Flash News

6/recent/ticker-posts

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു; രോഗമുക്തിനിരക്ക് 96.6 ശതമാനം

Views

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു. രോഗത്തിന്റെ രണ്ടാം തരംഗമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നിലനിൽക്കെയാണ് രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി താഴുന്ന പ്രവണത കാണിക്കുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32,174 ആണ്. ഒക്ടോബറിൽ ഇത് തൊണ്ണൂറ്റേഴായിരം കടന്നിരുന്നു. ഫെബ്രുവരി മധ്യത്തോടെയാണ് രോഗികളുടെ നിരക്ക് കുറഞ്ഞുതുടങ്ങിയത്.

രോഗമുക്തിനിരക്ക് 96.6 ശതമാനമാണിപ്പോൾ. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിലെ വളർച്ച 0.2 ശതമാനം മാത്രമാണ്. പോസിറ്റീവ് ആകുന്നവരുടെ നിരക്ക് കഴിഞ്ഞ ഒരാഴ്ച ശരാശരി 3.72 ശതമാനമാണ്. ഒരുഘട്ടത്തിൽ സംസ്ഥാന ശരാശരി 8.93 ശതമാനത്തിലെത്തിയിരുന്നു. ഏതാണ്ട് അരലക്ഷത്തോളം പരിശോധനകളാണ് ദിവസം നടത്തുന്നത്.

അതേസമയം, ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് ഇപ്പോഴും കേരളം. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 1.10 ലക്ഷത്തിനുമുകളിലാണ് ചികിത്സയിലുള്ളവർ.

12 ലക്ഷം പേർക്ക് പ്രതിരോധമരുന്ന് നൽകി

സംസ്ഥാനത്ത് കഴിഞ്ഞദിവസംവരെ 12,73,856 പേർ ആദ്യ ഡോസ് കോവിഡ് പ്രതിരോധമരുന്ന് സ്വീകരിച്ചു. ഇതിൽ 2,64,844 പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. അറുപതിനുമേൽ പ്രായമായവരിൽ 4,69,910 പേരാണ് വെള്ളിയാഴ്ച വരെ വാക്‌സിൻ സ്വീകരിച്ചത്. 45-നും 59-നും ഇടയിൽ പ്രായമായ ഗുരുതരരോഗബാധിതരായ 25,105 പേരും ആദ്യ ഡോസ് സ്വീകരിച്ചു. തിരഞ്ഞെടുപ്പുചുമതലയുള്ള 2,74,449 പേരും കുത്തിവെപ്പടുത്തു. സംസ്ഥാന ജനസംഖ്യയിൽ 3.48 ശതമാനം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.

മരണത്തിൽ മുന്നിൽ തിരുവനന്തപുരം

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4369 പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽപേർക്ക് ജീവൻ നഷ്ടമായത് (856). സംസ്ഥാനത്ത് മരണനിരക്ക് ഇപ്പോൾ 0.4 ശതമാനമാണ്.

എറണാകുളം (1.26 ലക്ഷം), തൃശ്ശൂർ (1.01 ലക്ഷം), കോഴിക്കോട് (1.23ലക്ഷം), മലപ്പുറം (1.20 ലക്ഷം), തിരുവനന്തപുരം (1.04 ലക്ഷം) ജില്ലകളിൽ ഇതിനോടകം ഒരുലക്ഷത്തിലേറെപ്പേർക്ക് രോഗം പിടിപെട്ടു.

മറ്റുജില്ലകളിലെ മരണം

എറണാകുളം 428

കോഴിക്കോട് 473

മലപ്പുറം 426

തൃശ്ശൂർ 467

കൊല്ലം 323

കോട്ടയം 203

ആലപ്പുഴ 381

പാലക്കാട് 178

പത്തനംതിട്ട 115

കണ്ണൂർ 295

കാസർകോട് 99

ഇടുക്കി 37

വയനാട് 88


Post a Comment

1 Comments

  1. വാക്‌സിനേഷൻ രജിസ്ട്രെഷനും നടപടിക്രമങ്ങളും കമ്പുട്ടർ സാക്ഷരര ല്ലാത്തവർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ ടെലിഫോൺ വഴിയോ രജിസ്ട്രേഷൻ കൗണ്ടറുകൾ വഴിയോ ആക്കി മാറ്റണം. മൊബൈലെഫോൺ വഴിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അതിന്റെ സാങ്കേതികക്കുരുക്കുകൾ കാരണം പലർക്കും സാധിക്കുന്നില്ല.

    ReplyDelete