Flash News

6/recent/ticker-posts

സർക്കാറിന്​ തിരിച്ചടി; ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

Views


കൊച്ചി: ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. ഇഡിക്കെതിരായ അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.

പ്രധാനകേസ് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിക്കെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് അസാധാരണമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാറിനോ അതുമായി ബന്ധപ്പെട്ട പോലീസ് വകുപ്പിനോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ചോ സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ചോ കോടതി യാതൊന്നും പരാമർശിച്ചിട്ടില്ല.

വിധിക്ക് പിന്നാലെ ക്രൈംബ്രാഞ്ചിന് ചില നിർദ്ദേശങ്ങളും നൽകിയെന്നാണ് വിവരം. നിലവിൽ സംസ്ഥാന സർക്കാർ ഒരു കേന്ദ്ര ഏജൻസിക്കെതിരെ നടത്തിയ നടപടി ചട്ടവിരുദ്ധമാണ് എന്ന് കോടതി വ്യക്തമാക്കി. അതേസമയം ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ നടത്തിയെന്ന് പറയുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയിൽ മുദ്രവെച്ചകവറിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്.

ഉന്നതരിലേയ്ക്ക് ഇ.ഡി.യുടെ അന്വേഷണം എത്തുന്നത് തടയാനാണ് സംസ്ഥാന സർക്കാറിനായി ക്രൈംബ്രാഞ്ച് വഴിവിട്ട് കേസെടുക്കുന്നതെന്നും തങ്ങൾക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ് ക്രൈംബ്രാഞ്ചെന്നും ഇ.ഡി. കോടതിയിൽ വാദിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കള്ളക്കഥകൾ മെനയുകയാണെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപ് എവിടെയും പറഞ്ഞിട്ടില്ലെന്നും ക്രൈംബ്രാഞ്ച് മന:പൂർവ്വം തെറ്റിദ്ധാരണ പരത്തുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയുമാണെന്ന് കോടതിയിൽ പറഞ്ഞിരുന്നു. പരാതി കളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടിയെന്നും ഇ.ഡി ചൂണ്ടിക്കാണിച്ചിരുന്നു. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയാണെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചിരുന്നു.



Post a Comment

1 Comments

  1. കടുവയെ കിടുവക്ക്‌ പിടിക്കാൻ നിയമമില്ലാത്തതുകൊണ്ട് തൽക്കാലം അത് പാട്ടിൽ പാടിയാൽ മതി എന്ന് കോടതിയുടെ സുചിന്തിതവും പണ്ഡിതോചിതവുമായ വിധി. എല്ലാവിധ കുറ്റാന്വേഷണ ഏജൻസികളെയും ഉന്നത ന്യായാസനങ്ങളുടെ മേൽനോട്ടത്തിലും ഉത്തരവാദിത്തത്തിലും കൊണ്ടുവരണം . പോലീസിനെ ഭരിക്കാൻ രാഷ്ട്രീയത്തൊഴിലാളികളെ ഒരിക്കലും അനുവദിക്കരുത്. പോലീസിന്റെ മേൽ രാഷ്ട്രീയത്തൊഴിലാളികൾക്ക് ഇപ്പോഴുള്ള അധികാരവും നിയന്ത്രണങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന കാര്യം സുവിദിതമാണല്ലോ .

    ReplyDelete