Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ച് പേരില്‍ കൂടുതൽ പങ്കെടുക്കുന്നതിന് വിലക്ക്.

Views
മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ച് പേരില്‍ കൂടുതൽ പങ്കെടുക്കുന്നതിന് വിലക്ക്. 
കലക്ടറുടെ ഉത്തരവിന് എതിരെ വ്യാപക പ്രതിഷേധം; 

നിയന്ത്രണം ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ


കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ജില്ലാ ഭരണകൂടം. മത, ആരാധനാലയങ്ങളിൽ  അഞ്ച് പേരില്‍ കൂടുതൽ പങ്കെടുക്കുന്നതിന് വിലക്ക് ജില്ലാ കളക്ടർ ഉത്തരവ് നൽകി. ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.

പ്രാർത്ഥനകൾ എല്ലാം സ്വന്തം വീടുകളിൽ തന്നെ നിർവഹിക്കണം എന്നും ബന്ധുവീടുകളിലെ ഒത്തു ചേരലുകൾ പോലും ഒഴിവാക്കുന്നതാണ് ഉചിതം എന്നും ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ജില്ലയിലെ രോഗവ്യാപനം ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോൾ. വ്യാഴാഴ്ച 2776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ ഏറ്റവും ഉയർന്ന കണക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 21.89 ശതമാനവും. ദിവസം തോറും രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആണ് ജില്ലാ ഭരണകൂടം കർശന നടപടികൾ എടുക്കുന്നത്.

🔹കലക്ടറുടെ ഉത്തരവിന് എതിരെ വ്യാപക പ്രതിഷേധം; 

മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ജില്ലാ കലക്ടര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ആരാധനാലയങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്തെ നിര്‍ദേശം നടപ്പിലാക്കിയുള്ള സര്‍ക്കുലര്‍ ആണ് പുറത്തിറക്കിയത്. മതസംഘടനാ നേതാക്കളുടേയോ ജനപ്രതിനിധികളുടേയോ പിന്തുണയില്ലാതെ ഏകപക്ഷീയമായെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. അതേസമയം, പുതിയ തീരുമാനം വിവാദമായതോടെ മതനേതാക്കളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്തുവെന്ന തരത്തിലാണ് ഇതു സംബന്ധിച്ചു ഔദ്യോഗിക വിശദീകരണങ്ങള്‍. കളക്ടർ ഇറക്കിയ നിര്‍ദേശത്തിന് മതനേതാക്കളോ ജനപ്രതിനിധികളോ പിന്തുണ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനപ്രതിനിധി യോഗത്തിലും ആരാധനാലയങ്ങള്‍ അടക്കുന്നവിധമുളള നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

ലോക്ഡൗണ്‍ തീവ്ര നിയന്ത്രണങ്ങള്‍ നിലനിന്ന സമയത്ത് പോലും പള്ളികളില്‍ അഞ്ചു പേര്‍ക്കും തുടര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ഥനക്കു 40 പേര്‍ക്കും അനുവാദം നല്‍കിയിരുന്നു. അതേസമയം, ലോക്ഡൗണ്‍ സമാനമായ നിയന്ത്രണം ആരാധനാലയങ്ങള്‍ക്ക് നേരെ ഏര്‍പ്പെടുത്തിയ നീക്കം പിന്‍വലിക്കണമെന്നാണ് ആവശ്യം. മലപ്പുറത്തേക്കാളുപരി കൂടുതല്‍ രോഗികളും കണ്ടയ്ന്റ്‌മെന്റ് പ്രദേശങ്ങളുമുള്ള മറ്റു ജില്ലയില്‍ പോലുമില്ലാത്ത വിധം ജില്ല മുഴുക്കെ ആരാധനാലയങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനമാണ് വിവാദമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശങ്ങളും ജില്ലയിലെ പ്രത്യേക നിര്‍ദേശങ്ങളും മലപ്പുറത്ത് ഒരാഴ്ചയായി നടപ്പിലാക്കിയിട്ടുണ്ട്.

വാഹന ഗതാഗതം അനുവദിക്കുകയും കടകള്‍ നിയന്ത്രണ വിധേയമായി തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്. പൊതുവാഹനങ്ങളില്‍ വരേ യാത്ര അനുവദിനീയമായിട്ടും പള്ളികളില്‍ മാത്രം പ്രവേശനത്തിനു വിലക്കു കൊണ്ടുവരുന്നതാണ് പ്രഹസനമാക്കിയത്. ബാറുകളിലും മദ്യവില്‍പന തുടങ്ങിയവക്കൊന്നും ജില്ലയില്‍ യാതൊരു വിലക്കുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലുള്‍പ്പടെ പ്രതിഷേധ പോസ്റ്റുകള്‍ നിറഞ്ഞു. കടകളിലും വലിയ ഷോപ്പുകളിലും ഹോട്ടലുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയാണ് പ്രവേശനാനുമതി. അതേസമയം അഞ്ഞൂറ് മുതല്‍ പതിനായിരത്തോളം പേര്‍ക്ക് വരേ ഒരേ സമയം സംവിധാനമുള്ള പള്ളികള്‍ക്കു നേരെ അഞ്ചു പേര്‍ക്ക് അനുമതിയെന്ന കലക്ടറുടെ ഉത്തരവാണ് പ്രതിഷേധത്തിനിടയാക്കിയത്. വിവിധ മതസംഘടനകളും സാമൂഹ്യ സംഘടനകളും ഇതിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.


Post a Comment

0 Comments