Flash News

6/recent/ticker-posts

6 വർഷത്തേക്ക് അയോഗ്യനാക്കപ്പെട്ട ഒരാള്‍ക്ക് വെല്ലുവിളിക്കാന്‍ എന്ത് യോഗ്യത?കെ. എം ഷാജിയോട് പി. ജയരാജന്‍

Views
6 വർഷത്തേക്ക് അയോഗ്യനാക്കപ്പെട്ട ഒരാള്‍ക്ക് വെല്ലുവിളിക്കാന്‍ എന്ത് യോഗ്യത?
കെ. എം ഷാജിയോട് പി. ജയരാജന്‍


കണ്ണൂർ :ആരുണ്ടിവിടെ കാണട്ടെ എന്ന മട്ടിലുള്ള കെ എം ഷാജിയുടെ വെല്ലുവിളി എല്‍ഡിഎഫിനോട് മാത്രമല്ല ജനങ്ങളോടും കൂടിയാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് അയോഗ്യത കല്‍പിച്ച് കോടതി പുറത്താക്കിയ വ്യക്തിയാണ് വെല്ലുവിളിക്കുന്നത്. വർഗീയത പ്രചരിപ്പിച്ചും അഴിമതി കാട്ടിയും അയോഗ്യനാക്കപ്പെട്ട ആളാണ്. ഷാജി അഴിമതി നടത്തിയെന്ന് ലീഗ് നേതാക്കള്‍ തന്നെയാണ് പറഞ്ഞത്. വിജിലന്‍സ്, ഇ.ഡി അന്വേഷണങ്ങള്‍ നേരിടുന്ന ഷാജിയുടെ വെല്ലുവിളികൾ ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഇതിനുള്ള മറുപടി ഇപ്പോഴേ അവർ മനസ്സിൽ കരുതി വെച്ചിട്ടുണ്ടെന്നും പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സന്നദ്ധത കെ.എം ഷാജി  അറിയിച്ചിരുന്നു. യുഡിഎഫിന്റെ സ്ഥാനാർഥിയേ അഴീക്കോട്ട് ജയിക്കൂ. മൂന്നാം തവണയും പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉറപ്പല്ലേ എന്നായിരുന്നു ഷാജിയുടെ മറുപടി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി എന്ന എല്‍‌.ഡി.എഫ് സ്ഥാനാര്‍‌ഥി എം.വി നികേഷ് കുമാറിന്‍റെ പരാതി പരിഗണിച്ച് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. പിന്നീട് ഈ അയോഗ്യത ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. കെ എം ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാം, പക്ഷേ വോട്ടവകാശവും ആനുകൂല്യവും ലഭിക്കില്ല എന്ന ഉപാധിയോടെയായിരുന്നു സ്റ്റേ.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അഴീക്കോട്ടെ ലീഗ് എം എൽ എ ഷാജിയുടെ വെല്ലുവിളി കേട്ടു. തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കോടതി 6 വർഷത്തേക്ക് അയോഗ്യത കല്പിച്ച് പുറത്താക്കിയ വ്യക്തിയാണ് ഇപ്പോൾ പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നത്. നിയമവിരുദ്ധ ചെയ്തികളാൽ ഗോദയിൽ നിന്ന് 6 വർഷത്തേക്ക് പുറത്താക്കപ്പെട്ട ആൾക്ക് മറ്റുള്ളവരെ വെല്ലുവിളിക്കാൻ എന്ത് യോഗ്യത. "ആരുണ്ടിവിടെ കാണട്ടെ" എന്ന മട്ടിലുള്ള ഈ വീരവാദം എൽഡിഎഫിനോട് മാത്രമല്ല, ജനങ്ങളോടും കൂടിയാണ്.

തെരഞ്ഞെടുപ്പ് എന്നത് നയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ആ നയങ്ങളുടെ പ്രതിനിധിയായി ആര് വരുന്നു എന്നതാണ് വോട്ടർമാർ പരിഗണിക്കുന്നത്. ഇവിടെ വർഗീയത പ്രചരിപ്പിച്ചും അഴിമതി കാട്ടിയും അയോഗ്യനാക്കപ്പെട്ട ആളാണ് ഇത്തരം വെല്ലുവിളി നടത്തുന്നത്. കോടതിയുടെ വിധിയിലൂടെ അയോഗ്യനാക്കപ്പെട്ടു എന്നത് മാത്രമല്ല ഹയർസെക്കന്ററി കോഴ്സ് അനുവദിക്കുന്ന കാര്യത്തിൽ അഴിമതി നടത്തി ആ പണം സ്വന്തം കീശയിലാക്കി എന്നത് ലീഗിന്റെ നേതാക്കന്മാർ തന്നെയാണ് തുറന്ന് പറഞ്ഞത്. ഷാജിക്കെതിരെ വിജിലൻസിന്റെയും എൻഫോഴ്സ്മെന്റിന്റെയും അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ മൊത്തത്തിൽ കുടുങ്ങി നിൽക്കുന്ന ഷാജിയുടെ വെല്ലുവിളികൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതിനുള്ള മറുപടി ഇപ്പോഴേ അവർ മനസ്സിൽ കരുതി വെച്ചിട്ടുണ്ട്.


Post a Comment

0 Comments