Flash News

6/recent/ticker-posts

കാപ്പന്റെ മോഹം നടക്കില്ല, പാലാ മാത്രം നല്‍കും, ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പം!!

Views


കോട്ടയം: പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണി പ്രവേശവുമായി മുന്നോട്ട്  പോകുകയായിരുന്നു മാണി സി കാപ്പന് വന്‍ തിരിച്ചടി. കൂടുതല്‍ സീറ്റുകള്‍ മോഹിച്ച് യുഡിഎഫിനൊപ്പം നില്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനൊപ്പമാണ് ഹൈക്കമാന്‍ഡും എന്ന് വ്യക്തമാകുകയാണ്. മൂന്ന് സീറ്റുകളായിരുന്നു പുതിയ പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ കാപ്പന്‍ ലക്ഷ്യമിട്ടത്. മലബാറില്‍ ശശീന്ദ്രനെതിരെ മത്സരിക്കാനും പദ്ധതിയുണ്ടായിരുന്നു. എല്ലാ പിന്തുണയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്ന് എഐസിസി നേതാവ് തന്നെ പറഞ്ഞിരിക്കുകയാണ്.
മാണി സി കാപ്പന്‍ വിഭാഗത്തെ ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നല്‍കിയ ഉറപ്പിലാണ് കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം വന്നത്. എന്നാല്‍ പാലാ സീറ്റ് മാത്രമേ നല്‍കൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്‍സിപി കേരള എന്ന പുതിയ പാര്‍ട്ടി ഇതോടെ അപ്രസക്തമാവുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഘടകകക്ഷിയാക്കുന്നത് ഹൈക്കമാന്‍ഡാണെന്ന് പറയുകയും ചെയ്തു. ഇതിനെ പിന്തുണച്ചായിരുന്നു കെസി വേണുഗോപാലും പ്രതികരിച്ചത്.
കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണം ചെയ്യുമെങ്കിലും കൂടുതല്‍ സീറ്റ് നല്‍കാന്‍ പരിമിതകളുണ്ടെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പിജെ ജോസഫുമാണ് കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയത്. മുല്ലപ്പള്ളിയുടെ ഇടപെടല്‍ ഇവര്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍ മുല്ലപ്പള്ളിക്കൊപ്പമാണ് ഹൈക്കമാന്‍ഡ് എന്നാണ് വ്യക്തമാകുന്നത്. എന്‍സിപി ഒന്നടങ്കം ഇടതുമുന്നണിയിലേക്ക് വന്നിരുന്നെങ്കില്‍ യുഡിഎഫില്‍ ഘടകകക്ഷിയാവുമായിരുന്നു. എന്നാല്‍ കാപ്പനും കുറച്ച് അനുയായികളും മാത്രമാണ് ഇപ്പോള്‍ വന്നത്. അതാണ് മുന്നണിയുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്.
കൈപ്പത്തി ചിഹ്നം നല്‍കി കാപ്പനെ പാലായില്‍ മത്സരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശം. പിന്നെയുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കുന്നതാണ്. കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്ന തന്ത്രമാണ് പാര്‍ട്ടി കാപ്പന് മുന്നോട്ട് വെക്കുന്നത്. പ്രത്യേക കക്ഷിയായി മുന്നണിയിലെടുത്ത് സീറ്റുകള്‍ നല്‍കിയാല്‍, വലിയ അപകടം കോണ്‍ഗ്രസ് മുന്നില്‍ കാണുന്നുണ്ട്. എന്‍സിപികള്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ യുഡിഎഫിന് വലിയ നഷ്ടമുണ്ടാവും. ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കാപ്പനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. മുല്ലപ്പള്ളിക്കും കാപ്പന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലാണ് താല്‍പര്യം.


Post a Comment

0 Comments