Flash News

6/recent/ticker-posts

തവനൂരില്‍ ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ തന്നെ; നിലമ്പൂരില്‍ വി.വി പ്രകാശ്

Views


മലപ്പുറം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നിലമ്പൂരില്‍ വി.വി. പ്രകാശും മത്സരിക്കും. ഔദ്യോഗികമായ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ ഉദ്ധരിച്ച് മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‌

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘സന്തോഷത്തോടെ ഞാന്‍ മാറി നില്‍ക്കുകയാണ് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട’, ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു.

ഇതിനിടെ തവനൂരിലെ സിറ്റിങ് എംഎല്‍എ മന്ത്രി കെ.ടി. ജലീല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

മലപ്പുറത്ത് കോണ്‍ഗ്രസ് നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ പൊന്നാനിയിലും വണ്ടൂരിലും കഴിഞ്ഞ ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ്. നിലമ്പൂരിലും തവനൂരിലുമാണ് അനിശ്ചിതത്വം ഉണ്ടായിരുന്നത്. ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പിയില്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ റിയാസ് മുക്കോളിയെ ഇങ്ങോട്ടേക്ക് പരിഗണിച്ചേക്കും.



Post a Comment

1 Comments

  1. ഫിറോസ് കുന്നംപറമ്പിൽ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച നല്ല സ്ഥാനാർഥി തന്നെ . ഫിറോസിന്റെ വിജയം ഈ നാട്ടിലെ പാവപ്പെട്ട രോഗികളുടെയും അവരുടെ കുടുംബാഗങ്ങളുടെയും വിജയമാകട്ടെ .

    ReplyDelete