Flash News

6/recent/ticker-posts

'മീശ'യ്ക്കു നല്‍കിയ അവാര്‍ഡ് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി; പിണറായിയുടെ കലി അടങ്ങിയിട്ടില്ലെന്ന് സുരേന്ദ്രൻ

Views


തൃശൂര്‍: എസ്. ഹരീഷിന്റെ മീശ നോവലിനെ ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനായി തെരഞ്ഞെടുത്തതിനെ വിവാദമാക്കി ബി.ജെ.പി. നോവലിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത് ഹിന്ദുക്കളോടുള്ള അവഹേളനമാണെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു. 

ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഇടതു സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ നടപടിയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു പറഞ്ഞു. 

അതേസമയം, സാഹിത്യ അക്കാദമി അര്‍ബന്‍ നക്സലുകളെയും ദേശവിരുദ്ധരേയും തിരുകി കയറ്റാനുള്ള സ്ഥലമായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.

മീശയ്ക്ക് അവാര്‍ഡ് നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും കെ. സുരേന്ദ്രന്‍ പറയുന്നു.

'കേരളത്തിലെ പ്രബലമായിട്ടുള്ളൊരു സമുദായ സംഘടന ഇതിനെതിരെ നിലപാടെടുത്തതാണ്. ഹിന്ദു സമൂഹമാകെ മീശ നോവലിനെതിരെ ശക്തമായി രംഗത്തെത്തിയതുമാണ്. ഹിന്ദുക്കളെ വെല്ലുവിളിക്കുക, അവരുടെ വിശ്വാസ പ്രമാണങ്ങളെ ആക്ഷേപിക്കുക എന്നുള്ളത് ഒരു പതിവ് പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയന്‍. ഇത് വളരെ തെറ്റായ സമീപനമാണ്. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളുവെന്നും' സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

സാഹിത്യ അക്കാദമി സി.പി.ഐ.എമ്മിന്റെ ഉള്‍പാര്‍ട്ടി സംഘടനയായി മാറിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് തുള്ളാനല്ല സാഹിത്യ അക്കാദമിയുടെ തലപ്പത്ത് ആളെയിരുത്തിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തില്‍ ഹിന്ദു സ്ത്രീകള്‍ ലൈംഗികതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോകുന്നതെന്ന പ്രസ്താവന ഉണ്ടായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. 

മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആര്‍ത്തവകാലത്ത് ഇവര്‍ അമ്പലത്തില്‍ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങള്‍ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണ് എന്നാണ് നോവലില്‍ പരാമര്‍ശിക്കുന്നത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി, ഹിന്ദു ഐക്യവേദി, എന്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. 

തുടര്‍ന്ന് നോവലിന്റെ പ്രസിദ്ധീകരണം മാതൃഭൂമി ആഴ്ചപ്പതിപ്പ് നിര്‍ത്തി. ഒടുവില്‍ ഡി.സി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.


Post a Comment

0 Comments