രണ്ടാം തരംഗത്തിന് ഉത്തരവാദി തെര. കമ്മിഷനെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: രണ്ടാം തരംഗത്തിലെ കോവിഡ് തീവ്രവ്യാപനത്തിനു കാരണക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ മാത്രമാണെന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് കൃത്യമായ രൂപരേഖ സമര്‍പ്പിച്ചില്ലെങ്കില്‍ മേയ് രണ്ടിലെ വോട്ടെണ്ണല്‍ തടയേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പ് നല്‍കി.
കോടതി പലതവണ നിര്‍ദേശിച്ചിട്ടും പ്രചാരണ പരിപാടികളിലും റാലികളിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്മിഷന്‍ ഇടപെട്ടില്ല. നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോ? കമ്മിഷന്‍ മാത്രമാണ് ഇന്നത്തെ അവസ്‌ഥയ്‌ക്ക് ഉത്തരവാദി. കമ്മിഷന്റെ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുകയാണു വേണ്ടത്- കമ്മിഷന്റെ അഭിഭാഷകനു നേരേ ചീഫ് ജസ്‌റ്റിസ് സഞ്‌ജീബ് ബാനര്‍ജി പൊട്ടിത്തെറിച്ചു.
പൊതുജനാരോഗ്യമാണു പരമപ്രധാനമെന്നു ഭരണഘടനാ സ്‌ഥാപനങ്ങളെ ഓര്‍മിപ്പിക്കേണ്ടിവരുന്നതു ഖേദകരമാണ്.- ജസ്‌റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുമടങ്ങിയ ബെഞ്ച് പറഞ്ഞു.
കരൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ദിവസം സുരക്ഷാ നടപടികള്‍ ഉറപ്പാക്കാന്‍ നടപടി വേണമെന്ന എ.ഡി.എം.കെ. സ്‌ഥാനാര്‍ഥി ആര്‍. വിജയഭാസ്‌കറിന്റെ ഹര്‍ജിയും തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളെപ്പറ്റി സ്വമേധയാ എടുത്ത കേസുമാണു ഹൈക്കോടതിക്കു മുന്നിലുള്ളത്.
ശുചീകരണം, ആരോഗ്യകരമായ ചുറ്റുപാട്, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാന്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും സ്വീകരിക്കുന്ന നടപടിയെക്കുറിച്ച് സംസ്‌ഥാന ആരോഗ്യ സെക്രട്ടറിയുമായും പൊതുജനാരോഗ്യ ഡയറക്‌ടറുമായും ആലോചിച്ച് രൂപരേഖ തയാറാക്കി 30-നകം സമര്‍പ്പിക്കാന്‍ കമ്മിഷനു കോടതി നിര്‍ദേശം നല്‍കി. ഇതു കോടതി 30-നു വിലയിരുത്തും. വോട്ടെണ്ണല്‍ കോവിഡ് വ്യാപനത്തിനു കാരണമാകാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വോട്ടെണ്ണല്‍ മാറ്റിവയ്‌ക്കുന്നതിനെപ്പറ്റിയോ ഘട്ടംഘട്ടമായി എണ്ണുന്നതിനെപ്പറ്റിയോ പോലും ആലോചിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.
1 Comments
ജനങ്ങളുടെ ജീവനെപ്പറ്റി അൽപ്പമെങ്കിലും ചിന്തയോ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധതയോ ഉള്ള ഒരു തെരെഞ്ഞെടുപ്പുകമ്മീഷനായിരുന്നു എങ്കിൽ സമ്പൂർണ്ണവാക്‌സിനേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു മാത്രമേ ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പുകൾ നടത്തുമായിരുന്നുള്ളൂ. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരേയൊരു തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്ത്യയിൽ ഒരേയൊരാൾ മാത്രമേ ഉണ്ടായിട്ടുള്ളൂ . ആദരണീയനായ ബ്രഹ്മശ്രീ . T. N. ശേഷൻ മാത്രമാണ് ആ അവതാരം . ശരിക്കും ബഹുമാനാദരാവുകളോട് കൂടിയാണ് അദ്ദേഹത്തെ അവതാരം എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ ജനാധിപത്യസ്നേഹികളും അദ്ദേഹത്തെ പൂവിട്ടു തൊഴണം. ഒരു തെരഞ്ഞെടുപ്പു കമ്മീഷന് എത്രമാത്രം അധികാരങ്ങളുണ്ടെന്ന കാര്യം ഇന്ത്യയിലെ ജനങ്ങൾക്കും രാഷ്ട്രീയത്തൊഴിലികൾക്കും ബോധ്യപ്പെടുത്തിക്കൊടുത്ത മഹാത്മാവാണ് ആദരണീയനായ T. N . ശേഷൻ അവർകൾ . മഹാത്മാ ശേഷൻ അവർകളെ , WE INDIANS MISS YOU VERY MUCH.
ReplyDelete