Flash News

6/recent/ticker-posts

സതീശന് വഴിതുറന്നത് രാഹുലിന്റെ നിലപാട്; അടുത്തത് അധ്യക്ഷനും കൺവീനറും.

Views


കോൺഗ്രസിലെ പ്രമുഖരായ ഗ്രൂപ്പുനേതാക്കൾ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശന് തുണയായത് രാഹുൽഗാന്ധിയുടെ നിലപാട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപിന്നാലെ പോകാവുന്ന അവസ്ഥയിലല്ല സംസ്ഥാനത്തെ കോൺഗ്രസെന്നും പ്രവർത്തകരുടെയും ജനങ്ങളുടെയും പൊതുവികാരം മനസ്സിലാക്കിയാവണം തീരുമാനമെന്നും കേന്ദ്രനേതാക്കൾക്ക് രാഹുൽ നിർദേശം നൽകി. ഇതോടെ ചെന്നിത്തലയുടെ സാധ്യത അടഞ്ഞു.

നേതാക്കളുടെ അഭിപ്രായമറിയാൻ കേരളത്തിലെത്തിയ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും ചൊവ്വാഴ്ചരാത്രിതന്നെ സോണിയാഗാന്ധിക്ക് വിശദീകരണം നൽകിയിരുന്നു. വ്യാഴാഴ്ചരാത്രി റിപ്പോർട്ടും നൽകി. മാറ്റത്തിന് അനുകൂലമാണ് പാർട്ടിയിൽ നല്ലൊരു ഭാഗം എന്നായിരുന്നു ഖാർഗെയുടെ കണ്ടെത്തൽ. 21 എം.എൽ.എ.മാരുള്ള കോൺഗ്രസിൽ ഇരുഗ്രൂപ്പുകളും ചെന്നിത്തലയെ പിന്തുണയ്ക്കാനാണ് പൊതുതീരുമാനം കൈക്കൊണ്ടിരുന്നത്. ഖാർഗെയെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടപ്പോൾ ഉമ്മൻചാണ്ടി ഉൾപ്പെടെ എ ഗ്രൂപ്പിലെ നാലുപേരും ഐ ഗ്രൂപ്പിലെ അഞ്ചുപേരും ചെന്നിത്തലയെ പിന്തുണച്ചു. ചെന്നിത്തല തുടരുന്നതിൽ എതിർപ്പില്ലാതിരുന്ന എ ഗ്രൂപ്പിലെ മൂന്ന് യുവ എം.എൽ.എ.മാർ മാറ്റത്തിനെയും അനുകൂലിച്ചു. ഇവർക്കൊപ്പം ഐ ഗ്രൂപ്പിലെ ബാക്കി ഏഴുപേരും മാറ്റംവേണമെന്ന് ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ രണ്ടുപേർ സ്വന്തം പേരുകളും പറഞ്ഞു. ചെന്നിത്തലയ്ക്കൊപ്പം കൂടുതൽ പേരുണ്ടായെങ്കിലും ഈ സാങ്കേതികത്വത്തിലൂന്നിയാണ് മാറ്റംവേണമെന്ന റിപ്പോർട്ട് ഖാർഗെ അതരിപ്പിച്ചത്.

സതീശനെ വെള്ളിയാഴ്ച ഉച്ചയോടെ പ്രഖ്യാപിക്കാനിരുന്നെങ്കിലും രാജീവ് ഗാന്ധിയുടെ ചരമവാർഷികദിനമായതിനാൽ ചർച്ച വൈകി. അന്തിമ തീരുമാനം കൈക്കൊള്ളാൻ സോണിയാഗാന്ധിയാണ് രാഹുലിനോട് ആവശ്യപ്പെട്ടത്. നേതൃമാറ്റം വേണമെന്നായിരുന്നു സംഘടനാചുമതയുള്ള എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും നിലപാട്. കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്താവണം തീരുമാനമെന്ന് എ.കെ. ആന്റണിയും അറിയിച്ചു. ഇരുവരുടെയും അഭിപ്രായംകൂടി കേട്ടതോടെ ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കാൻ ശനിയാഴ്ച രാവിലെ രാഹുൽ ഖാർഗെയോട് നിർദേശിച്ചു.

*പിന്നാലെ സമഗ്ര അഴിച്ചുപണി*

സംഘടനയിലും സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങുകയാണ് കേന്ദ്രനേതൃത്വം. കെ.പി.സി.സി. അധ്യക്ഷൻ, യു.ഡി.എഫ്. കൺവീനർ സ്ഥാനങ്ങളാവും ആദ്യം മാറുക. കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനായും പി.ടി. തോമസിനെയും കെ. മുരളീധരനെയും യു.ഡി.എഫ്. കൺവീനറായും നിലവിൽ വലിയവിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. അശോക് ചവാൻ അധ്യക്ഷനായ സമിതി കേരള നേതാക്കളുമായി സംസാരിച്ച് റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാവൂ.

ചവാൻ ചെയർമാനും സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച്. പാല, ജ്യോതിമണി എന്നിവരും അംഗങ്ങളായ സമിതിയെ മേയ് 12-നാണ് ഹൈക്കമാൻഡ് അഞ്ചുസംസ്ഥാനങ്ങളിലെ തോൽവി പഠിക്കാൻ നിശ്ചയിച്ചത്. പുതുച്ചേരി, അസം സംസ്ഥാനങ്ങളിൽ സമിതി വീഡിയോ കോൺഫറൻസിലൂടെ തെളിവെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. സ്വാർത്ഥതാല്പര്യക്കാർ അടച്ചിട്ട് പൂട്ടിവെച്ചിട്ടുള്ള അത്തരം അനേകം വഴികളുണ്ട് കോൺഗ്രെസ്സിലും ലീഗിലും . ഏതെങ്കിലും തരത്തിൽ കഴിവുള്ള ഒരാൾ ഈ പാർട്ടികളുടെ മുറ്റത്തുകൂടി വഴിനടക്കുന്നതുപോലും ആ പാർട്ടിയിൽ നിലവിലുള്ള നേതാക്കന്മാർക്ക് പേടിയാണ് . അവനെങ്ങാനും ഈ പാർട്ടിയിൽ കയറി ഇപ്പോഴുള്ള നേതാക്കളുടെ ഔദ്യോഗികസ്ഥാനം കയ്യേറുമോ എന്ന പേടി . പാർട്ടിയിലേക്ക് പുതിയ ആളുകൾ കയറിവരുന്നത് നിലവിലുള്ള നേതാക്കൾ പ്രോത്സാപ്പിക്കുന്നില്ലെന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു . നിലവിലുള്ള നേതാക്കളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയമാണ്. പിന്നെങ്ങനെ പാർട്ടി വളരും ?. ബൂത്ത്‌തലം മുതൽ പുതിയ ആളുകളെ പാർട്ടിയിൽ ചേർത്ത് മെമ്പർഷിപ് കൊടുക്കണം . അവർക്കു സ്ഥിരമായി രാഷ്ട്രീയ മായ കാഴ്ചപ്പാടുകളെപ്പറ്റിയും പ്രവർത്തനരീതികളെപ്പറ്റിയും ക്ലാസ്സുകൾ കൊടുക്കണം . ഏതൊരു പ്രതിസന്ധിഘട്ടത്തിനെയും നേരിടാൻ പാർട്ടിമെമ്പർമാരെ സന്നദ്ധരാക്കി നിറുത്തണം . വോട്ടെടുപ്പിന്റെ രണ്ടു ദിവസം മുമ്പ് റോട്ടിലിറങ്ങി "കോൺഗ്രെസ്സിവിടെ ഉണ്ടേയ് , ഞങ്ങൾക്ക് വോട്ടു ചെയ്യണേയ് , UDF നെ ജയിപ്പിക്കണേ " എന്നിങ്ങനെ വിളിച്ചു കൂവി ട്രാഫിക് തടസ്സം സൃഷ്ടിച്ചാൽ പോരാ . അത്തരം രാഷ്ട്രീയപ്രവർത്തനം ഇനിയങ്ങോട്ട് ഏശുമെന്നും തോന്നുന്നില്ല . കാലം മാറുകയാണ് , ജനങ്ങളും .

    ReplyDelete