽ മാക്കുറ്റിയുമാണ് കോൺഗ്രസിൽ സാധ്യതാ പട്ടികയിൽ. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് എമ്മിലെ സി.എഫ്. തോമസ് 1849 വോട്ടിനാണ് കഴിഞ്ഞതവണ വിജയിച്ചത്. എതിരാളി ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫായിരുന്നു. സി.എഫിന്റെ നിര്യാണത്തെത്തുടർന്ന് കേരള കോൺഗ്രസ് എമ്മിൽനിന്ന് പുതിയ സ്ഥാനാർഥി ഉണ്ടാകും. ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസിനു നൽകേണ്ട സീറ്റുകളില്‍ തീരുമാനമായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കാൻ സാധ്യതയുണ്ട്.

അഴീക്കോട് ലീഗിലെ കെ.എം. ഷാജി 2287 വോട്ടിനാണ് സിപിഎമ്മിലെ എം.വി. നികേഷ് കുമാറിനെ തോൽപിച്ചത്. ഷാജിയുടെ തിരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. പ്ലസ്ടു അനുവദിക്കുന്നതിനു കോഴ വാങ്ങിയെന്ന കേസിൽ കെ.എം. ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നാണ് ഷാജിയുടെ നിലപാട്. പ്രകാശൻ മാസ്റ്റർ, കെ.വി.സുമേഷ് എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത്.

3000 വോട്ടിനു താഴെ വിജയിച്ചവർ:

∙ കൊച്ചിയിൽ സിപിഎമ്മിലെ കെ.ജെ. മാക്സി 1086 വോട്ടിനു വിജയിച്ചു. എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡെമനിക് പ്രസന്റേഷൻ

∙ കണ്ണൂരിൽ കോൺഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി 1196 വോട്ടിനു കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചു

∙ കുറ്റിയാടിയിൽ ലീഗിലെ പാറക്കൽ അബ്ദുല്ല സിപിഎമ്മിലെ കെ.കെ. ലതികയെ 1157 വോട്ടിനു പരാജയപ്പെടുത്തി.

∙ മാനന്തവാടിയിൽ സിപിഎമ്മിലെ ഒ.ആർ. കേളു ജയിച്ചത് 1307 വോട്ടിന്. എതിരാളി പി.കെ. ജയലക്ഷ്മി

∙ മങ്കടയിൽ 1508 വോട്ടുകൾക്കു ലീഗിലെ അഹമ്മദ് കബീർ സിപിഎമ്മിലെ റഷീദ് അലിയെ തോൽപിച്ചു.

∙ കരുനാഗപ്പള്ളിയിൽ സിപിഐയിലെ ആർ.രാമചന്ദ്രൻ 1759 വോട്ടിനു കോൺഗ്രസിലെ സി.ആർ. മഹേഷിനെ പരാജയപ്പെടുത്തി

∙ ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് എമ്മിലെ സി.എഫ്. തോമസ് 1849 വോട്ടിനു വിജയിച്ചു. എതിരാളി ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫ്.

∙ അഴീക്കോട് ലീഗിലെ കെ.എം.ഷാജി 2287 വോട്ടിനു സിപിഎമ്മിലെ എം.വി. നികേഷ് കുമാറിനെ തോൽപിച്ചു

∙ ഇരിഞ്ഞാലക്കുടയിൽ സിപിഎമ്മിലെ അരുണൻ കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനെ 2711 വോട്ടിനു പരാജയപ്പെടുത്തി.

∙ കുന്നത്തുനാടിൽ കോൺഗ്രസിലെ വി.പി. സജീന്ദ്രൻ സിപിഎമ്മിലെ ഷിജി ശിവജിയെ പരാജയപ്പെടുത്തിയത് 2679 വോട്ടിന്.

∙ വർക്കലയിൽ സിപിഎമ്മിലെ വി.ജോയി 2386 വോട്ടിനു കോൺഗ്രസിലെ വർക്കല കഹാറിനെ തോൽപിച്ചു.

∙ കോവളത്ത് കോൺഗ്രസിലെ എം.വിൻസന്റ് 2615 വോട്ടിനു ജനതാദൾ എസിലെ ജമീല പ്രകാശത്തെ തോൽപിച്ചു.



Post a Comment

0 Comments