Flash News

6/recent/ticker-posts

കോഴിക്കോട് ജില്ലയില്‍ ഇന്ന് സെമി ലോക്ക് ഡൗണ്‍: അഞ്ചിടത്ത് മെഗാവാക്സിനേഷന്‍ ക്യാംപ്.

Views

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച്‌ ജില്ലാഭരണകൂടം. ഞായറാഴ്ചകളില്‍ ജില്ലയില്‍ ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികള്‍ കൂടുമ്ബോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സീന്‍ വിതരണത്തിനും ജില്ല പൂര്‍ണ സജ്ജമാണെന്ന് ജില്ലാകളക്ടര്‍ സാംബശിവ റാവു പറഞ്ഞു. ജില്ലയിലെ ആശുപത്രികളില്‍ പുതുതായി 500 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും ഹോം ഐസൊലേഷനിലുള്ളവരെ പരിശോധിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കിയെന്നും ജില്ലാകളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞായറാഴ്ച ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് ശനിയാഴ്ച രാത്രിയോടാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.ലോക്ക് ഡൌണിനോളം കടുപ്പമില്ലെങ്കിലും ഒരു പാതി ലോക്ക് ഡൌണിനോളം ശക്തമായ നിയന്ത്രണങ്ങളാവും ഇനിയുള്ള ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലയിലുണ്ടാവുക. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. അഞ്ച്പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ, ആരോഗ്യമേഖലയില്‍പ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും, ബീച്ച്‌,പാര്‍ക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല, പൊതുഗതാഗതം സാധാരണനിലയില്‍ പ്രവര്‍ത്തിക്കും, അതേസമയം പി.എസ്.സി പരീക്ഷകള്‍ പതിവ് പോലെ നടക്കുമെന്നും കോഴിക്കോട് കളക്ടര്‍ സാംബശിവറാവു അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച നടത്താന്‍ ലക്ഷ്യമിട്ടത് 20,000 കൊവിഡ് പരിശോധനകളാണ്. എന്നാല്‍ ജനങ്ങള്‍ വലിയ രീതിയില്‍ സഹകരിച്ചതോടെ 23,620 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇന്ന് മാത്രം കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 5000 പേരെ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

കോഴിക്കോട് നഗരത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ നടക്കുന്നുണ്ട്. ടാഗോര്‍ ഹാള്‍, അര്‍ബ്ബണ്‍ ഹെല്‍ത്ത് സെന്‍റര്‍ - വെസ്റ്റ്ഹില്‍, അര്‍ബ്ബണ്‍ ഹെല്‍ത്ത് സെന്‍റര്‍ - ഇടിയങ്ങര, അര്‍ബ്ബണ്‍ ഹെല്‍ത്ത് സെന്‍റര്‍ - മാങ്കാവ്, ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ - ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ നടക്കുന്നത്. 20,000 ഡോസ് കൊവിഡ് വാക്സിന്‍ ജില്ലയില്‍ നിലവില്‍ സ്റ്റോക്കുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ കൂടുതല്‍ വാക്സീന്‍ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയില്‍ 20,027 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നുണ്ട്.

Post a Comment

0 Comments