Flash News

6/recent/ticker-posts

വിദ്യാര്‍ത്ഥിനിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് യുഡിഎഫ് പ്രചാരണം നടത്തുന്നതായി ആരോപണം; പൊലീസില്‍ പരാതി നല്‍കി പിതാവ്

Views


വിദ്യാര്‍ത്ഥിനിയുടെ ചിത്രം ദുരുപയോഗം ചെയ്ത് യുഡിഎഫ് പ്രചാരണം നടത്തുന്നതായി പരാതി. ഇടുക്കി മൂലമറ്റം സ്വദേശി ജോസഫ് സക്കറിയയയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകള്‍ അന്നയുടെ ചിത്രം എല്‍ഡിഎഫിനെതിരെയുള്ള പ്രചാരണത്തിനുപയോഗിക്കുന്നെന്നാണ് പരാതി.

‘ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ റേഷന്‍ ഏഴ് മാസം പൂഴ്ത്തിവെച്ച സര്‍ക്കാരിന് എന്റെ അച്ഛനമ്മമാരുടെയും കുടുംബക്കാരുടെയും വോട്ടില്ല’ എന്ന ഒരു പോസ്റ്റര്‍ കൈയില്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് എഡിറ്റ് ചെയ്ത ഫോട്ടോയാണെന്ന് പരാതിയില്‍ പറയുന്നു.

അഞ്ച് വര്‍ഷം മുമ്പ് വിദ്യാഭ്യാസത്തെ സംബന്ധിച്ച് എഴുതിയ ഒരു പോസ്റ്ററുമായി അന്ന നില്‍ക്കുന്ന ഫോട്ടോ പിതാവ് ജോസഫ് ഷാജി കുഴിഞ്ഞാലില്‍ എന്ന തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇത് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി ഇത് പ്രചരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനിലും വിദ്യാര്‍ത്ഥിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രചരിക്കുന്ന പോസ്റ്ററുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങളുടെ അനുവാദത്തോടെയല്ല ഫോട്ടോ പ്രചരിക്കുന്നതെന്നും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ അനുഭാവിയായ ജോസഫ് കെഎസ്ഇബിയിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനാണ്. മകള്‍ ബാലസംഘം ഏരിയ സെക്രട്ടറിയുമാണ്.



Post a Comment

0 Comments