Flash News

6/recent/ticker-posts

പാസ്‌പോര്‍ട്ട് വേണ്ട, മുഖം കാണിച്ചു വിമാനയാത്ര ചെയ്യാം; പുത്തന്‍ സാങ്കേതിക വിദ്യയ്ക്ക് തുടക്കം

Views


ദുബൈ: പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ ഇല്ലാതെ യാത്ര ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കിയിരിക്കുകയാണ് ദുബൈ രാജ്യാന്തര വിമാനത്താവളം.യാത്രക്കാരന്റെ മുഖം മാത്രം കാണിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന അതി നൂതന സാങ്കേതിക വിദ്യയാണ് നടപ്പാക്കിയിരിക്കുന്നത്.

ടിക്കറ്റ് ചെക്കിങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേയ്ക്ക് കയറും വരെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണിത്.

പാസ്‌പോര്‍ട്ട് എന്നല്ല, ബോഡിങ്പാസ്സ് വരെ ഈ നടപടികള്‍ക്ക് ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സേഫ്റ്റ്വെയര്‍ അതാത് സമയത്ത് വേണ്ടത് ചെയ്യും. 

അഞ്ചു മുതല്‍ ഒന്‍പത് സെക്കന്‍ഡ് സമയം കൊണ്ട് ഈ യാത്രാ നടപടി പൂര്‍ത്തിയാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജി.ഡി.ആര്‍.എഫ്.എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നിര്‍വഹിച്ചു.

ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തെ ഒരേ മുഖരൂപമുള്ള ഇരട്ടകളെ പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സേഫ്റ്റ്വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്. 

വിമാന ടിക്കറ്റ് ചെക്കിങ് പവലിയനില്‍ മുന്നില്‍ സ്ഥാപിച്ച ക്യാമറയില്‍ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റെതാണന്ന് സിസ്റ്റം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നോരോന്നായി തുറന്നു തരും.

എന്നാല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ ആദ്യത്തെ തവണ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും. മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകര്‍ത്തുകയും വേണം. 

തുടര്‍ന്നുള്ള യാത്രകളില്‍ ഇത്തരത്തിലുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ല. പാസ്‌പോര്‍ട്ട് അവശ്യമില്ലെങ്കിലും തങ്ങളുടെ യാത്രരേഖകള്‍ എപ്പോഴും യാത്രക്കാര്‍ കൈയില്‍ കരുതണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ആദ്യഘട്ടത്തില്‍ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. പുതിയ സംവിധാനം ഇത്തരം നൂതന സംവിധാനങ്ങളുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.


Post a Comment

0 Comments