Flash News

6/recent/ticker-posts

പാതിമയക്കത്തിലായിരുന്ന 44 പേർ ബസ്സിനുള്ളില്‍ തീഗോളമായി കത്തി കരിഞ്ഞമര്‍ന്ന നടുക്കുന്ന ഓർമകൾക്ക് ഇന്ന് 20 വർഷം.

Views


 നടുക്കവും ഓർമ്മകളും വിട്ട് മാറാതെ പൂക്കിപ്പറമ്പ്; ഡ്രൈവര്‍മാരിലും യാത്രക്കാരിലും സുരക്ഷിത ബോധവൽക്കരണം നടത്തി മോട്ടോർ വാഹന വകുപ്പ്..!

പാതിമയക്കത്തിലായിരുന്ന 44 പേർ ബസ്സിനുള്ളില്‍ തീഗോളമായി കത്തി കരിഞ്ഞമര്‍ന്ന നടുക്കുന്ന ഓർമകൾക്ക് ഇന്ന് 20 വർഷം;

44 പേരുടെ ജീവനെടുത്ത്‌ കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ്‌ ദുരന്തത്തിന്‌ 20 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. നീണ്ട 20 വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടത്തുകാരുടെ നടുക്കവും ഓർമ്മകളും മായുന്നില്ല. ഒരു നാടിന്‍റെ കരളുകത്തിയ ദുരന്തമാണെങ്കില്‍ പ്രതേകിച്ച്‌ പൂക്കിപറമ്പ്‌ പൊള്ളുന്ന ഒരു ദുരന്തസ്മരണ കൂടിയാണീ അപകടം. കുത്തിനിറച്ച യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക്‌ പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ്‌ കോഴിച്ചെന ഇറക്കത്തിലൂടെ ഓടിവന്ന് പൂക്കിപറമ്പില്‍ വെച്ച്‌ ഒരു കാറില്‍ ഇടിച്ചു നടുറോട്ടില്‍ വിലങ്ങനെ മറിഞ്ഞു. നടുറോഡില്‍ തീപിടിച്ച്‌ കത്തിയ ബസിനകത്ത്‌ കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന 44 യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു ജീവൻ വെടിഞ്ഞു.

രക്ഷാ പ്രവര്‍ത്തനങ്ങളെല്ലാം അസാധ്യമാക്കിയ ആ ആരമണിക്കൂര്‍ സമയംകൊണ്ട് പലരും സീറ്റുകളില്‍ ഇരുന്നു അതേ നിലയിലാണ് വെന്തുരുകിയത്. 22 പേര്‍ക്കു ഗുരുതര പരിക്കുകളും സമ്മാനിച്ച ദുരന്തം ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായി ചരിത്രത്തില്‍ ഇപ്പോഴും നിലകൊള്ളുന്നു. ഈ  ദയനീയ ദ്യശ്യങ്ങള്‍ക്ക്  സാക്ഷിയായ പലരുടെയും സമനില മാസങ്ങളോളം ആടിയുലഞ്ഞിട്ടുണ്ടാകും.

ബസിന്‍റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ്‌ പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ്‌ റോഡിലുരസി ചിതറിയ തീപൊരിയില്‍ ബസ്‌ കത്തുകയും ചെയ്തെന്നായിരുന്നു നിഗമനം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇന്ധന ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. കിട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ക്ക്  പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള 12 പേര്‍ പരിക്കോടെ രക്ഷപെട്ടത്‌ മഹാദുരന്തത്തിലെ ഭാഗ്യ രേഖ പോലെ ഇന്ന്‌ പഴമക്കാര്‍ ഓര്‍ക്കുന്നു. പൂക്കിപ്പറമ്പ് അപകടത്തില്‍ മരിച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു.


തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക്‌ രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി. കണ്ടക്ടറും ക്ലിനറും ദുരന്തത്തിനിരയായവരില്‍ പെടുന്നു. അമിത വേഗമായിരുന്നു ഈ വന്‍ ദുരന്തത്തിന്‍റെ കാരണം. പിന്നാലെ ഒരു കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടതിന്‍റെ വെപ്രാളമായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്‌. ഈ ബസ്‌ ഇതേ റൂട്ടില്‍ മുന്‍പും അപകടത്തില്‍ പെട്ടു നാലുപേരുടെ മരണത്തിനിടയായിരുന്നു.

ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മകള്‍ അപകട സ്‌ഥലത്തെത്തി ഡ്രൈവര്‍മാരിലും യാത്രക്കാരിലുമെത്തിച്ച്‌ സുരക്ഷിത യാത്രക്കായി ബോധവല്‍ക്കരണം നല്‍കുകയാണ്‌ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥര്‍. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്‌ഥലത്ത്‌ ബസ്‌ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ്‌ ബോധവത്‌ക്കരണം നല്‍കിയത്‌. അപകടത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും യാത്രക്കാരിലും ബസ്സ്‌ ജീവനക്കാരിലും എത്തിച്ച്‌ സുരക്ഷിതയാത്രയുടെ അവബോധം സൃഷ്‌ടിച്ചാണ്‌ മോട്ടോര്‍ വാഹനവകുപ്പ്‌ പൂക്കിപ്പറമ്പില്‍ കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്‌ ബോധവത്‌ക്കരണം സംഘടിപ്പിച്ചത്‌.

Post a Comment

0 Comments