Flash News

6/recent/ticker-posts

ഫ്ലാറ്റില്‍ കയറാന്‍ സമ്മതിച്ചില്ല, അര്‍ധരാത്രി ഗേറ്റിനു പുറത്തുനിര്‍ത്തിയത് മണിക്കൂറുകളോളം;

Views
സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മി എന്ന യുവതിക്ക് സദാചാരവാദികളില്‍ നിന്നുണ്ടായ അനുഭവം തുറന്നുപറയുന്ന കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സീതാലക്ഷ്മി തന്നെയാണ് തനിക്കുണ്ടായ മോശം അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയിവന്ന സീതാലക്ഷ്മിയെ രാത്രി ഫ്ലാറ്റുകാര്‍ ഗേറ്റിനു പുറത്ത് നിര്‍ത്തുകയായിരുന്നു.
'കപടസദാചാരവാദികളെ ഇതിലെ ഇതിലെ' എന്ന വരികളിലൂടെയാണ് സീതാലക്ഷ്മി തന്റെ അനുഭവം പറഞ്ഞു തുടങ്ങുന്നത്. 'വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവള്‍ സ്വന്തം കാലില്‍ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാന്‍ പറ്റാത്ത കുറേ ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്.രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവള്‍ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാന്‍ സമൂഹത്തില്‍ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം'- സീതാലക്ഷ്മി കുറിച്ചു.

കുറിപ്പ് വായിക്കാം...

ഞാന്‍ ഈ എഴുതാന്‍ പോകുന്നത് നിങ്ങള്‍ വായിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. മറിച്ചു വായിച്ചാല്‍ അതു ഒരുപാട് പേര്‍ക്കുള്ള സന്ദേശം ആകും. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഒരുപാട് വിഷമങ്ങളും, ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന കുറച്ചു ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ് പോയത്. അതുകൊണ്ട് തന്നെ ഇത് നിങ്ങളോട് പങ്കുവെക്കണം എന്ന് എനിക്ക് തോന്നി. ഇത് എന്റെ മാത്രം വിഷയം അല്ല. എന്നെപോലെ ഒരുപാട് സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ നേരിടുന്ന പ്രശ്നം ആണ്.

അമ്മയും, സഹോദരനും, 7 വയസ്സുള്ള എന്റെ മകളും അടങ്ങുന്നതാണ് എന്റെ കുടുംബം. സിനിമയുടെ മാര്‍ക്കറ്റിങ്ങും, പ്രൊമോഷനും ആണ് എന്റെ ജോലി. കൊവിഡ് വന്നതിനു ശേഷം ജോലി ഇല്ലാതെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെട്ട എനിക്ക് ഈ അടുത്താണ് സിനിമകള്‍ സജീവമായതോടെ വീണ്ടും ജോലി ചെയ്യാന്‍ സാധിച്ചത്. യാത്രകളും മീറ്റിങ്ങുകളും കഴിഞ്ഞ് തളര്‍ന്നു വീട്ടില്‍ എത്തുന്ന ഒരാള്‍ക്ക് സമൂഹത്തില്‍നിന്നും നേരിടേണ്ടി വന്ന ബിദ്ധിമുട്ട് ചെറുതല്ല.

പനമ്ബള്ളി നഗറില്‍ ഒരു ഫ്ലാറ്റില്‍ വാടകയ്ക്ക് ആണ് ഞാന്‍ താമസിക്കുന്നത്. വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവള്‍ സ്വന്തം കാലില്‍ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാന്‍ പറ്റാത്ത കുറേ ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവള്‍ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാന്‍ സമൂഹത്തില്‍ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം. സഹോദരനും, ഞാനും തമ്മില്‍ മോശമായ ബന്ധം ആണെന്നും... അത് സഹോദരന്‍ അല്ലെന്നും അവര്‍ ഒളിഞ്ഞും, മറഞ്ഞും പറഞ്ഞു. ഒന്നും വകവെക്കാതെ എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഞാന്‍ ആവുന്നത് പോലെ പിടിച്ച്‌ നിന്നു.

സിനിമയില്‍ ജോലി ചെയ്യുന്നത് കൊണ്ടു താമസ സ്ഥലം ഒഴിഞ്ഞു പോകാന്‍ പറഞ്ഞ് House Ownerന് മേല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി അറിയാന്‍ കഴിഞ്ഞു. പക്ഷേ ഞങ്ങളുടെ House Owner നാള്‍ ഇതു വരെ സഹകരിച്ചിട്ടെ ഉള്ളു. മനസികമായി പലതരത്തിലും ബുദ്ധിമുട്ട് എനിക്കും അദ്ദേഹത്തിനും ഉണ്ടാക്കി... പ്രായമായ എന്റെ അമ്മയുടെ ആരോഗ്യത്തെയും, ഏഴു വയസ്സുകാരിയായ എന്റെ മകളുടെ മനസ്സിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ജീവിതമാര്‍ഗ്ഗം തന്നെ വഴി മുട്ടി നില്‍ക്കുന്ന ഈ സമയത്തു ഇവരേം കൊണ്ടു ഞാന്‍ എങ്ങോട്ടു പോകാന്‍ ആണ്.

ഈ ഏപ്രില്‍ 12 ന് ഒരു മീറ്റിംഗ് കഴിഞ്ഞ് കാലടി ഒക്കലില്‍ നിന്നും 12.25 am (ഏപ്രില്‍ 13) ന് വന്ന എന്നെ ( Security യെ ഫോണില്‍ വിളിച്ചു അറിയിച്ചിട്ടും) ഉള്ളില്‍ കയറാന്‍ സമ്മതിക്കാതെ, സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായിരുന്നില്ല.. കാരണമായി പറഞ്ഞതു അസോസിയേഷന്‍ നിര്‍ദ്ദേശം ആണെന്നും (10 മണിയോടെ മെയിന്‍ ഗേറ്റും, 10.30 ഓടെ ബ്ലോക്ക് ഗേറ്റുകളും അടക്കുവാനുമാണ് അസോസിയേഷന്‍ തീരുമാനം), തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു എന്നും ആണ്. രാത്രി ഒരു മണിക്കൂറിലധികം ഒരു സ്ത്രീ നടുറോഡില്‍ നില്‍ക്കേണ്ടി വന്ന അവസ്ഥ. സ്ത്രീ സുരക്ഷക്ക് പേരുകേട്ട നമ്മുടെ കേരളത്തില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷ എന്ന് ഓര്‍ത്തു പോയ നിമിഷം.

അമ്മയെ ഫോണില്‍ വിളിച്ചു ബ്ലോക്ക് ഗേറ്റ് തുറന്നു മെയിന്‍ ഗെയ്റ്റില്‍ എത്തിയിട്ടും എന്നെ ഉള്ളില്‍ കയറ്റാന്‍ അവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഞാന്‍ പോലീസിനെ വിവരമറിയിച്ചു. അവര്‍ എത്തി ഗേറ്റ് തുറപ്പിച്ചു. എന്നെ ഉള്ളില്‍ കയറാന്‍ അനുവദിച്ചു. ജോലി ചെയ്തു കുടുംബം നോക്കുന്ന എന്നെപോലെയുള്ള സ്ത്രീകളോട് സമൂഹം കാണിക്കുന്നത് ഇതുപോലെയുള്ള നീതിക്കേടുകള്‍ ആണ്. ഇനിയും ഇതുപോലെ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ വേറെ വഴിയില്ലാതെ ഞാന്‍ DCP Aiswarya Mamനോട് പരാതിപ്പെട്ടു. ഇന്ന് ഏപ്രില്‍ 19 ന് തേവര പോലീസ് സ്റ്റേഷനില്‍ CI Sri. Sasidharan Pillai Sir ന്റെ സാന്നിധ്യത്തില്‍ എല്ലാവരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിച്ചു.

എന്നോട് മോശമായി പെരുമാറിയവരെ പിടിച്ച്‌ ജയിലില്‍ ഇടാന്‍ അല്ല ഞാന്‍ പരാതി നല്‍കിയത്. മറിച്ചു എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്തതാണ്.. ആരെയും ഉപദ്രവിക്കണം എന്ന് എനിക്കില്ല. എന്നെയും അതുപോലെ വെറുതെ വിട്ടേക്കണം.. പോലീസിന്റെ ഭാഗത്ത്‌ നിന്നും വളരെ നല്ല സഹകരണം ആണ് ഈ വിഷയത്തില്‍ ഉണ്ടായത്. തേവര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഈ വിഷയത്തില്‍ ഒരു സ്ത്രീയുടെ അഭിമാനം ഉയര്‍ത്തി പിടിക്കുന്ന കാര്യങ്ങള്‍ ആണ് ചെയ്തത്. വളരെ അധികം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്.

അന്ന് രാത്രി എന്നെ ഫ്ലാറ്റില്‍ കയറുവാന്‍ സഹായിച്ച കേരള പോലീസിനും Kerala Police (വന്നവരുടെ പേര് അറിയില്ല, ക്ഷമിക്കണം), എന്റെ പരാതി കേട്ടു വേണ്ടത് പോലെ ചെയ്ത Aishwarya Dongre DCP Aiswarya Dongare Mam, CI Sasidharan Pillai Sir, DCP ഓഫീസിലെ Jabbar Sir, CI ഓഫീസിലെ Priya Madam എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന ഒരു ഭരണാധികാരിയും Chief Minister's Office, Kerala, ഭരണകൂടവും Kerala Government ഇവിടെ ഉണ്ടെന്നുള്ള ഉറച്ച വിശ്വാസത്തില്‍ ആണ് എന്നെപോലെ ഉള്ള സാധാരണക്കാര്‍ ജീവിക്കുന്നത്‌. 

മാനസികമായി തകര്‍ന്നപ്പോഴും എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒരു സ്ത്രീക്കും ഇനി ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. എന്നെ പോലെ പ്രതികരിക്കാന്‍ സാധിക്കാതെ പോയ ഒരുപാട് സ്ത്രീകളുടെ ഒരു പ്രതിനിധി മാത്രം ആണ് ഞാന്‍...


Post a Comment

0 Comments