Flash News

6/recent/ticker-posts

സമൃദ്ധമായി വളരുന്ന മുടി.

Views

സ്ത്രീ സൗന്ദര്യത്തിൽ പ്രധാന ഘടകങ്ങളിലൊന്നാണ് മുടി. ഏതൊരു സ്ത്രീയും പ്രായ വ്യത്യാസമില്ലാതെ ആഗ്രഹിക്കുന്നതും മുടി അഴകാണ്. ഇന്ന് പലവിധ ഹെയർ ഓയിലുകളും ഹെയർ ക്രീമുകളും ലോഷനുകളും സിറപ്പുകളും  കാപ്സ്യൂളുകളും മുടി വളരാനായി മാർക്കറ്റിൽ കിട്ടും. 75% പേരും അത്തരം ഉൽപന്നങ്ങൾ പരീക്ഷിക്കുന്നവരാണ്. എന്നാൽ, ഇവകളൊന്നും തന്നെ നമ്മുടെ മുടിക്ക് ഒരു ഗുണവും ചെയ്യില്ലെന്നത് 101% സത്യമാണ്. മുടി സംരക്ഷണത്തിന് ആദ്യം വേണ്ടത് 'ക്ഷമ'യാണ്.(ഇത് മാർക്കറ്റിൽ വാങ്ങാൻ കിട്ടില്ല. ഹൃദയത്തിൽ സ്വയം ഉണ്ടാക്കിയെടുക്കണം.)
    
     തലയോട് മുതൽ മുടി ഇഴകളിലൂടെ വിരലോടിക്കുന്നത് ഒരു നല്ല മസാജാണ്. മുടി എപ്പോഴും കെട്ട് കൂടാതെ ചീകി ഒതുക്കണം. ഇനി വിഷയത്തിലേക്ക് കടക്കാം.

     
        തലയിൽ അൽപം എണ്ണ പുരട്ടുക.(ഇപ്പോൾ നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന എണ്ണ അൽപം പുരട്ടുക.പുരട്ടാനുള്ള എണ്ണ തയ്യാറാക്കുന്നത് പിന്നീട് പറയാം.അര ഗ്ലാസ് വെള്ളം തിളപ്പിച്ച് ആറാൻ വെക്കുക. നല്ലപോലെ തണുത്ത ശേഷം ഒന്നോ ഒന്നരയോ ഗ്ലാസ് മുരിങ്ങയിലയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുത്ത് (ജ്യൂസ് പരുവത്തിൽ) തലയോടിൽ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം മുടി നന്നായി കെട്ടിവെക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. സോപ്പ്, ഷാംമ്പു തുടങ്ങിയവ ഉപയോഗിക്കരുത്. ഇപ്രകാരം ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചെയ്യുക. തീർച്ചയായും മുടി കൊഴിച്ചിൽ പൂർണ്ണമായു മാറും. മുടി വളരാൻ തുടങ്ങുകയും ചെയ്യും. മുരിങ്ങയില ധാരാളമായി കഴിക്കുകയും ചെയ്യണം.

ധാരാളാമായി പ്രോട്ടീൻസും കാൽസ്യവും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുടിക്ക് നല്ല ആരോഗ്യവും കറുപ്പും ലഭിക്കുന്നു. മുടി പൊട്ടി പോകാതിരിക്കുകയും ചെയ്യും.എന്നാൽ, വെറും രണ്ട് തവണ ചെയ്ത് നിർത്തരുത്. ഒരാഴ്ചയിൽ രണ്ട് തവണ മുരിങ്ങയില ജ്യൂസ് തലയിൽ ഉപയോഗിക്കുക. മറ്റു ദിവസങ്ങളിൽ എന്ത് ചെയ്യണം....?!
    
ആ വിവരണവുമായി  അടുത്ത വ്യാഴാഴ്ച കാണാം. ഞാൻ ആദ്യമേ പറഞ്ഞ ഒന്നാണ് മുടി വളർച്ചക്ക് അത്യാവശ്യമായി വേണ്ടത് ക്ഷമയാണെന്നാണ്. അതിനാൽ, ഇക്കാര്യങ്ങൾ ക്ഷമയോടെ പ്രാവർത്തികമാക്കുക.
     (തുടരും)

സമൃദ്ധമായി മുടി വളരാൻ
    (രണ്ടാം ഭാഗം)

     ആഴ്ചയിൽ ഓരോ ദിവസവും പ്രത്യേക പരിചരണം വേണ്ട ഒന്നാണ് മുടി. കഴിഞ്ഞ ഭാഗത്തിൽ നമ്മൾ മുരിങ്ങയില ജ്യൂസ് പ്രയോഗത്തെ കുറിച്ച് പറഞ്ഞല്ലോ... ഇത് മുടി കൊഴിച്ചിലിനും പുതിയ മുടി കിളിർക്കാനും ഉത്തമമാണ്.
     
ഇന്ന് നമ്മൾ പറയുന്നത് ആഴ്ചയിൽ ഒരു തവണയോ അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരു തവണയോ ചെയ്യണം. പക്ഷേ... ഇത് ചെയ്യാൻ പലർക്കും മടിയായിരിക്കും.
      പുതിയ മുടി കിളിർക്കാനും താരൻ,പേൻ എന്നിവയുടെ പ്രശ്നം മാറാനും നല്ലതാണ് സവാള (വലിയ ഉള്ളി). 

പ്രയോഗിക്കേണ്ട രീതി:
ഒരു വലിയ സവാള എടുത്ത് മിക്സിയിൽ നന്നായി അരക്കുക. മുമ്പ് പറഞ്ഞ പോലെ കൈ കൊണ്ട് മുടിയിഴകളിലൂടെ തലയോടിൽ അഞ്ചു മിനുട്ടെങ്കിലും വിരലോടിച്ച് മസാജ് ചെയ്യുക.ശേഷം എണ്ണ തൊട്ട് പുരട്ടുക. പിന്നീട് സവാള പേസ്റ്റ് തലയോട്ടിൽ നന്നായി തേച്ച് പിടിപ്പിക്കുക. തേച്ച് കുറച്ച് സമയം കണ്ണുകളിൽ സവാളയുടെ നീറ്റലുണ്ടാകാം. അന്നേരം മുഖം കഴുകാം. ഒരു മണിക്കൂർ കഴിഞ്ഞ് തല കഴുകിക്കളയാം.ഇത് മുടിക്ക് വളരെ നല്ലതാണ്. എങ്കിലും ഉള്ളിയുടെ ഗന്ധം പലരും ഇഷ്ടമാകില്ല. പേൻ ശല്യമുള്ള കുട്ടികൾക്ക് ഇത് ചെയ്യുകയാണെങ്കിൽ കണ്ണെരിയുന്നത് ശ്രദ്ധിക്കണേ...
     ഇന്നത്തെ നുറുങ്ങ് വിദ്യ പരീക്ഷിക്കുന്നവർ ഇത്തിരി അത്തറ് പൂശിയാൽ നിങ്ങളെ ഭർത്താക്കൻമാരുടെ പ്രാക്ക് കേൾക്കാതെ എനിക്കും നിങ്ങൾക്കും രക്ഷപ്പെടാം...

ഇന്ന് മുടി വളർച്ചക്ക് തലയിൽ തേക്കാൻ ഉത്തമമായ എണ്ണ തയ്യാറാക്കുന്ന രീതിയാണ് വിവരിക്കുന്നത്. മുടി സമൃദ്ധമായി വളരാൻ വേണ്ട രണ്ട് കാര്യങ്ങൾ കഴിഞ്ഞ രണ്ട് നുറുങ്ങു വിദ്യകളിൽ പറഞ്ഞല്ലോ...
എണ്ണതയ്യാറാക്കുന്ന വിധം നോക്കാം.
ഈ എണ്ണ കാച്ചാതെയാണ് തയ്യാറാക്കുന്നത്.ഇതിന് ആവശ്യമായ ചേരുവകൾ:
കറ്റാർവാഴ - 1
ഉലുവ - 4-5 സ്പൂൺ
കറിവേപ്പില - 4 തണ്ട്
ആര്യവേപ്പില - 3 തണ്ട്
തുളസിയില - ഒരു പിടി
മൈലാഞ്ചി ഇല - ഒരു പിടി
ചെമ്പരത്തി ഇല - 7 
ചെമ്പരത്തി പൂവ് - 5
മുരിങ്ങ ഇല - ഒരു പിടി
ഒലീവ് ഓയിൽ അല്ലെങ്കിൽ എള്ളെണ്ണയാേ വെളിച്ചെണ്ണയോ...

ഇതിൽ കറിവേപ്പില മുതൽ മുരിങ്ങ ഇല വരെയുള്ള ചേരുവകൾ രണ്ട് ദിവസം ഉണക്കിയ ശേഷം നന്നായി പൊടിച്ചെടുക്കണം. ശേഷം കറ്റാർ വാഴ ചെറുതായി അരിഞ്ഞെടുക്കണം. ഇത് ഒരു കുപ്പിയിലേക്കിടുക. ഇതിലേക്ക് ഉലുവയും ഇട്ട് കൊടുത്ത ശേഷം ചേരുവകൾ ഉണക്കി പൊടിച്ചെടുത്ത പൊടിയും ഇതിലേക്ക് ഇട്ട് കൊടുക്കുക.(കിട്ടുമെങ്കിൽ കരിഞ്ചീരകം രണ്ടോ മൂന്നോ സ്പൂൺ പൊടിച്ചതോ കരിഞ്ചീരക എണ്ണ രണ്ട് സ്പൂൺ ചേർക്കുകയോ ചെയ്യാം.ഇത് നല്ല ഗുണം ചെയ്യും.) ശേഷം ഒലീവ് ഓയിൽ അല്ലെങ്കിൽ എള്ളെണ്ണയോ വെളിച്ചെണ്ണയോ ഇതിലേക്ക് ഒഴിക്കുക.ഇത് ഒരു സ്പൂൺ കൊണ്ട് ഇളക്കി ചേർക്കുക. ശേഷം നന്നായി മൂടി വെക്കണം. 6-7 ദിവസം കഴിഞ്ഞ് ഉപയോഗിക്കാം.
     മുടി വളരാനും നര വരാതിരിക്കാനും മുടികൊഴിച്ചിൽ മാറാനും വളരെ നല്ലതാണ്. പ്രവാസിക്ക് കിട്ടുന്ന രണ്ട് സമ്മാനങ്ങളുണ്ട്. കശണ്ടിയും കുടവയറും..!
കശണ്ടി വരുന്നതിന് മുമ്പേ ശ്രദ്ധിച്ചാൽ അത് തടയാനാകും.കശണ്ടി വരാതിരിക്കാനും ഈ എണ്ണ വളരെ ഫലപ്രദമാണ്.
( 'മുടി സമൃദ്ധമായി വളരാൻ' അവസാന ഭാഗം അടുത്ത വ്യാഴാഴ്ച).

സമൃദ്ധമായി മുടി വളരാൻ ...
  ഭാഗം 4

സമൃദ്ധമായി മുടി വളരാനുള്ള നുറുങ്ങു വിദ്യയുടെ നാലാമത്തേയും അവസാനത്തേയും ഭാഗമാണിന്ന്. മുടി വളർച്ചക്ക് ഉലുവയുടെ പങ്ക് വലുതാണ്.

        ഉലുവ പല ഔഷധങ്ങളിലെയും മുഖ്യ താരമാണ്. പ്രായമായവർ പറയുന്നൊരു വാക്കുണ്ട് , ഉലുവയുടെ ഗുണമറിയുന്നോൻ പൊന്ന് കൊടുത്തും ഉലുവ വാങ്ങുമെന്ന് ! 

     ഇന്ന് ഉലുവ തലമുടിയിൽ എങ്ങനെ പ്രയോഗിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. അര ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ 4-5 സ്പൂൺ ഉലുവ കുതിരാൻ വെക്കുക. (തലേ ദിവസം തന്നെ വെള്ളത്തിലിട്ട് വെക്കുന്നത് നല്ലതാണ്). ഇത് ആ വെള്ളത്തിൽ തന്നെ അരച്ചെടുക്കണം. ശേഷം കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ എണ്ണ അൽപം തൊട്ടു പുരട്ടിയ ശേഷം ഉലുവ ജ്യൂസ് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. തലയോടിൽ തന്നെയാവാൻ ശ്രദ്ധിക്കുക.
       നാല് ഭാഗങ്ങളിലായി നമ്മൾ പറഞ്ഞ ഈ കാര്യങ്ങളിൽ എണ്ണ എല്ലാ ദിവസവും പുരട്ടണം. മുരിങ്ങയില ജ്യൂസ് തിങ്കളാഴ്ചയാണ് ചെയ്യുന്നതെങ്കിൽ ചൊവ്വാഴ്ച നമ്മളുണ്ടാക്കിയ എണ്ണ നന്നായി തേച്ച് പിടിപ്പിക്കണം. എണ്ണ കഴുകിക്കളയാൻ അൽപം ഷാംപൂ ഉപയോഗിക്കാം. ബുധനാഴ്ച സവാള ജ്യൂസ് പ്രയോഗിക്കാം. അന്ന് ചെറുപയർ പൊടിയോ താളിയോ ഒന്നും ഉപയോഗിക്കാതെയോ കഴുകാം. വ്യാഴം വീണ്ടും എണ്ണ തേക്കാം. വെള്ളി ഉലുവ ജ്യൂസാകാം. ശനിയോ ഞായറോ 10 -15 മിനുറ്റോളം തലയോട്ടിൽ വിരൽ കൊണ്ട് മസാജ് ചെയ്യുകയും ആവാം. ഇങ്ങനെ ആഴ്ചയിൽ വ്യത്യസ്ഥമായ ഈ പരിചരണങ്ങളിലൂടെ മുടി കൊഴിച്ചിലും താരനും പേൻ ശല്യവും ഇല്ലാതാക്കി ,നല്ല വേരുറപ്പുള്ള പൊട്ടി പോകാത്ത തഴച്ചുവളരുന്നതുമായ മുടിയാക്കിത്തീർക്കാം.



Post a Comment

7 Comments

  1. Thank you MR. PALANI. വളരേ നല്ല ഉപദേശമായിപ്പോയി. മുടി വളർന്നില്ലെങ്കിലും കുഴപ്പമില്ല . ഇവളുമാർക്ക് അൽപ്പം ക്ഷമ ഉണ്ടായിക്കിട്ടുമല്ലോ. അതുമതി. ധാരാളം മതി. ഇക്കാലത്തു മുടിയും പല്ലും എല്ലാം മാർകെറ്റിൽ യഥേഷ്ടം കിട്ടും. പക്ഷേ താങ്കൾ പറഞ്ഞതുപോലെ ക്ഷമയൊരു മാർക്കറ്റിലും കിട്ടാനില്ല.

    ReplyDelete
  2. That is point ....
    ക്ഷമ ഉണ്ടായിക്കോട്ടെ. മുടി ചോറിലും ചാറിലും ചൂടിക്കയർ പോലെ കിടന്നാൽ ......

    ReplyDelete
  3. മുരിങ്ങയില ജൂസ് എൻ്റെ മുടി കൊഴിച്ചിൽ മാറ്റി. Thanks sir

    ReplyDelete
  4. നിങ്ങളെന്ത് പറഞ്ഞാലും ഞാൻ ചെയ്യും. നിങ്ങൾ ചെവിവേദനക്കും ചുമക്കും പറഞ്ഞ വിദ്യ ഫലിച്ചു. Thank you MR .NSNM PALANI

    ReplyDelete
  5. ചാണകപ്പൊടിയും കടലപ്പിണ്ണാക്കും സമം ഒരു പാത്രത്തിലെടുത്തു വെള്ളമൊഴിച്ചു കുതിർത്തു അരമണിക്കൂർ വെച്ചതിനു ശേഷം തലയിൽ പുരട്ടി നന്നായി ഒരുമണിക്കൂർ നേരം മസ്സാജു ചെയ്യുക . ശേഷം ഒരുമണിക്കൂർ നേരം ഇളം വെയിലത്തിരിക്കുക. ശേഷം ചെറുപയറ് പൊടി തേച്ചു കുളത്തിൽ (കുളത്തിൽ മാത്രം ) മുങ്ങിക്കുളിക്കുക . തുടർച്ചയായി ഒരു മണ്ഡലം (41 ദിവസം ) ചെയ്‌താൽ മുടി തഴച്ചു വളരും. കുളിക്കാൻ കുളമില്ലാത്തവർ മാർകെറ്റിൽ കിട്ടുന്ന ഏതെങ്കിലും ഷാമ്പൂ ഉപയോഗിച്ച് ഷവറിനടിയിൽ നിന്ന് കുളിച്ചാലും മതി. പക്ഷേ അങ്ങനെ കുളിക്കുന്നവർ ഇപ്പോഴുള്ള മുടി കൊണ്ട് ദയവായി തൃപ്തിപ്പെടണം എന്ന് മാത്രം.

    ReplyDelete