Flash News

6/recent/ticker-posts

മഹാമാരിക്കാലം സര്‍ക്കാറിന് നിരുപാധിക പിന്തുണ,പ്രതിപക്ഷ സമീപനത്തില്‍ ചില മാറ്റം വരുത്തും:വി.ഡി.സതീശൻ

Views


കൊച്ചി;ജനം അധികാരത്തിലെത്തിയ സർക്കാരിനോട് വെല്ലുവിളികൾ നടത്തലോ ഭരിക്കാൻ അനുവദിക്കാതിരിക്കലോ അല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളെയും ആത്മാർഥമായി പിന്തുണയ്ക്കും. അതേസമയം, തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ ചൂണ്ടിക്കാണിക്കാൻ നിയമസഭയ്ക്ക് അകത്തെയും പുറത്തെയും വേദികൾ ഉപയോഗിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷം എന്ന നിലയിൽ പരമ്പരാഗതമായ സമീപനങ്ങൾക്കു ചില മാറ്റങ്ങളുണ്ടാകണം. അത് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം മാറുന്നതനുസരിച്ച് സമീപനങ്ങളിൽ മാറ്റമുണ്ടാകണം. പ്രവർത്തനരീതികളിൽ മാറ്റമുണ്ടാകണം. പുതിയ ദിശാബോധമുണ്ടാകണം. അത് ഈ കാലത്തിന് അനുസരിച്ച രീതിയിൽ, കേരളത്തിന്റെ പൊതുസസമൂഹം ആഗ്രഹിക്കുന്ന തരത്തിൽ മാറ്റമുണ്ടാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുകയാണ്.

ഈ മഹാമാരിയുടെ കാലത്ത് ഞങ്ങൾ സർക്കാരിനൊപ്പമുണ്ടാകും. ജനങ്ങൾ ആഗ്രഹിക്കുന്നത് എല്ലാ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്നുകൊണ്ട് ഈ മഹാമാരിയെ നേരിടണമെന്നാണ്. അതിനായി സർക്കാർ പ്രഖ്യാപിച്ച പ്രോട്ടോക്കോൾ പൂർണമായി നടപ്പാക്കുന്നതിന് യുഡിഎഫ് പരിശ്രമിക്കും. ഈ മഹാമാരിയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും നിരുപാധിക പിന്തുണ നൽകും.

രണ്ട് പ്രളയങ്ങൾക്കുശേഷമുള്ള ഈ മഹാമാരി സാമാന്യജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഏറ്റവും പാവപ്പെട്ടവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രീയ സംഘർഷത്തിനല്ല പോകേണ്ടത്, അവരെ ഏത് രീതിയിൽ സഹായിക്കാൻ കഴിയുമെന്ന സർക്കാരിനൊപ്പം നിന്ന് ആലോചിക്കും. ജനങ്ങൾക്കു പ്രതിസന്ധി ഉണ്ടാകുമ്പോൾ രാഷ്ട്രീയപാർട്ടികൾ പരമ്പരാഗതമായി ചെയ്യുന്നതുപോലെ തമ്മിലടിക്കുകയല്ല വേണ്ടത്. മറിച്ച് തങ്ങൾക്കുവേണ്ടി നിലകൊള്ളുകയാണെന്ന് ജനങ്ങളിൽ വിശ്വാസം ജനിപ്പിക്കുന്ന നടപടിയായിരിക്കും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ആദ്യമായി ഉണ്ടാവുന്നത്. ജനം ആഗ്രഹിക്കുന്ന തരത്തിൽ ഉയരാൻ പ്രതിപക്ഷം ഭംഗിയായി പരിശ്രമിക്കും.

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ചുമതല ഏൽപ്പിച്ച എഐസിസി നേതൃത്വത്തോട് നന്ദി അറിയിക്കുന്നു. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തുടങ്ങിയ മഹാരഥന്മാർ ഇരുന്ന കസേരയിൽ തന്നെ നിയോഗിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്.

എല്ലാ വെല്ലുവിളികളും എന്റെയും സഹപ്രവർത്തകരുടെയും മുന്നിലുണ്ട് എന്ന തികഞ്ഞ ബോധ്യമുണ്ട്. കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായ തിരിച്ചുവരവിലേക്കു നയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുകയാണ്.

ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ഈ സ്ഥാനത്തിന്റെ മഹത്വം നിലനിർത്തിക്കൊണ്ടു തന്നെ കേരളത്തിലെ ജനങ്ങളും യുഡിഎഫ പ്രവർത്തകരും ആഗ്രഹിക്കുന്ന രീതിയിൽ കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരാൻ എല്ലാ ഘടകകക്ഷികളുടെയും പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടുകൂടി കഴിയും എന്ന് ആത്മാർഥമായി വിശ്വസിക്കുന്നു.

ഒരുപക്ഷേ 1967ൽ ലേതിന് അടുത്തുനിൽക്കുന്ന പരാജയത്തിൽനിന്നു തിരിച്ചുകയറാൻ ആത്മവിശ്വാസം നൽകി, പ്രതീക്ഷ നൽകി കൊണ്ടുപോകാനുള്ള ശ്രമമായിരിക്കും ഇനിയുള്ള ദിവസങ്ങളിലെന്നും വി.ഡി.സതീശൻ പറഞ്ഞു.



Post a Comment

0 Comments