Flash News

6/recent/ticker-posts

കേരളത്തില്‍ സി.എ.എ. നടപ്പിലാക്കാന്‍ സമ്മതിക്കില്ല-മുഖ്യമന്ത്രി

Views
കാസര്‍കോട്: പൗരത്വ ഭേദഗതി ബില്‍ (സി.എ.എ) കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരത്വം നിശ്ചയിക്കുന്നത് ഭരണ ഘടനാ ലംഘനമാണ്. ഇത് ജനങ്ങളുടെ ഐക്യം തകര്‍ക്കും. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു പറയുന്നു. 
എന്നാല്‍ ഞങ്ങളുടെ നിലപാട് പല വട്ടം പറഞ്ഞുകഴിഞ്ഞതാണ്. ആര്‍.എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര ഭരണത്തില്‍ ന്യൂന പക്ഷങ്ങള്‍ക്കും ജനാധിപത്യ വാദികള്‍ക്കും രക്ഷയില്ല എന്നതിന് തെളിവാണ് യു.പിയില്‍ തീവണ്ടിയില്‍ വെച്ച് കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അക്രമികളെ വെള്ളപൂശാന്‍ ശ്രമിച്ചത്. 
ഇടതുമുന്നണി 2016ല്‍ നേടിയതിനേക്കാള്‍ ഉജ്ജ്വല വിജയം ഇത്തവണ നേടുമെന്നും അതിന്റെ തെളിവാണ് എല്ലായിടത്തും കാണുന്ന വലിയ തോതിലുള്ള എല്‍.ഡി.എഫ്. അനുകൂല വികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ മുഖ്യമന്ത്രി ഹോട്ടല്‍ സിറ്റി ടവറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
13 ജില്ലകളില്‍ പര്യടനം കഴിഞ്ഞാണ് ഞാന്‍ വരുന്നത്. അവിടങ്ങളില്‍ കണ്ട അനുഭവം ജനങ്ങള്‍ വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണെന്നാണ്. വലിയ തോതിലുള്ള എല്‍.ഡി.എഫ്. അനുകൂല വികാരം എല്ലാ ജില്ലകളിലും കണ്ടു. അഞ്ചുകൊല്ലം മുമ്പ് ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യാന്‍ പോവുകയാണ്. അവരുടെ വോട്ട് നിലയും കുറക്കും- അദ്ദേഹം പറഞ്ഞു.
എല്ലാ രംഗത്തും വലിയ വികസനം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും ഇല്ലാതിരുന്നെങ്കില്‍ ഇതിലും ബഹുദൂരം മുന്നോട്ടുപോകുമായിരുന്നു. കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭയപ്പെടുന്നു.
വികസനത്തെ മറച്ചുവെക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിവാദങ്ങളുടെ ഉല്‍പ്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ തയ്യാറാവുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് അവര്‍ നടപ്പിലാക്കുന്നത്. കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ അക്രമിക്കാനാണ് ശ്രമിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പ്രതിപക്ഷത്തിന് അധികാരക്കൊതിയാണ്. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മുന്നില്‍ അവര്‍ക്ക് മുട്ട് വിറക്കുകയാണ്. കേരളം ഒരുപാട് മുന്നേറി. പഴയ ആസ്പത്രികളും സ്‌കൂളുകളും റോഡുകളുമാണോ ഇന്നുള്ളത്. അഴിമതിയുടെ പാലാരിവട്ടം പാലത്തിന് പകരം ഉറപ്പുള്ള പാലങ്ങള്‍ വന്നു. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഇല്ലാതായി. പവര്‍ക്കട്ട് ഒഴിവായി. പട്ടയ വിതരണം റെക്കോഡിലെത്തി. ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം പേര്‍ക്ക് കിടപ്പാടമായി. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കി. ഇത്തരം വികസന കാര്യങ്ങളില്‍ സത്യസന്ധമായ മറുപടി പറയാന്‍ കഴിയാതെ വെട്ടിലായ പ്രതിപക്ഷം വികസനം മറച്ചു വെച്ചാന്‍ ശ്രമിക്കുന്നു. 
അരിവിതരണം പോലും തടയാന്‍ പ്രതിപക്ഷം ശ്രമിച്ചത് രാഷ്ട്രീയ അന്ധത കൊണ്ടാണ്. അരിയും മറ്റും സൗജന്യമല്ല. ജനങ്ങള്‍ക്കുള്ള അവകാശമാണത്. വികസനത്തിന്റെ സ്വാദ് എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ സര്‍ക്കാരിന്റെ നേട്ടം. 
യു.ഡി.എഫിന്റെ കാലം സ്‌കൂളുകള്‍ അടച്ചു പൂട്ടുന്ന കാലമായിരുന്നു. അന്ന് അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ കൊഴിഞ്ഞുപോയി. എന്നാല്‍ ഞങ്ങളുടെ കാലയളവില്‍ 6,80,000 കുട്ടികള്‍ പുതുതായി സ്‌കൂളില്‍ ചേര്‍ന്നു-പിണറായി വിശദീകരിച്ചു.
കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന കര്‍സേവക്ക് വെള്ളവും വെളിച്ചവും നല്‍കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. വര്‍ഗീയതയുടെ മൊത്തക്കച്ചവടം ബി.ജെ.പി. ഏറ്റെടുത്തപ്പോള്‍ യു.ഡി.എഫ്. അതിന്റെ റീട്ടെയില്‍ ഏജന്റായി മാറി. യു.ഡി.എഫ്.-ബി.ജെ.പി. രഹസ്യ ധാരണ മറികടക്കാനുള്ള ജനവികാരം ശക്തമാണ്. 
ഇതിനിടയില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ അക്രമവും അപവാദ പ്രചരണവും നടത്താന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. കോതമംഗലത്ത് സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന അക്രമം അതിന്റെ ഉദാഹരണം മാത്രമാണ്. അട്ടിമറി നീക്കങ്ങള്‍ ജനങ്ങള്‍ കരുതിയിരിക്കണം. വലിയ തോതില്‍ പ്രലോഭനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. ജാഗ്രതയോടെയും സംയമനത്തോടെയും ഇതിനെ മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

0 Comments