Flash News

6/recent/ticker-posts

എല്‍ഡിഎഫ് സീറ്റ് വിഭജനം: രണ്ടാം ഘട്ട ചര്‍ച്ച നാളെ

Views


നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സിപിഎമ്മിന്‍റെയും സിപിഐയുടെയും യോഗങ്ങള്‍ ആരംഭിക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നാളെയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ചേരും. എൽഡിഎഫ് സീറ്റ് വിഭജനത്തിനായുള്ള രണ്ടാം ഘട്ട ഉഭയ കക്ഷി ചര്‍ച്ചകള്‍ നാളെ ആരംഭിക്കും.

സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഇടത് മുന്നണിയിലെ പ്രധാന ഘടക കക്ഷികളായ സിപിഎമ്മും സിപിഐയും നേരത്തെ തീരുമാനമെടുത്തിരുന്നു. സിപിഎം രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കും. എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് സിപിഐ എടുത്തിട്ടുള്ളത്. ഇതിന്‍രെ അടിസ്ഥാനത്തിലായിരിക്കും ഇരു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥി നിര്‍ണയം. ഓരോ ജില്ലയിലേയും മണ്ഡലങ്ങളില്‍ ആരൊയൊക്കെ സ്ഥാനാര്‍ഥികളാക്കണമെന്ന് ശിപാര്‍ശ തയ്യാറാക്കാന്‍ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നാളെ ആരംഭിക്കും. ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുന്നുണ്ട്. സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ ജില്ലാ എക്സിക്യൂട്ടിവിനോട് സംസ്ഥാന എക്സിക്യുട്ടീവ് നിര്‍ദേശിക്കും. ജില്ലാ എക്സിക്യുട്ടീവിന്‍റെ നിര്‍ദേശം പരിഗണിച്ച് സംസ്ഥാന കൌണ്‍സില്‍ ആയിരിക്കും സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്.

ഇടത് മുന്നണിയുടെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. ബുധനാഴ്ചക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. മാര്‍ച്ച് 10ന് മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. മുന്നണിയുടെ പ്രകടന പ്രതിക തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ യോഗം വീണ്ടും ചേര്‍ന്ന് അടുത്താഴ്ച അവസാനത്തോടെ അതും പ്രസിദ്ധീകരിക്കും.


Post a Comment

0 Comments