Flash News

6/recent/ticker-posts

പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

Views



വനിതാ ദിനത്തിന്‍റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ ക൪ഷക ദിനമായി ആചരിക്കും. പ്രതിഷേധം സംഘടിപ്പിക്കുന്നതും സദസിനെ അഭിസംബോധന ചെയ്യുന്നതുമെല്ലാം സ്ത്രീകൾ മാത്രമായിരിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

500 ബസുകളിലും 600 മിനി ബസുകളിലും 115 ട്രക്കുകളിലും 200 ചെറിയ വാഹനങ്ങളിലുമായാണ് സ്ത്രീകള്‍ യാത്ര തിരിച്ചതെന്ന് ബികെയു ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് പറഞ്ഞു. ആയിരങ്ങള്‍ തിക്രി അതിര്‍ത്തിയില്‍ ഇന്ന് തന്നെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികള്‍ക്ക് പരീക്ഷാ സമയമായതിനാല്‍ മിക്ക സ്ത്രീകളും തിരക്കിലാണ്. അതിനാല്‍ ചിലര്‍ ഡല്‍ഹിയിലെ പ്രതിഷേധം കഴിഞ്ഞ് മാര്‍ച്ച് 9ന് തിരിച്ച് പഞ്ചാബിലെത്തും. ബാക്കിയുള്ളവര്‍ ഡല്‍ഹിയിലെ സമരത്തില്‍ തുടരും- ബികെയു വനിതാ വിഭാഗം നേതാവ് ബല്‍ബിര്‍ കൌര്‍ പറഞ്ഞു.

അതേസമയം കർഷക പ്രതിഷേധത്തിന്‍റെ 101ആം ദിനമായ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കിസാൻ കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് എഐസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച ഉടൻ പൊലീസ് തടഞ്ഞു. തുടർന്ന് അക്ബർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് 101 കുടങ്ങളിൽ നിറച്ചായിരുന്നു മാർച്ച്. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു ആവശ്യം. മോദി സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് കിസാൻ കോൺഗ്രസ്‌ ദേശീയ ഉപാധ്യക്ഷൻ സുരേന്ദർ സോളങ്കി വിമര്‍ശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ക൪ഷക൪ ഉടൻ പ്രചാരണത്തിനെത്തും. ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടില്ല. മോദി സര്‍ക്കാര്‍‌ കര്‍ഷകരോട് ചെയ്ത ദ്രോഹം തിരിച്ചറിയണമെന്നും ബിജെപിയെ തോല്‍പ്പിക്കണമെന്നുമാണ് കര്‍ഷക നേതാക്കള്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുക.



Post a Comment

0 Comments