Flash News

6/recent/ticker-posts

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

Views

കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത  മാധ്യമവേട്ടക്ക് ഇരയാകുന്ന  പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ  നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ  പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.   ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എൻ്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോൺഗ്രസ്സും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ  കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് 'സകറാത്തിൻ്റെ ഹാലിൽ' (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു  ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ   ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ''കിട്ടിപ്പോയ്" എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്.  "ജലീൽവേട്ടക്ക്" തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും  തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം;  തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.


Post a Comment

2 Comments

  1. നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണെങ്കിലും രാജിവച്ച നടപടി സ്വാഗതാർഹമാണെന്ന് മാത്രമല്ല CPI (M) ന്റെയും ഇടതുമുന്നണിയുടെയും ധാർമികപ്രതിച്ചായ (ചായ തന്നെ. അക്ഷരത്തെറ്റാണെന്ന് തെറ്റിദ്ധരിക്കേണ്ട.) സംരക്ഷിക്കുന്നതിൽ കാര്യമായ പങ്കു വഹിക്കുകയും ചെയ്തതിൽ സന്തോഷവുമുണ്ട്. മന്ത്രിയുടെ ഗീർവാണത്തിൽ പരാമർശിക്കപ്പെട്ട പ്രളയഫണ്ട് മുക്കിയത് CPI(M) ന്റെ ഉത്തരവാദപ്പെട്ട നേതാക്കളും അവരുടെ ഭാര്യമാരും ആണെന്ന കാര്യം സുവിദിതമായിരിക്കെ പോകുന്നപോക്കിൽ അറിഞ്ഞോ അറിയാതെയോ CPI(M) നും ഒരു കൊട്ട് കൊടുത്തിരിക്കുന്നു ബഹുമാനപ്പെട്ട രാജിവെച്ച മന്ത്രി. CPI(M) ലെ ചില നേതാക്കളോടുള്ള ബഹു. മന്ത്രിയുടെ പരിഭവവും ഈ പ്രസ്ഥാവനയിൽ അദ്ദേഹം ഭംഗിയായി പൊതിഞ്ഞുവെച്ചിരിക്കുന്നു എന്ന് അരിയാഹാരം കഴിക്കുന്നവർക്കെങ്കിലും മനസ്സിലാകാതിരിക്കുമോ ?. അടിമസഖാക്കൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ബേബിസഖാവിനെപ്പോലെ അല്പമെങ്കിലും ധാർമിക ബോധമുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാകാതിരിക്കില്ലല്ലോ.

    ReplyDelete
  2. "രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർ" എന്നൊക്കെ രാഷ്ട്രീയപ്രതിയോഗികളെയും മാധ്യമങ്ങളെയും വിശേഷിപ്പിച്ചത് അല്പം കടന്ന പ്രയോഗമായിപ്പോയില്ലേ ബഹുമാനപ്പെട്ട. മന്ത്രീ ?. അത്രക്കങ്ങോട്ട് കിഴക്കോട്ടു പോകണമായിരുന്നോ ?. അധികം കിഴക്കോട്ടു പോയാൽ പിന്നെ പടിഞ്ഞാറാണെന്നും ഭൂമി ഉരുണ്ടിട്ടാണെന്നും സ്കൂളിൽ പഠിക്കുന്ന കുട്ടികളിലാരോ പറയുന്നത് കേട്ടു. നേരാവാം , ചിലപ്പോൾ നുണയാവാം. എനക്കറിയില്ല .

    ReplyDelete