Flash News

6/recent/ticker-posts

ചരിത്രക്കുതിപ്പിന്റെ ചൂളംവിളിക്ക്‌‌ ഇന്ന്‌ 160 ആണ്ട‌് ; സംസ്ഥാനത്തെ ആദ്യ തീവണ്ടി തിരൂർ – ബേപ്പൂർ പാതയിൽ

Views
കോഴിക്കോട്
ഒന്നര നൂറ്റാണ്ട് മുമ്പൊരു പകൽ. തുറമുഖ നഗരത്തിനോട് ചേർന്ന ചാലിയമെന്ന പ്രദേശം ചരിത്ര നിമിഷത്തിന് സാക്ഷിയാകാനൊരുങ്ങി. പത്തേമാരിയിൽ എത്തിച്ച എൻജിനും കോച്ചുകളുമെല്ലാം ഘടിപ്പിച്ചു കഴിഞ്ഞു. സായിപ്പന്മാരുടെയും നാട്ടുകാരുടെയും കണ്ണിൽ ആകാംക്ഷയും കൗതുകവും. പുതുതായി പണികഴിപ്പിച്ച ഇരുനില സ്റ്റേഷനുമുന്നിൽനിന്ന് തിരൂരിലേക്ക് പുകതുപ്പി കൽക്കരി തീവണ്ടി കുതിച്ചു. കാളവണ്ടികളുടെ കുളമ്പടിശബ്ദങ്ങൾ നിറഞ്ഞ കേരളത്തിന്റെ യാത്രാ ഓർമകളിലേക്ക് തീവണ്ടികൾ കൂകിപ്പാഞ്ഞെത്തിയിട്ട് ഇന്നേക്ക് 160 വർഷം.
ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി നിർമിച്ച തിരൂർ﹣-ബേപ്പൂർ റെയിൽപ്പാതയിൽ 1861 മാർച്ച് 12നാണ് ആദ്യ തീവണ്ടി ഓടിയത്. രാജ്യത്ത് ആദ്യതീവണ്ടി ഓടി എട്ടുവർഷങ്ങൾക്കുശേഷമാണ് കേരളത്തിലും വണ്ടി കൂകിപ്പാഞ്ഞത്. ബേപ്പൂർ തുറമുഖം പ്രയോജനപ്പെടുത്തും വിധം ചരക്ക് ഗതാഗതവും അതോടൊപ്പം യാത്രാ സൗകര്യവും 

ഒരുക്കുകയായിരുന്നു ലക്ഷ്യം. ബേപ്പൂർ സ്റ്റേഷൻ നിർമിച്ചത് ചാലിയത്തായിരുന്നു. ടിപ്പു സുൽത്താൻ പടയോട്ടത്തിനായി നിർമിച്ച റോഡിന് സമാന്തരമായാണ് 1860 ൽ നിർമാണം തുടങ്ങിയത്. 19 നാഴിക ദൂരത്തിലാണ് പാത നിർമിച്ചത്. മാസങ്ങൾക്കുള്ളിൽ കുറ്റിപ്പുറം, പട്ടാമ്പി, പോത്തനൂർ ...അങ്ങനെ പാത നീണ്ടു. നിർമാണ ജോലികളിലും മരത്തടികൾ കയറ്റാനുമൊക്കെ ഖലാസിമാരായിരുന്നു മുന്നിൽ. വർഷങ്ങൾ പിന്നിടുന്തോറും യാത്രക്കാരും മറ്റ് ആവശ്യങ്ങളും വർധിച്ചതോടെ 1888ൽ കോഴിക്കോട്ടേക്ക് സ്റ്റേഷൻ മാറ്റി. അതോടെ ചാലിയം സ്റ്റേഷൻ ഇല്ലാതായി.

ചാലിയത്തെ പഴയ സ്റ്റേഷൻ നാമാവശേഷമായെങ്കിലും ഒരു കെട്ടിടത്തിന്റെ കുറച്ച് ഭാഗം ഇവിടെയുള്ള ഹോർത്തൂസ് മലബാറിക്കസ് സസ്യസർവസ്വം മ്യൂസിയത്തിന്റെ ഭാഗമായി നിലനിർത്തിയിട്ടുണ്ട്. എൻജിൻ തിരിക്കുന്നതിനും വെള്ളത്തിനുമായി നിർമിച്ച പഴയ കിണറിപ്പോഴും (വണ്ടി കിണർ) ഉണ്ട്. അടുത്തിടെ ഈ പരിസരത്ത് മണ്ണെടുത്തപ്പോൾ ട്രാക്ക് ഘടിപ്പിക്കുന്നതിനുള്ള പഴയ രണ്ട് പാത്തികൾ കിട്ടി. ഇതിലൊന്ന് യുദ്ധക്കപ്പൽ രൂപകൽപ്പന കേന്ദ്രമായ ‘നിർദേശി’ലും മറ്റൊന്ന് ഈ മ്യൂസിയത്തിലുമുണ്ട്. അന്ന് ഉപയോഗിച്ച കൽക്കരിയുടെ അവിശിഷ്ടങ്ങൾ ചാലിയത്തെ ഗവ. ഫിഷറീസ് എൽപി സ്കൂളിലെ മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്.


Post a Comment

0 Comments