Flash News

6/recent/ticker-posts

പുതിയ തൊഴിൽ സംവിധാനം; റീ എൻട്രി 30 ദിവസത്തേക്ക്, 10 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം , അറിയാം കൂടുതൽ കാര്യങ്ങൾ

Views

റിയാദ്: മുക്കാൽ നൂറ്റാണ്ട് കാലത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന് അവസാനമായി പുതിയ തൊഴിൽ സംവിധാനം ഇന്നത്തോടെ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ എക്‌സിറ്റ്, റീ എൻട്രി കാര്യങ്ങളിൽ കൂടുതൽ വ്യക്തത. പരിഷ്‌കരിച്ച തൊഴിൽ സംവിധാനത്തിലെ അതിപ്രധാനമായ ഒരു കാര്യമായിരുന്നു നാട്ടിലേക്ക് പോകാനായി തൊഴിലാളികൾക്ക് സ്വന്തമായി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സ്വന്തമാക്കാമെന്ന്. എന്നാൽ, ഇതിലെ സംശയങ്ങൾക്ക് പൂർണ്ണ വിരാമമിട്ട് മന്ത്രാലയം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി.

തൊഴിലാളി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സമർപ്പിച്ച്‌ 10 ദിവസത്തിനു ശേഷം ഇവ ആക്റ്റിവ് ആകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. തൊഴിലുടമക്ക് ഇക്കാര്യത്തിൽ വേണമെങ്കിൽ അന്വേഷണം നടത്താനാണ് ഈ കാലയളവ് നൽകിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ തൊഴിലുടമ ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തിയില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽതൊഴിലാളിക്ക് 30 ദിവസത്തേക്കുള്ള എക്‌സിറ്റ് റീ എൻട്രി വിസ കരസ്ഥമാക്കാം. എന്നാൽ, തൊഴിൽ കരാർ കാലാവധി കഴിയുന്നതോടെ എക്‌സിറ്റ് റീ എൻട്രി നേടാൻ സാധ്യമല്ല. തൊഴിലാളി നൽകിയ റീ എൻട്രി വിസ റദ്ദാക്കാനും തൊഴിലുടമയ്ക്ക് അനുവാദമില്ല. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന അതേ മാതൃകയിൽ വിദേശികൾക്ക് റീ എൻട്രി വിസ നൽകാനും തൊഴിലുടമക്ക് അവകാശമുണ്ട്.


 
ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ തൊഴിലുടമക്കും സ്വന്തമായി നേടാൻ തൊഴിലാളിക്കും അവകാശമുണ്ട്. തൊഴിലാളി ഫൈനൽ എക്‌സിറ്റിനു അപേക്ഷിച്ചാൽ ഇക്കാര്യത്തിലും തൊഴിലുടമക്ക് പത്ത് ദിവസം അന്വേഷണം നടത്താനായുള്ള സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടക്ക് പ്രത്യേക മറുപടിയൊന്നും തൊഴിലുടമയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെങ്കിൽ ഈ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് കരസ്ഥമാക്കാം. ഇഷ്യു ചെയ്‌തത്‌ മുതൽ 15 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

തൊഴിൽ കരാർ നില നിൽക്കെ രാജ്യം വിട്ട ശേഷം തിരിച്ചു വരാത്ത വിദേശികൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തും. റീ എൻട്രി വിസയിൽ പുറത്തേക്ക് പോയി തിരിച്ച്‌ വരാതിരുന്ന ഘട്ടത്തിലാണിത്. എന്നാൽ, റീ എൻട്രി വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്താൻ സാധ്യമല്ലെങ്കിൽ തൊഴിലുടമക്ക് വിസ കാലാവധി നീട്ടി നൽകാനുള്ള അവസരമുണ്ടാകും.


Post a Comment

0 Comments