Flash News

6/recent/ticker-posts

ജീവിതയാത്ര ഇനി ഒരുമിച്ച്! വീല്‍ച്ചെയറിലിരുന്ന് കണ്ട സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കി ജസീലയും സഹദും

Views


ജസീലയും സഹദും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജസീലയും, മഞ്ചേരി സ്വദേശി സഹദുമാണ് വീല്‍ച്ചെയറിലിരുന്ന് പുതിയ സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി കെയര്‍ ക്യാമ്പസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ജസീലയും സഹദും രണ്ട് പേരും ഒരുപോലെ അരക്ക് താഴെ തളര്‍ന്ന് വീല്‍ചെയറിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. എബിലിറ്റി ഫൗണ്ടേഷനില്‍ രണ്ട് വര്‍ഷം ഫാഷന്‍ ഡിസൈനിങ് പഠിച്ച് അതേ കാമ്പസില്‍ ഫാഷന്‍ ഡിസൈനറാണ് ജസീല. വീല്‍ച്ചെയറില്‍ മണവാട്ടിയായി ഇരിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളെ വാശിയോടെ എത്തിപ്പിടിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ജസീല.

പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് അരക്ക് താഴെ തളര്‍ന്ന ജസീല സ്വന്തമായൊരു ജോലി എന്ന സ്വപ്നം നേടിയതിന് തൊട്ട് പുറകെയാണ് മഞ്ചേരി സ്വദേശി സഹദിന്റെ വധുവായത്. ഒന്നര വയസ്സിലാണു ജസീലയ്ക്കു പോളിയോ ബാധിച്ചത്. അതിനു മുന്‍പേ ഉപ്പയും അഞ്ചാം വയസ്സില്‍ ഉമ്മയും മരിച്ചു. ഇപ്പോള്‍ കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി പ്രൊഡക്ഷന്‍ സെന്ററില്‍ ഫാഷന്‍ ഡിസൈനറാണ്.

സഹദ് വൈകല്യങ്ങളോടെയാണ് ജനിച്ചത്. ഒരുപാട് പരീക്ഷണങ്ങളെ അതിജീവിച്ചാണ് രണ്ട് പേരും ജീവിതത്തില്‍ മുന്നേറുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സഹദ് ഇപ്പോള്‍ ജോലിക്കായുള്ള കമ്പ്യൂട്ടര്‍ പഠനത്തിലാണ്.


പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷന്‍ കാമ്പസില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു ഇരുവരുടെയും വിവാഹം. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള വിവാഹാന്വേഷണ സംഗമം ‘പൊരുത്തം’ പരിപാടിയിലാണ് രണ്ടു പേരും കണ്ടുമുട്ടിയത്. വിവാഹശേഷം ഇവര്‍ക്ക് എബിലിറ്റി ഗെസ്റ്റ് ഹൗസില്‍ തന്നെ താമസമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപന ഭാരവാഹികള്‍.



Post a Comment

0 Comments