Flash News

6/recent/ticker-posts

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾക്കെതിരേ പ്രതിഷേധം പുകയുന്നു.

Views
ലക്ഷദ്വീപ് പുകയുന്നു; അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധം

*ബേപ്പൂർ*: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾക്കെതിരേ പ്രതിഷേധം പുകയുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകൾ പൂട്ടുക തുടങ്ങിയ നടപടികൾക്കെതിരേയാണ് പ്രതിഷേധം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ കെ. പട്ടേൽ 2020 ഡിസംബറിലാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതൽ പട്ടേലിന്റെ തീരുമാനങ്ങൾ വിവാദമായി. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 200 ഹൈസ്കൂൾ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാർഥികളെ അടിച്ചമർത്തി. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാർത്താപോർട്ടൽ വിലക്കി. ഗുണ്ടാ നിയമം നടപ്പാക്കി.

ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുകയും ചെയ്തു. ടൂറിസം വകുപ്പിൽനിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീൻപിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകൾ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കിൽ ലേലംചെയ്ത് വിൽക്കാനാണ് ഉത്തരവ്. ദ്വീപിലേക്കുള്ള പാൽ ഉത്പന്നങ്ങളുമായി ഗുജറാത്തിൽനിന്ന് കപ്പൽ പുറപ്പെട്ടതായാണ് പറയുന്നത്.

ബേപ്പൂർ തുറമുഖംവഴിയാണ് ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം ഏറിയകൂറും നടന്നുവരുന്നത്. ഇത് റദ്ദാക്കാനും മംഗളൂരു തുറമുഖം വഴി ചരക്ക് കയറ്റിറക്ക് തുടരാനും ടെൻഡർ വിളിക്കാൻ ദ്വീപ് തുറമുഖാധികൃതരോട് കല്പിച്ചു. ബേപ്പൂർ തുറമുഖം വഴി ദ്വീപിലേക്ക് കന്നുകാലികളെ കയറ്റുന്നത് നിരോധിക്കുന്ന കരട് നിയമമുണ്ടാക്കി.

കോവിഡിന്റെ ഒന്നാംതരംഗത്തിൽ ഒറ്റ കോവിഡ് രോഗി പോലുമില്ലാതിരുന്ന ലക്ഷ്വദീപിൽ രണ്ടാം തരംഗത്തോടെ ആയിരത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 13 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ദ്വീപ് ഭരണകൂടത്തിൽനിന്നു കോവിഡ് പ്രതിരോധത്തിന് മതിയായ സഹായം കിട്ടാതെ വന്നപ്പോൾ കഴിഞ്ഞമാസം ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി. പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതോടെ കോവിഡ് പ്രോട്ടോകോൾ കർശനമല്ലാതായെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേട്ടർ ശ്രീ. പ്രഫുൽ പട്ടേൽ അദ്ദേഹത്തിന് തോന്നിയത് തോന്നിയപോലെ ചെയ്യുകയാണെന്നാണ് വാർത്ത വായിച്ചാൽ തോന്നുക . എന്നാൽ സംഗതി അങ്ങനെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും വിശ്വസിക്കാൻ കഴിയില്ല . അദ്ദേഹത്തെ നിയമിച്ച കേന്ദ്രസർക്കാറിന്റെ അന്നന്നത്തെ നിർദ്ദേശം അനുസരിച്ചു അദ്ദേഹം പ്രവർത്തിക്കുന്നുവെന്നേ കരുതാനാകൂ . അപ്പോൾ അഡ്മിനിസ്ട്രെറ്റർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന കേന്ദ്രസർക്കാറിന്റെ പദ്ധതികളാണ് അഡ്മിനിസ്ട്രെറ്റർ നടപ്പിലാക്കുന്നത്. എറിഞ്ഞവനെ വിട്ടു കല്ലിനെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ ഈ അഡ്മിനിസ്ട്രെട്ടർക്കു എതിരായി സംസാരിക്കുന്നതു ?.

    ReplyDelete