Flash News

6/recent/ticker-posts

മോദിയുടെ സന്ദര്‍ശനം: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു, വ്യാപക ആക്രമണം

Views

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനവുമയി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ വ്യാപക ആക്രമണം. നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍ തടഞ്ഞ് എന്‍ജിനും കോച്ചുകളും നശിപ്പിച്ചു. 

വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹിഫാസത് ഇ ഇസ്ലാം സംഘടനയുടെ നേതൃത്വത്തിലാണ് ട്രെയിനുകള്‍ തടയുകയും ആക്രമണം നടത്തുകയും ചെയ്തത്. 

ബംഗ്ലാദേശിലെ കിഴക്കന്‍ ജില്ലയായ ബ്രഹ്മന്‍ബാരിയയിലാണ് നൂറ് കണക്കിനാളുകള്‍ പ്രതിഷേധവുമായി എത്തിയത്. ട്രെയിനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത് ബ്രഹ്മന്‍ബാരിയിലാണ്. ഇവിടെ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ട്രെയിന്‍ ആക്രമിച്ച സംഘത്തിലെ പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങള്‍, സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍, ഓഫീസുകള്‍, മ്യൂസിക് അക്കാദമി എന്നിവ തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തുവെന്ന് ബ്രഹ്മന്‍ബാരിയയിലെ മാധ്യമ പ്രവര്‍ത്തകനായ ജാവേദ് റഹിമിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രസ് ക്ലബിന് നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ പ്രസ് ക്ലബ് സെക്രട്ടറിക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച അക്രമസംഭവങ്ങളില്‍ ഇതുവരെ 12 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. ധാക്കയില്‍ വെള്ളിയാഴ്ച ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചു. ധാക്കയേയും ചിറ്റഗോംഗിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തോട് മോദി വിവേചനം കാണിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ബംഗ്ലദേശിന്റെ അമ്പതാമത് സ്വാതന്ത്ര്യദിനഘോഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ബംഗ്ലാദേശില്‍ എത്തിയത്.


Post a Comment

0 Comments