Flash News

6/recent/ticker-posts

മുസ്ലീം ലീ​ഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്; മലപ്പുറത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിയേയും ഇന്നറിയാം

Views


മലപ്പുറം | കൂടുതലായി ലഭിച്ച മൂന്ന് സീറ്റ് അടക്കം 27 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കും. ഇന്ന് ഉച്ചക്ക് ശേഷം പാണക്കാട് വെച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. മുമ്പെങ്ങുമില്ലാത്ത വിധം തര്‍ക്കങ്ങളും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അവസാന നിമിഷവും തര്‍ക്കം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനം നേതൃത്വം പരിഗണിച്ച പല സ്ഥാനാര്‍ഥികളേയും വേണ്ടെന്ന മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായമാണ് തര്‍ക്കത്തിലേക്ക് എത്തിച്ചത്. അഴീക്കോട് നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന കെ എം ഷാജിയെ കളമശ്ശേരിയിലേക്ക് നേതൃത്വം പരിഗണിച്ചിരുന്നു. എന്നാല്‍ ഷാജിയെ വേണ്ടെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് അറിയിച്ച് കഴിഞ്ഞു. ഇബ്രാഹിം കുഞ്ഞ് മത്സരത്തിനില്ലെങ്കില്‍ കളമശ്ശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു.

ലീഗിന്റെ അധിക സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളിലും ഒരു വ്യക്തമായ ഉറപ്പ് ഇതുവരെ കോണ്‍ഗ്രസ് ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് മുമ്പ് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് സൗത്തില്‍ നിന്ന് എം കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. നാല് യുവനേതാക്കള്‍ ലീഗ് പട്ടികയിലുണ്ടാകും. തിരുവമ്പാടി സീറ്റില്‍ സി കെ കാസിമിനായി ഒരു വിഭാഗം ഇപ്പോഴും രംഗത്തുണ്ടെങ്കിലും സി പി ചെറിയ മുഹമ്മദിനാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം പാര്‍ലിമെന്റ് സീറ്റില്‍ അബ്ദുസമദ് സമദാനിയുടെ പേരിനാണ് മുഖ്യപരിഗണന. കോഴിക്കോട് സൗത്തില്‍ നജീബ് കാന്തപുരം സ്ഥാനാര്‍ഥിയായേക്കും. പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളില്‍ ഒന്നില്‍ പി കെ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കും.



Post a Comment

0 Comments