Flash News

6/recent/ticker-posts

‘ലിംഗസമത്വവുമായി ബന്ധപ്പെട്ട നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, പിന്നോട്ട് പോയത് സിപിഐഎം’; ശബരിമല സ്ത്രീപ്രവേശത്തില്‍ വിടി ബല്‍റാമിന്റെ പ്രതികരണം

Views



ലിംഗസമത്വവുമായി ബന്ധപ്പെട്ട തന്റെ പഴയ നിലപാടില്‍ത്തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് തൃത്താല എംഎല്‍എ വിടി ബെല്‍റാം. ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടുകള്‍ക്ക് വ്യക്തത ഉണ്ടെന്നും ലിംഗസമത്വ നിലപാടുകളില്‍ നിന്ന് പിന്നീട് സിപിഐഎം തന്നെ പിന്നോട്ട് പോയത് കണ്ടതാണെന്നും ബല്‍റാം പറഞ്ഞു. വിശ്വാസികളുടെ സ്വാതന്ത്ര്യവും മറ്റ് മൗലീകാവകാശങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനമാണ് ശബരിമല വിഷയത്തില്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കൊപ്പം യുഡിഎഫിന്റെ കരടുനിയമത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ നടക്കുമെന്നും ബല്‍റാം പറഞ്ഞു. എന്നാല്‍ ആചാരലംഘനത്തെ ക്രിമിനല്‍ കുറ്റമാക്കുന്നത് വ്യക്തിപരമായി താന്‍ അംഗീകരിക്കുന്നില്ലെന്നും ബെല്‍റാം വ്യക്തമാക്കി.

കരട് നിയമത്തിന്റെ ഭാഗമായിട്ടാണെങ്കിലും അല്ലെങ്കിലും ശരി. ലിംഗസമത്വവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമൊന്നുമില്ല. അത് എവിടെയാണ് ആദ്യം നടപ്പിലാക്കുന്നത് എന്നതാണ് പ്രധാനം. മതേതര പുരോഗമന ഇടങ്ങളെല്ലാം ലിംഗസമത്വം ഉറപ്പുവരുത്തി പടിപാടിയായി മതം പോലുള്ള ഒരു സ്ഥാപനത്തിലും ആ മാറ്റം എത്തുകയാണ് വേണ്ടത്. സമൂഹത്തെ ലിംഗസമത്വം ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ മാറ്റങ്ങള്‍ വരണം. പുതിയ സെന്‍സിറ്റിവിറ്റികള്‍ മാറാന്‍ സമയമെടുക്കും. മാറ്റമെന്നത് പതുക്കെ മാത്രം നടക്കുന്ന ഒന്നാണ്. ബെല്‍റാമിന്റെ വാക്കുകള്‍ ഇങ്ങനെ.

ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് മുന്‍പും പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ് വിടി ബല്‍റാം. ശബരിമല വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്തുകൊണ്ട് ബല്‍റാം രംഗത്തെത്തിയത് മുന്‍പ് ഏറെ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധയാണ് രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് അന്ന് ബല്‍റാം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.


Post a Comment

0 Comments