Flash News

6/recent/ticker-posts

കേരളത്തിലുണ്ടായത് അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റം:മന്ത്രി കെ കെ ശൈലജ ടീച്ചര്‍

Views


കൃത്യമായ ലക്ഷ്യബോധത്തോടു കൂടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിലേതെന്നും ആരോഗ്യ മേഖലയിലുള്‍പ്പെടെ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇരിട്ടി താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് പുതിയ മാതൃ-ശിശു ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ യാഥാര്‍ഥ്യമാകുന്നത്. രോഗം വരുമ്പോള്‍ മാത്രം ആശുപത്രിയില്‍ പോകുന്നവരാണ് മിക്കവരും. രോഗപ്രതിരോധത്തെക്കുറിച്ച് നാം മറന്നു പോവുകയാണ്. അത് തിരിച്ചു പിടിക്കാന്‍ പ്രാഥമിക തലത്തില്‍ നിന്ന് തന്നെ സംവിധാനങ്ങള്‍ തുടങ്ങണം. കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇതിന് മുതല്‍ക്കൂട്ടാവും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആരോഗ്യമേഖല ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള മാതൃ-ശിശു സംരക്ഷണ വാര്‍ഡ് ഇരിട്ടി താലൂക്ക് ആശുപത്രി വികസനത്തില്‍ തന്നെ  നാഴികക്കല്ലായി മാറും.  ദേശീയ ആരോഗ്യദൗത്യം മുഖേന ലഭിച്ച 3.19 കോടി രൂപ ചെലവിലാണ്  കെട്ടിടത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ തീയറ്റര്‍, ന്യൂബോണ്‍ ഐസിയു, ട്രയാജ്, മികച്ച സൗകര്യമുള്ള വാര്‍ഡുകള്‍, മറ്റ് ആധുനിക സജ്ജീകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇരിട്ടി മുനിസിപ്പാലിറ്റിക്കു പുറമെ മലയോര മേഖലയിലെ പഞ്ചായത്തുകളായ ഉളിക്കല്‍, പടിയൂര്‍, പായം, മുഴക്കുന്ന്, തില്ലങ്കേരി എന്നിവിടങ്ങളില്‍ നിന്നും പട്ടിക വര്‍ഗ്ഗ മേഖലയായ ആറളം, അയ്യന്‍കുന്ന് എന്നീ പഞ്ചായത്തുകളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ആശ്രയിക്കാവുന്ന ആരോഗ്യ സ്ഥാപനമായി മാറുകയാണ് ഇരിട്ടി താലൂക്ക് ആശുപത്രി.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത, വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് കുര്യന്‍, ലിസി ജോസഫ്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മോഹനന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന്‍, കെല്‍ മാനേജിങ് ഡയറക്ടര്‍ ഷാജി എം വര്‍ഗീസ്, ഇരിട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സലര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments