Flash News

6/recent/ticker-posts

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് അടുത്തകൊല്ലം മുതൽ നിരോധനം

Views

ന്യൂഡൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് അടുത്തകൊല്ലം നിരോധിക്കും. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏർപ്പെടുത്തുക. 120 മൈക്രോണിൽ കുറഞ്ഞ കനമുള്ള പോളിത്തീൻ ബാഗുകൾ ഉപയോഗിക്കുന്നത് ഇക്കൊല്ലം െസപ്റ്റംബർ 30 മുതലും വിലക്കും.

വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ഇവ നിർമിക്കാനോ ഇറക്കുമതി ചെയ്യാനോ വിൽക്കാനോ ഉപയോഗിക്കാനോ പറ്റില്ല. സംസ്കരിച്ച് വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത എല്ലാത്തരം പ്ലാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം.

പ്ലാസ്റ്റിക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇതിൻമേൽ മേയ് 11 വരെ അഭിപ്രായം അറിയിക്കാം. അവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമവിജ്ഞാപനം. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാർച്ച് 18-ന് പ്രാബല്യത്തിൽവന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.

2022 ജനുവരി ഒന്നുമുതൽ നിരോധിക്കുന്നവ

 പ്ലാസ്റ്റിക് തണ്ടുള്ള ഇയർ ബഡുകൾ, ബലൂണുകൾ

 പ്ലാസ്റ്റിക് കൊടികൾ

 മിഠായി, ഐസ്‌ക്രീം തണ്ടുകൾ

 അലങ്കാരങ്ങൾക്ക് ഉപയോഗിക്കുന്ന തെർമോകോളുകൾ

2022 ജൂലായ് ഒന്നുമുതൽ നിരോധിക്കുന്നവ

പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, കട്‌ലറി സാധനങ്ങൾ പൊതിയാനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ

ക്ഷണക്കത്തുകൾ

സിഗററ്റ് പാക്കറ്റുകൾ

കനം 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പി.വി.സി. ബാനറുകൾ


Post a Comment

1 Comments

  1. എന്തും നിരോധിച്ചോളൂ , പക്ഷെ ഉത്ഭവസ്ഥാനത്തും ഉത്പാദനസ്ഥാനത്തുമായിരിക്കണം നിരോധനങ്ങൾ. കോടിക്കണക്കിനു രൂപയുടെ പാൻപരാഗും പുകയിലയുൽപ്പന്നഫാക്റ്ററിയും യാതൊരു നിയമനടപടികൾക്കും വിധേയമാകാതെ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുമ്പോൾ ഇരുപതു രൂപയുടെ പാൻപരാഗ് വിറ്റ അതാഴപ്പട്ടിണിക്കാരൻ "പെട്ടിക്കടമുതലാളിയെ" ജയിലിലടക്കുന്ന നിയമം പോലെയാക്കരുത് പ്ലാസ്റ്റിക്നിരോധന നിയമം . ഉത്പാദനവും ഹോൾസെയിൽ കച്ചവടവുമാകണം നിരോധിക്കേണ്ടത് . അതിനുള്ള നട്ടെല്ല് പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന മുതലാളിമാരോട് സർക്കാർ കാണിക്കണം . ഇതിനു മുമ്പൊരിക്കൽ തുണിക്കടയിൽ നിന്ന് പ്ലാസ്റ്റിക് ബാഗിൽ സാരിയും ചുരിദാർത്തുണിയും വാങ്ങിക്കൊണ്ട് പോകുന്ന ഒരു വൃദ്ധയെ ഏതോ ഉദ്യോഗസ്ഥൻ പിടികൂടുന്നത് കാണാനിടയായി. തുണിക്കടയുടെ പേരും അഡ്രസ്സും പ്രിന്റ് ചെയ്തിരിക്കുന്ന ആ പ്ലാസ്റ്റിക് ബാഗിൽ തുണി പൊതിഞ്ഞുകൊടുക്കുന്ന തുണിക്കടമുതലാളിയേയോ ആ ബാഗ് ഉണ്ടാക്കിക്കൊടുത്ത കമ്പനിമുതലാളിയേയോ പിടിച്ചു കേസ് ചാർജ് ചെയ്യാനുള്ള ധൈര്യവും നട്ടെല്ലുമല്ലേ സർക്കാർ കാണിക്കേണ്ടത് ?. അല്ലാതെ അർദ്ധപട്ടിണിക്കാരികളായ പാവങ്ങളെ പ്ലാസ്റ്റിക്കിന്റെ കാര്യം പറഞ്ഞു തെരുവിലിട്ടു ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യരുത്.

    ReplyDelete