ന്യൂഡൽഹി: 18 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് രജിസ്ട്രേഷൻ 28മുതൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിൻ ആപ് വഴി നിലവിലുള്ള അതേരീതിയിലാണ് രജിസ്റ്റർചെയ്യേണ്ടത്. കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയ്ക്കൊപ്പം റഷ്യൻ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്.
വാക്‌സിനേഷൻ വേഗത്തിലാകാൻ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തീയതിയും സമയവും ബുക്ക് ചെയ്യാൻ ജനങ്ങളെ സഹായിക്കുന്നതിനായി കോവിൻ പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ ടൈം ടേബിൾ പ്രസിദ്ധീകരിക്കാനും സ്വകാര്യ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.18 വയസിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതലാണ് വാക്സിൻ നൽകിത്തുടങ്ങുക.ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 45 വയസിനു മുകളിലുള്ളവർ എന്നിവർക്കായി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച വാക്സിനേഷൻ തുടരും. ജനുവരി 16-നാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയത്.
കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ട വിധം
selfregistration.cowin.gov.in ലോഗിൻ ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
ഉടൻ ഒരു ഒ ടി പി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കും..
ഒ ടി പി എന്റർ ചെയ്തശേഷം വെരിഫൈ ബട്ടണിൽ ക്ലിക്കുചെയ്യുക.
ഒടിപി സാധൂകരിച്ചുകഴിഞ്ഞാൽ, 'വാക്സിനേഷന്റെ രജിസ്‌ട്രേഷൻ' പേജ് തുറക്കും
ഇതിൽ ആവശ്യമായ വിശദാംശങ്ങൾ നൽകുക. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖകൾ, ബാങ്ക് , പോസ്റ്റോഫീസ് ബുക്ക്, പാൻകാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ഇൻഷ്വറൻസ് കാർഡ് തുടങ്ങി 12 തിരിച്ചറിയിൽ രേഖകളിൽ ഏതെങ്കിലും രജിസ്‌ട്രേഷന് ഉപയോഗിക്കാം. രജിസ്‌ട്രേഷനായി വിശദാംശങ്ങൾ നൽകിയുകഴിഞ്ഞാൽ, ചുവടെ വലതുവശത്തുള്ള 'രജിസ്റ്റർ' ബട്ടൺ ക്ലിക്കുചെയ്യുക.
വിജയകരമായ രജിസ്‌ട്രേഷനിൽ നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് 'അക്കൗണ്ട് വിശദാംശങ്ങൾ' കാണിക്കും.രജിസ്റ്റർ ചെയ്‌തവർക്ക് കുത്തിവയ്പ്പിന്റെ സ്ഥലവും തീയതിയും സമയവും ഉൾപ്പെടെയുള്ള ഷെഡ്യൂൾ അറിയാം. ഈ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കും. മരുന്ന് കുത്തിവയ്‌ക്കുന്ന വാക്സിനേറ്റർമാരുടെ വിവരങ്ങളും അറിയാം. രണ്ട് ഡോസും കുത്തിവച്ചു കഴിയുമ്പോൾ ആപ്പിൽ അതത് വ്യക്തിയുടെ ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. അത് ഡിജി ലോക്കറിൽ സേവ് ചെയ്ത് സൂക്ഷിക്കാം.
0 Comments