Flash News

6/recent/ticker-posts

വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് മികച്ച തീരുമാനം; മുസ്ലിംങ്ങളെല്ലാം മുസ്ലിം ലീഗുകാരല്ല’: വി അബ്ദുറഹ്മാൻ.

Views
വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് മികച്ച തീരുമാനം; മുസ്ലിംങ്ങളെല്ലാം മുസ്ലിം ലീഗുകാരല്ല’: വി അബ്ദുറഹ്മാൻ.

മുസ്ലിങ്ങളെല്ലാം മുസ്ലിം ലീഗുകാരാണെന്നത് തെറ്റിദ്ധാരണയാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ന്യൂനപക്ഷ വകുപ്പ് തനിക്ക് നല്‍കിയ ശേഷം തിരിച്ചെടുക്കുകയായിരുന്നെ വാര്‍ത്തകളെയും അബ്ദുറഹ്മാന്‍ തള്ളി. ന്യൂനപക്ഷ വകുപ്പ് തനിക്ക് നല്‍കിയിരുന്നതായി വിവരമില്ലെന്നും മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് മികച്ച തീരുമാനമാണെന്നും മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായതെല്ലാം ലഭിക്കുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിനെതിരെ അനാവശ്യ വിവാദങ്ങളുയര്‍ത്തിയതിന്റെ ഫലമാണ് ഭരണത്തുടര്‍ച്ചയുണ്ടായത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ വിവാദങ്ങളുണ്ടാക്കുന്നവര്‍ അതാലോചിച്ചാല്‍ നല്ലതാണെന്നും വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് മികച്ച പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കായിക മേഖലയ്ക്ക് മികച്ച സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കായിക താരങ്ങള്‍ക്ക് അവഗണന നേരിടുന്നെന്ന പ്രചാരണമൊക്കെ അടിസ്ഥാനരഹിതമാണെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീംജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തതായാണ് ഞാന്‍ കണ്ടത്. എതിര്‍ത്തത് ഞാന്‍ കണ്ടിട്ടില്ല. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലീം ജനവിഭാഗത്തിന്റെ കാര്യം പറഞ്ഞാല്‍ അവര്‍ ന്യൂനപക്ഷ വിഭാഗമാണ്. അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്, ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. മുസ്ലീം ലീഗിന് അല്ല മുസ്ലീം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളൂ. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് പൊതുവില്‍ തീരുമാനിച്ചതാണ്. നേരത്തെ കെടി ജലീല്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്ത വകുപ്പാണിത്. ഫലപ്രദമായി തന്നെ കാര്യങ്ങള്‍ നീക്കിയിരുന്നു. വകുപ്പിനെക്കുറിച്ച് പരാതികളെ ഉണ്ടായിട്ടില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തു വന്നിരുന്നു. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കുന്നതാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞാണ് തിരിച്ചെടുക്കുന്നത്. അത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണ്. അതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


Post a Comment

1 Comments

  1. അതെയതെ , മുസ്ലിംകളെല്ലാവരും മുസ്ലിം ലീഗുകാരല്ല . അതുകൊണ്ടാണല്ലോ കോടാലിക്കൈകളായി ചിലരെ മുസ്ലിംകളിൽനിന്ന് തന്നെ മുസ്ലിംകളുടെ രാഷ്ട്രീയശത്രുക്കൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് .

    ReplyDelete