Flash News

6/recent/ticker-posts

പിഞ്ചു കുഞ്ഞുങ്ങൾക്ക് പിസിആർ ടെസ്റ്റ്: എയർ ഇന്ത്യ കടുംപിടുത്തത്തിൽ റിയാദിൽ നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി

Views
പിഞ്ചു കുഞ്ഞുങ്ങൾക്ക് പിസിആർ ടെസ്റ്റ്: എയർ ഇന്ത്യ കടുംപിടുത്തത്തിൽ റിയാദിൽ നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി


റിയാദ്: പിഞ്ചു കുഞ്ഞുങ്ങൾക്ക് പിസിആർ ടെസ്റ്റ് എടുത്തില്ലെന്ന കാരണത്താൽ റിയാദിൽ നിന്നും നാട്ടിലേക്ക് പോകാനെത്തിയ നിരവധി പേരുടെ യാത്ര മുടങ്ങി. റിയാദിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ യാത്രക്കെത്തിയവർക്കാണ് ഈ ദുർഗതി ഉണ്ടായത്. ഒരു വയസ്സ് പോലുമാകാത്ത കുഞ്ഞുങ്ങൾക്ക് സഊദിയിൽ പിസിആർ ടെസ്റ്റ് നടത്തുന്നില്ലെന്നതടക്കമുള്ള കാര്യങൾ ബോധിപ്പിച്ചെങ്കിലും ഇവർക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയില്ല. ഒടുവിൽ നിരവധി കുടുംബങ്ങളെ ഇവിടെ ഒഴിവാക്കിയാണ് വിമാനം യാത്ര തുടർന്നത്.

    പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും പിസിആർ ടെസ്റ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്ക് മുമ്പായി ഇവർ പല തവണ എയർ ഇന്ത്യ ഓഫീസിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തിരുന്നില്ല. ഇ മെയിലിൽ അന്വേഷിച്ചെങ്കിലും മറുപടിയും ലഭിച്ചില്ല. മറ്റു പല ഏജൻസികളുമായും അന്വേഷിച്ചെങ്കിലും അതിന് സാധ്യത ഇല്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. റിയാദിൽ യാത്രക്കെത്തിയവരിൽ എട്ട് മാസമായ കുഞ്ഞടക്കമുള്ള കുട്ടികൾക്കാണ് ടെസ്റ്റ് റിസൾട്ട് ഇല്ലെന്ന കാര്യം പറഞ്ഞു യാത്ര തടസപ്പെട്ടത്. ആറോളം കുടുംബങ്ങൾക്ക് ഇത്തരത്തിൽ യാത്ര തടസപ്പെട്ടതായാണ് റിപ്പോർട്ട്.

    ഇവർക്ക് ടിക്കറ്റ് അടക്കം നഷ്ടമായ അവസ്ഥയാണ്. മാത്രമല്ല, കയ്യിലുള്ള മറ്റുള്ളവരുടെ പിസിആർ ടെസ്റ്റ് റിസൾട്ട് കാലാവധിയും ഇന്നത്തോടെ അവസാനിക്കും. നജ്റാൻ പോലെയുള്ള ദീർഘ സ്ഥലങ്ങളിൽ നിന്നെത്തിയ കുടുംബങ്ങളും കുടുങ്ങിയവരിലുണ്ട്. ഇവർക്ക് ഇനി അവിടേക്ക് തിരിച്ചു പോകലും ഏറെ ദുസഹമാണ്. 

     കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യയിലേക്ക് പോകുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റ് കൈവശം ഉണ്ടാകുകയും അത് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യണമെന്ന നിർദേശം പ്രാബല്യത്തിൽ വന്നത്. ഇതിന് പുറമെ നാട്ടിൽ എത്തിയ ശേഷം എയർപോർട്ടിൽ വൻ തുക അടച്ച് മറ്റൊരു ടെസ്റ്റ് കൂടി നടത്തണമെന്ന ഉത്തരവിനെതിരെ കടുത്ത പ്രതിഷേധവും വിമർശനമാണ് ഉയരുന്നത്. ഇതിനിടെയാണ് പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും പുറപ്പെടുന്ന രാജ്യത്ത് വെച്ച് പിസിആർ ടെസ്റ്റ് ചെയ്യണമെന്ന നിബന്ധന മൂലം പ്രവാസി കുടുംബങ്ങൾക്ക് യാത്ര മുടങ്ങിയത്.

     നിലവിൽ സഊദിയിൽ അഞ്ച് വയസിനു താഴെ ഉള്ളവർക്ക് പിസിആർ ടെസ്റ്റ് ചെയ്യുന്നില്ല. സഊദിയിൽ എന്നല്ല, ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കുട്ടികൾക്ക് നിർബന്ധമാക്കിയിട്ടില്ല. എന്നിരിക്കെ എയർ ഇന്ത്യയുടെ കടും പിടുത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഏതായാലും ഇന്ത്യൻ സർക്കാരിന്റെ തലതിരിഞ്ഞ പരിഷ്കാരണ നിയമങ്ങൾക്കെതിരെ പ്രവാസ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധാമാണ് ഉയരുന്നത്.


Post a Comment

0 Comments