Flash News

6/recent/ticker-posts

തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി സമരം നടത്തുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായി സർക്കാർ തലത്തിൽ ചർച്ചയ്ക്കു വഴിതെളിയുന്നു.

Views
ഗവർണറും സി.പി.എമ്മും ഇടപെട്ടു; ചർച്ചയ്ക്ക് വഴിതെളിയുന്നു.

തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി സമരം നടത്തുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായി സർക്കാർ തലത്തിൽ ചർച്ചയ്ക്കു വഴിതെളിയുന്നു. സമരത്തിലുള്ളവരുടെ പ്രതിനിധികൾ വെള്ളിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ സർക്കാരിനു കത്തെഴുതുകയും ചെയ്തു. പ്രശ്നം അനുഭാവപൂർവം കാണണമെന്നും സർക്കാരിനു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കണമെന്നും ഗവർണറുടെ കത്തിൽ നിർദേശമുണ്ട്.

വെള്ളിയാഴ്ചകളിൽ നടക്കാറുള്ള സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിലും സമാന നിർദേശമുണ്ടായി. വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ച വേണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻകൂടി പങ്കെടുത്ത യോഗത്തിലാണ് അടിയന്തര നടപടി സ്വീകരിക്കാൻ സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശിച്ചത്. ഇതോടെയാണ് ഉദ്യോഗാർഥികളുമായി ചർച്ചയ്ക്കു വഴിതെളിഞ്ഞത്.

മന്ത്രിതലത്തിൽ ചർച്ച നടക്കാനുള്ള സാധ്യതയില്ലെന്നാണു വിവരം. ഉദ്യോഗാർഥികളുടെ വിഷയത്തിൽ സർക്കാരിന് ഇനി ചെയ്യാൻ ഒന്നുമില്ലെന്നാണ് മുതിർന്ന മന്ത്രിമാർ അടക്കമുള്ളവർ പറയുന്നത്. സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടിക റദ്ദായതാണ്. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയ്ക്ക് ഇനിയും സമയമുണ്ട്. അതിനുള്ളിൽ പരമാവധി പേരെ നിയമിക്കാൻ നിർദേശം നൽകിയിരുന്നു. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തി പ്രശ്നപരിഹാരം കാണാനായിരിക്കും ശ്രമം.

ശനിയാഴ്ചമുതൽ തുടങ്ങുന്ന പി.എസ്.സി. പത്താംതലം പ്രാഥമിക പരീക്ഷയ്ക്കായി പല ഉദ്യോഗാർഥികൾ മടങ്ങുകയും ചെയ്തു. മന്ത്രിതലത്തിൽ ചർച്ച വേണമെന്ന് ഉദ്യോഗാർഥികൾ ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തീരുമാനമെടുക്കാൻ കഴിയുന്ന ആരുമായും ചർച്ചയ്ക്കു തയ്യാറാണെന്നാണ് ഇപ്പോഴത്തെ നിലപാട്. ഈ അനുകൂല സാഹചര്യംകൂടി കണക്കിലെടുത്ത് അടുത്ത ദിവസംതന്നെ ചർച്ച നടത്താനാണു ധാരണ.

ഉദ്യോഗാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഏതു സമയത്തും ചർച്ചയ്ക്കായി കടന്നുവരാമെന്നും മന്ത്രി ഇ.പി. ജയരാജൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പറഞ്ഞിരുന്നു. സമരത്തിലുള്ള ഉദ്യോഗാർഥികളിൽ നല്ലൊരുഭാഗം ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണ്. ഇക്കാര്യം മുഖ്യമന്ത്രിയടക്കമുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ ഏറുകയുമാണ്. ഇതുകൂടി കണക്കിലെടുത്താണ് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം.


Post a Comment

0 Comments