Flash News

6/recent/ticker-posts

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സംഘം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തു.

Views

 ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍   മുസ്‌ലിം  ലീഗ് സംഘം  ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തു. 
സമര മുഖത്ത് കര്‍ഷകരുടെ വളരെ വലിയ വേലിയേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സമരം ഓരോ ദിവസവും ശക്തിപ്പെട്ടുവരികയാണെന്നും ഇ.ടി. അഭിപ്രായപ്പെട്ടു.  ദേശീയ ട്രഷറർ പി.വി അബ്ദുല്‍ വഹാബ് എം. പി, നവാസ് ഗനി എം. പി, ദേശീയ സെക്രട്ടറി  ഖുറം അനീസ് ഉമര്‍ , യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, ഡൽഹിയിലെ മുസ്‌ലിം ലീഗ്,  കെ.എം.സി.സി നേതാക്കൾ എന്നിവരാണ് സമരത്തിൽ സംബന്ധിച്ചത്.   
   നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമര രംഗത്തുള്ള കർഷകർക്ക് മുസ്ലിംലീഗ് നേതാക്കൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കർഷക പ്രശ്‌നം പലതവണ പാർലമെന്റിൽ ഉന്നയിച്ച ശേഷമാണ് നേതാക്കൾ സമര രംഗത്ത് നേരിട്ടെത്തിയത്. പലയിടത്തും പോലീസ് മുസ്ലിംലീഗ് നേതാക്കളെ തടയാൻ ശ്രമിച്ചു. എന്നാൽ കർഷകരെ അഭിവാദ്യം ചെയ്യാതെ മടങ്ങില്ലെന്ന് ശഠിച്ചതോടെ അനുവാദം നൽകുകയായിരുന്നു. 

സമരം നടക്കുന്ന എല്ലാ ഭാഗങ്ങളിലും സംഘം  പോയി സമരക്കാരെ കണ്ടു സംസാരിച്ചു. കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി. സമരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിനിധികള്‍ക്ക് കർഷകര്‍ നന്ദി രേഖപ്പെടുത്തി.     

കർഷക സമരം നാടിന്റെ പോരാട്ടമാണെന്നും ലാത്തികൾ കൊണ്ടോ തോക്കുകൾ കൊണ്ടോ അടിച്ചമർത്താനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഈ പ്രക്ഷോഭത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണ നൽകേണ്ടതുണ്ടെന്നും അന്നമൂട്ടുന്ന കർഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 പോലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ മോദി സർക്കാർ എത്രത്തോളം കർഷകരെ ഭയപ്പെടുന്നു എന്നതിന് തെളിവാണെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.


Post a Comment

0 Comments